Asianet News MalayalamAsianet News Malayalam

ജുഡിഷ്യല്‍ കസ്റ്റഡിയില്‍ 4 കിലോ ഭാരം കുറഞ്ഞു; ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടികാട്ടി ചിദംബരത്തിന്‍റെ ഹര്‍ജി

ജാമ്യമില്ലെങ്കില്‍ വീട്ടിലെ ആഹാരം ലഭിക്കാനുള്ള അവസരം കൂടിയാണ് ചിദംബരം ഹര്‍ജിയിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്

p chidambaram bail plea details
Author
New Delhi, First Published Oct 3, 2019, 4:43 PM IST

ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്‍റെ ജാമ്യഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത്. വലിയ ആരോഗ്യപ്രശ്നമുണ്ടെന്ന്ചൂണ്ടികാട്ടുന്ന ഹര്‍ജിയില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഭാരം കുറഞ്ഞതടക്കം ചിദംബരം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കസ്റ്റഡി കാലാവധിയില്‍ 4 കിലോയോളം ഭാരം കുറഞ്ഞെന്നാണ് ചിദംബരം പറയുന്നത്.

വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരം ജയിലില്‍ ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യമില്ലെങ്കില്‍ വീട്ടിലെ ആഹാരം ലഭിക്കാനുള്ള അവസരം കൂടിയാണ് ചിദംബരം ഹര്‍ജിയിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സെപ്തംബര്‍ 5 മുതല്‍ തിഹാര്‍ ജയിലിലാണ് മുന്‍ ധനകാര്യമന്ത്രികൂടിയായ ചിദംബരം. ഐഎന്‍എക്സ് മീഡിയാ കേസില്‍ ഓഗസ്റ്റ് 21നാണ് സി ബി ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. 74കാരനായ ചിദംബരത്തിന് സെല്ലില്‍ തലയിണയോ കസേരയോ ഇല്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. ഇത് ചിദംബരത്തിന് പുറംവേദന കൂട്ടുന്നുണ്ടെന്നുമുള്ള അഭിഭാഷകന്‍റെ വാദം കോടതി തള്ളുകയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്ന് വരെ നീട്ടുകയുമായിരുന്നു.

2007ല്‍, ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടിയുടെ ഇടപാടിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന കേസിലാണ് പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നായിരുന്നു അറസ്റ്റ്. എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios