Asianet News MalayalamAsianet News Malayalam

ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് ജാമ്യം

സിബിഐയുടെ കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും ചിദംബരത്തിന്‍റെ ജയിൽ മോചനം ഉടനെ സാധ്യമാകില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലാണ് നിലവിൽ ചിദംബരം.

P CHIDAMBRAM GRANTED BAIL IN INX MEDIA CASE BY SUPREME COURT
Author
Delhi, First Published Oct 22, 2019, 11:06 AM IST

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അമ്പത് ദിവസത്തിലധികമായി സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ തീഹ‌ാ‌ർ ജയിലിൽ കഴിഞ്ഞ് വരുകയാണ് പി ചിദംബരം. ചിദംബരത്തിന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ദില്ലി ഹൈക്കോടതിയുടെ സെപ്റ്റംബർ 30ലെ വിധി ചോദ്യം ചെയ്ത് കൊണ്ടുള്ള അപ്പീലാണ് സുപ്രീം കോടതി അനുവദിച്ചത്. സിബിഐയുടെ കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും ചിദംബരത്തിന്‍റെ ജയിൽ മോചനം ഉടനെ സാധ്യമാകില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലാണ് നിലവിൽ ചിദംബരം.

ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന  സിബിഐ വാദം കോടതി തള്ളുകയായിരുന്നു. നേരത്തെ കേസിൽ മുൻകൂർ ജാമ്യത്തിന് ചിദംബരം കോടതിയെ സമീപിച്ചപ്പോൾ ചിദംബരം പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും സിബിഐ വാദിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഓ​ഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 5ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് മാറ്റി. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്  ഐഎൻഎക്സ് മീഡിയ. 

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അർഹതയുള്ളൂ. എന്നാൽ ഇത് ലംഘിച്ച് 305 കോടി രൂപ കമ്പനി വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നാണ് കേസ്. ഇതിലെ കള്ളപ്പണ ഇടപാടിലാണ്  ഇഡി അന്വേഷണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. 

Follow Us:
Download App:
  • android
  • ios