Asianet News MalayalamAsianet News Malayalam

പൊള്ളാച്ചി പീഡനക്കേസ്; തമിഴ്‍നാട്ടിൽ പ്രതിഷേധം തുടരുന്നു

പ്രതികള്‍ക്ക് അണ്ണാഡിഎംകെ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണം ഡിഎംകെയ്ക്ക് പുറമേ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുകയാണ്. ആരോപണവിധേയരായ മന്ത്രി എസ്പി വേലുമണി, പൊള്ളാച്ചി എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കളെ തമിഴ്നാട് വനിതാ കമ്മീഷന്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. 

protests in tamilnadu demanding action against culprits of pollachi molestation case
Author
Chennai, First Published Mar 16, 2019, 8:25 AM IST

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു. ആരോപണവിധേയരായ എംഎല്‍എമാരുടെ മക്കളെ ചോദ്യം ചെയ്യാനുള്ള നടപടി വനിതാകമ്മീഷന്‍ തുടങ്ങി. അതേസമയം സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

വ്യാജ ഫെയ്‍സ്ബുക്ക് പ്രൊഫൈലുകളിലൂടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതികള്‍ക്ക് അണ്ണാഡിഎംകെ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണം ഡിഎംകെയ്ക്ക് പുറമേ കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുകയാണ്. ആരോപണവിധേയരായ മന്ത്രി എസ്പി വേലുമണി, പൊള്ളാച്ചി എംഎല്‍എ എന്‍ ജയരാമന്‍ എന്നിവരുടെ മക്കളെ തമിഴ്നാട് വനിതാ കമ്മീഷന്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. 

പരാതി നല്‍കിയ പെണ്‍കുട്ടിയുടെ കുടുംബത്തെ അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടി. കേസ് സിബിഐക്ക് കൈമാറിയുള്ള ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവില്‍ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചത് വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. 

പെണ്‍കുട്ടികളെ പൂട്ടിയിട്ട് പീഡിപ്പിച്ച ആനമലയിലെ ഫാം ഹൗസിലെത്തി സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പ്രതികളുടെ വീടുകളില്‍ നടത്തിയ തിരച്ചിലില്‍ ചില പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്ക്കുകളും കണ്ടെത്തി. പ്രതികളുടെ പക്കല്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 

ഇതിനിടെ അടിസ്ഥാനരഹിത ആരോപണം പ്രചരിപ്പിക്കുന്നുവെന്ന ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എം കെ സ്റ്റാലിന്‍റെ മരുമകന്‍ ശബരീശനെതിരെ പൊലീസ് കേസെടുത്തു. മധുര കോയമ്പത്തൂര്‍ തഞ്ചാവൂര്‍ ഉദുമല്‍പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ റോഡ് ഉപരോധിച്ചു. കോയമ്പത്തൂര്‍ ഡിണ്ടിഗല്‍ ദേശീയപാത ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി.

Follow Us:
Download App:
  • android
  • ios