Asianet News MalayalamAsianet News Malayalam

അയോധ്യ കേസിലെ വിധി പ്രഖ്യാപനം: വിധി എന്തായാലും അംഗീകരിക്കണമെന്ന് പ്രവര്‍ത്തകരോട് ആര്‍എസ്എസ്

വിധി ഏതു രീതിയിലായാലും പ്രവര്‍ത്തകരെ കര്‍ശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തില്‍ മുന്നോട്ട് നീങ്ങാനും യോഗം തീരുമാനിച്ചു. 

rss calls to maintain peace in the background of ayodhya case verdict
Author
Delhi, First Published Nov 1, 2019, 6:25 PM IST

ദില്ലി: അയോധ്യ കേസിലെ അന്തിമ വിധി സുപ്രീംകോടതി ഏതാനും ദിവസത്തിനകം പ്രഖ്യാപിക്കാനിരിക്കെ രാജ്യത്ത് സമാധനാന്തരീക്ഷം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം കീഴ്ഘടകങ്ങളോട് നിര്‍ദേശിച്ചു. ദില്ലിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗതിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗം അയോധ്യയിലെ വിധി എന്തായാലും രാജ്യത്തെ സമുദായിക സൗഹാര്‍ദ്ദത്തേയും പൊതു അന്തരീക്ഷത്തേയും ബാധിക്കാതെ സൂക്ഷിക്കണമെന്ന് പൊതുവികാരമാണ് പങ്കുവച്ചത്. 

വിധി ഏതു രീതിയാലും പ്രവര്‍ത്തകരെ കര്‍ശനമായി നിയന്ത്രിക്കാനും ഇതരസമുദായങ്ങളെ പ്രകോപിപ്പിക്കാത്ത തരത്തില്‍ മുന്നോട്ട് നീങ്ങാനും യോഗത്തില്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വം സജീവമായി ഇടപെടും. അയോധ്യ കേസിലെ വിധി രാജ്യത്തെ പൗരന്‍മാരില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിക്കുമെങ്കിലും എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും ഇതരസമുദായങ്ങളുടെ വികാരത്തെ ആരും ഹനിക്കാന്‍ ശ്രമിക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു. 

ആര്‍എസ്എസിന്‍റെ മുതിര്‍ന്ന നേതാക്കളായ സുരേഷ് ഭയ്യാജി, ദത്താത്രേയ ഹൊസബല്ലെ, മന്‍മോഹന്‍ വൈദ്യ, വിഎച്ച്പി നേതാക്കളായ ജസ്റ്റിസ് വിഎസ് കൊക്കജെ, അലോക് കുമാര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കുചേര്‍ന്നു ബുധനാഴ്ച ആരംഭിച്ച യോഗത്തിന്‍റെ ആദ്യദിനത്തില്‍ അഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായും പങ്കെടുത്തു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദ മൂന്ന് ദിവസവും യോഗത്തില്‍ സംബന്ധിച്ചു. ജമ്മു കശ്മീരിലെ നിലവിലെ സ്ഥിതിഗതികളും ഭാവിപരിപാടികളും ബിജെപി നേതൃത്വം യോഗത്തില്‍ ആര്‍എസ്എസിനെ ധരിപ്പിച്ചു. പൗരത്വ രജിസ്റ്ററും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios