Asianet News MalayalamAsianet News Malayalam

പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ രാഹുൽ ​ഗാന്ധിയുടെ ഹെലികോപ്ടറിൽ പരിശോധന, രൂക്ഷവിമർശനം

മൈസൂരിൽ നിന്നും രാഹുൽ  പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചത്.

Rahul Gandhi's Helicopter Checked By Election Officials
Author
First Published Apr 15, 2024, 2:10 PM IST

കോയമ്പത്തൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച പരിശോധന നടത്തി. നീല​ഗിരി താളൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലാണ് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ വന്നിറങ്ങിയത്. ഇവിടെവെച്ചായിരുന്നു പരിശോധന. ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം ഫ്‌ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയതായി തമിഴ്നാ‌ട് പൊലീസ് അറിയിച്ചു. രാഹുൽ ​ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രയിലായിരുന്നു രാഹുൽ ഗാന്ധി. തമിഴ്നാട്ടിലും അദ്ദേഹം പ്രചാരണം നടത്തിയിരുന്നു.

മൈസൂരിൽ നിന്നും രാഹുൽ  പ്രചാരണത്തിന് എത്തിയ ഹെലികോപ്റ്ററാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പരിശോധിച്ചത്. കാത്തുനിന്ന ഉദ്യോഗസ്ഥർ, രാഹുൽ  ഇറങ്ങിയതിന് പിന്നാലെ  ഹെലികോപ്റ്റർ പരിശോധിക്കുകയായിരുന്നു. അനധികൃതമായി പണം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ ആണ് പരിശോധന നടത്തിയത് എന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥരുടെ നടപടിയെ കോൺ​ഗ്രസ് നേതാക്കൾ വിമർശിച്ചു. നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെ‌യോ ഹെലികോപ്ടറുകളിൽ ഇതുപോലെ പരിശോധന നടത്തുമോയെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. 

കഴിഞ്ഞ ദിവസം തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ പ്രചാരണത്തിനായി തയാറാക്കിയ ഹെലികോപ്റ്റർ  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മേഷനും ചില കേന്ദ്ര ഏജനസികളും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നതായി ടിഎംസി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്  രാഹുലിന്റെ ഹെലികോപ്റ്ററിൽ പരിശോധന നടത്തുന്നത്. 

തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ഹെലികോപ്ടർ ആദായനികുതി വകുപ്പ് പരിശോധിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ടിഎംസി പരാതി. അധികാര ദുർവിനിയോഗമെന്ന് ആരോപിച്ചാണ് തൃണമൂല്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ടിഎംസി ആവശ്യപ്പെട്ടു. ഇന്നലെയാണ് മമത ബാനർജിയുടെ അനന്തിരവന്‍ കൂടിയായ അഭിഷേക് ബാനർജിയുടെ ഹെലികോപ്ടർ ആദായ നികുതി വകുപ്പ് പരിശോധിച്ചത്. എടുത്ത ദൃശ്യങ്ങള്‍ അധികൃതർ ബലംപ്രയോഗിച്ച് മായിപ്പിച്ചതായും ടിഎംസി ആരോിപിച്ചിരുന്നു. 

Read More... ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടക്കുന്നു, ചീഫ് ജസ്റ്റിസിന് കത്തെഴുതി മുൻ ജഡ്ജിമാർ

അതേസമയം, രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി. സുൽത്താൻ ബത്തേരിയിൽ രാഹുൽഗാന്ധി റോഡ് ഷോ നടത്തി, പ്രവർത്തകരെ അഭിവാദ്യം ചെയ്തു.  സുല്‍ത്താൻ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്. 

Follow Us:
Download App:
  • android
  • ios