Asianet News MalayalamAsianet News Malayalam

'റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാക്കണം'; അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുൻപിൽ പോസ്റ്ററുകൾ

ഗൌരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിന് മുൻപിലാണ് വദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

posters demanding candidature of robert vadra in amethi
Author
First Published Apr 24, 2024, 1:11 PM IST

ലക്നൌ: റോബർട്ട് വദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകള്‍. ഗൌരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിന് മുൻപിലാണ്  വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ വദ്രയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി നേരത്തെ വദ്ര വ്യക്തമാക്കിയിരുന്നു.

ഗാന്ധി കുടുംബത്തിൽ നിന്ന് ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണെന്നും വദ്ര നേരത്തെ അഭിപ്രായപ്പെടുന്നു. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.  

'ബിജെപി എന്നെയും എൻറെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയ പ്രതികാരമാണെന്ന് ജനം കാണുന്നുണ്ട്. അതിനാൽ ഞാൻ രാഷ്ട്രീയത്തിൽ നിൽക്കുകയാണെങ്കിൽ ഇതൊക്കെ പാർലമെൻറിലും തെരുവിലും ഒക്കെ നേരിടാൻ കഴിയും എന്ന് അവർ കരുതുന്നത്. അതിനാൽ എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനാവും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഈ കുടുംബത്തിൽ നിന്ന് ബിസിനസ് ചെയ്യുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിൽ ഇറങ്ങുന്നതാണ്.ഇതുവരെ ഞാൻ മാറിനിന്നു. എന്നാൽ പല രാഷ്ട്രീയക്കാരും ചേർന്ന് എന്നെ ഇതിലേക്ക് തള്ളിയിട്ടിരിക്കുകയാണ്'.

അതേസമയം അമേഠിയില്‍ മത്സരിക്കണമെന്ന റോബര്‍ട്ട് വദ്രയുടെ ആവശ്യം നേരത്തെ കോണ്‍ഗ്രസ് തള്ളിയിരുന്നു. കുടുംബ പാര്‍ട്ടിയെന്ന മോദിയുടെ പരിഹാസത്തിന് ആക്കം കൂട്ടുമെന്ന വിലയിരുത്തൽ കോണ്‍ഗ്രസിനുള്ളിലുണ്ടായി. അതേസമയം അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുലിനെയോ പ്രിയങ്കയെയോ മത്സരിപ്പിക്കാൻ കോണ്‍ഗ്രസിൽ നീക്കമുണ്ട്. അതിനിടെയാണ് വദ്രയെ മത്സരിപ്പിക്കണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചുവെന്ന് റോബർട്ട് വദ്ര, അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നു

അതിനിടെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു.അളിയൻ സീറ്റിൽ നോട്ടമിട്ടതോടെ രാഹുലിന് പേടിയായി. മറ്റാളുകൾ കൈവശപ്പെടുത്താതിരിക്കാൻ ബസിലെ സീറ്റിൽ ചിലർ തൂവാല ഇട്ടിട്ട് പോകുന്നത് പോലെയാണ് രാഹുൽ അമേഠി സീറ്റ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു. രാഹുല്‍ ഗാന്ധിയെ കടാന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അമേഠിയില്‍ നിന്ന് രാഹുല്‍ ഓടിയൊളിച്ചുവെന്നും കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കുമെന്നും മോദി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios