Asianet News MalayalamAsianet News Malayalam

'ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ ലോകവ്യാപകമായി നീക്കം ചെയ്യണം'; സമൂഹമാധ്യമങ്ങളോട് കോടതി

79(3)(ബി) വകുപ്പ് പ്രകാരം അപകീര്‍ത്തികരമായതും തെറ്റായതുമായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നതിന് അര്‍ത്ഥം, ഇന്ത്യയില്‍ മാത്രമല്ല എല്ലായിടത്തുമാണെന്നും കോടതി നിരീക്ഷിച്ചു.

remove defamatory content against Baba Ramdev: Delhi court
Author
New Delhi, First Published Oct 23, 2019, 10:49 PM IST

ദില്ലി: ബാബാ രാംദേവിനെ അപകീര്‍ത്തിപ്പെടുന്ന വീഡിയോ നീക്കം ചെയ്യാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് ദില്ലി ഹൈക്കോടതിയുടെ നിര്‍ദേശം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍, യൂ ട്യൂബ് അധികൃതര്‍ക്കാണ് ദില്ലി ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.  ജസ്റ്റിസ് പ്രതിഭ എം സിംഗാണ് നിര്‍ദേശം നല്‍കിയത്.

അപകീര്‍ത്തികരമായ പോസ്റ്റുകള്‍ക്ക് ജിയോ ബ്ലോക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ആലോചിക്കണം. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം അപകീര്‍ത്തി ഉള്ളടക്കള്‍ തടയണം. തെറ്റായ വിവരങ്ങളും അപകീര്‍ത്തിപ്പെടുത്തുന്ന വിവരങ്ങളും ആര്‍ക്കും ലഭ്യമാകരുത്. ഇതിനുള്ള ഉത്തരവാദിത്തം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കാണെന്നുംജഡ്ജി വ്യക്തമാക്കി.

സാങ്കേതിക വിദ്യയും നിയമവും തമ്മിലുള്ള അന്തരം വലിയതാണ്. നിയമം ആമയുടെ വേഗത്തില്‍ പോകുമ്പോള്‍  സാങ്കേതിക വിദ്യ കുതിച്ച് പായുകയാണ്. ഐടി നിയമത്തിലെ വകുപ്പുകള്‍ കോടതി ഉത്തരവുകള്‍ ഉറപ്പുവരുത്തി ഫലവത്താക്കണമെന്നും കോടതി വ്യക്തമാക്കി. 79(3)(ബി) വകുപ്പ് പ്രകാരം അപകീര്‍ത്തികരമായതും തെറ്റായതുമായ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നതിന് അര്‍ത്ഥം, ഇന്ത്യയില്‍ മാത്രമല്ല എല്ലായിടത്തുമാണെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം വിവരങ്ങളുടെ ഉത്ഭവ സ്ഥാനത്തുനിന്നു തന്നെ നീക്കം ചെയ്യണം. ഇന്ത്യയില്‍ നിന്നുള്ള കമ്പ്യൂട്ടറില്‍നിന്ന് പ്രചരിച്ച ഇത്തരം പോസ്റ്റുകള്‍ക്ക് ആഗോളതലത്തില്‍ നീക്കം ചെയ്യണം. ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് കോടതിയുടെ ഇടപെടല്‍. ഗോഡ്മാന്‍ ടു ടൈക്കൂണ്‍ എന്ന പുസ്തകത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെന്നും ഇത് വീഡിയോ ആയും മറ്റ് രൂപത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണെന്നും രാം ദേവ് പരാതിയില്‍ പറയുന്നു. 

അതേസമയം, ഇന്ത്യയില്‍ പ്രചരിക്കുന്ന അപകീര്‍ത്തി ഉള്ളടക്കം തടയാന്‍ നടപടി സ്വീകരിക്കുമെന്ന് സോഷ്യല്‍മീഡിയ അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പ്രചരിക്കുന്ന യുആര്‍എല്‍ നിരോധിക്കും. എന്നാല്‍, ലോകത്താകമാനം തടയണമെന്ന നിര്‍ദേശത്തെ അവര്‍ എതിര്‍ത്തു. നേരത്തെ വിവാദമായ പുസ്തകത്തിനെതിരെയും ബാബാ രാംദേവ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപകീര്‍ത്തികരമായ ഭാഗം ഒഴിവാക്കിയ ശേഷം പുസ്തകം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നായിരുന്നു കോടതിയുടെ ഉത്തരവ്. 

Follow Us:
Download App:
  • android
  • ios