Asianet News MalayalamAsianet News Malayalam

കശ്മീരിൽ കുട്ടികൾ തടവിലെന്ന ഹർജി: ബാലനീതി സമിതിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

രണ്ട് കാര്യങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് കുട്ടികളെ സുരക്ഷാസേന മർദ്ദിക്കുന്ന രീതിയിൽ പുറത്തുവന്ന ചിത്രങ്ങൾ. രണ്ട്, പെല്ലറ്റുകളടക്കം പ്രയോഗിച്ച് കുട്ടികൾക്ക് പരിക്കുകളേറ്റ ചിത്രങ്ങൾ. 

SC Seeks Report From Juvenile Justice Committee On Alleged Illegal Detention Of Children In Kashmir
Author
New Delhi, First Published Sep 20, 2019, 12:52 PM IST

ദില്ലി: ജമ്മു കശ്മീരിൽ കുട്ടികളെ അനധികൃതമായി തടവിൽ വയ്ക്കുന്നെന്ന ഹർജിയിൽ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയോട് റിപ്പോർട്ട് തേടി സുപ്രീംകോടതി. ഒരാഴ്ചയ്ക്ക് അകം ഇതിന്‍റെ സത്യാവസ്ഥ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. 

ഇതേ ഹർജിയിൽ കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസയച്ചു. ബാലാവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സാമൂഹ്യപ്രവർത്തക ഇനാക്ഷി ഗാംഗുലിയും, ദേശീയ ബാലാവകാശ കമ്മീഷന്‍റെ ആദ്യ ചെയർപേഴ്‍സൺ ശാന്താ സിൻഹയുമാണ് സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജി ഫയൽ ചെയ്തത്. ജമ്മു കശ്മീരിൽ പ്രായപൂർത്തിയാവാത്ത കുട്ടികളെ മുൻകരുതലിന്‍റെ ഭാഗമായി കരുതൽ തടങ്കലിൽ വച്ചിരിക്കുകയാണന്നും അക്രമങ്ങൾ നടക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഹർജി. 

ജമ്മു കശ്മീരിൽ കോടതിയുടെ പ്രവർത്തനങ്ങൾ താറുമാറാണെന്നും പ്രത്യേക അധികാരങ്ങൾ എടുത്തുകളഞ്ഞതിനെതിരെയും മറ്റ് മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയും ഹൈക്കോടതിയിൽ സമീപിക്കാനാകുന്നില്ലെന്നുമുള്ള ഹർജിയിൽ സുപ്രീംകോടതിയ്ക്ക് ജമ്മു കശ്മീർ ചീഫ് ജസ്റ്റിസിന്‍റെ മറുപടി ലഭിച്ചു. അത്തരമൊരു തടസ്സങ്ങളും കോടതിയിലില്ലെന്നാണ് മറുപടി. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസുമാരായ എസ് എ ബോബ്‍ഡെ, അബ്ദുൾ നസീർ എന്നിവരാണ് അംഗങ്ങൾ. 

ഹർജികളും വിശദീകരണവും പരിശോധിക്കവേ, ജമ്മു കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. 

ജമ്മു കശ്മീരിലെ കടുത്ത നിയന്ത്രണങ്ങളുടെ സാഹചര്യത്തിലാണ് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും പുതിയ ഹർജികളൊന്നും ഹൈക്കോടതിയിൽ സമർപ്പിക്കാനാകുന്നില്ലെന്നുമാണ് മുതിർന്ന അഭിഭാഷകനായ ഹുസേഫ അഹ്മദി ഹർജിയിൽ പറയുന്നത്.

വിദേശമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി. കുട്ടികളെ തടങ്കലിൽ വയ്ക്കുന്നതിന് പുറമേ, കശ്മീരിലെ കടുത്ത നിയന്ത്രണങ്ങൾ കുട്ടികളുടെ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു. ത്രാൽ, പാംപോർ, അവന്തിപൊര, ഖ്ര്യൂ, ത്രാൽ ഉൾപ്പടെ പല മേഖലകളിലും സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണെന്നും ഹർജിയിൽ പറയുന്നു.

രണ്ട് കാര്യങ്ങളാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് കുട്ടികളെ സുരക്ഷാസേന മർദ്ദിക്കുന്ന രീതിയിൽ പുറത്തുവന്ന ചിത്രങ്ങൾ. രണ്ട്, പെല്ലറ്റുകളടക്കം പ്രയോഗിച്ച് കുട്ടികൾക്ക് പരിക്കുകളേറ്റ ചിത്രങ്ങൾ. ഇതിന്‍റെ സത്യാവസ്ഥയെന്തെന്ന് വെളിപ്പെടുത്തണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. 

മുതിർന്ന അഭിഭാഷകയായ സുമിത ഹസാരിക നൽകിയ ഹർജിയിൽ കുട്ടികളെ കസ്റ്റഡിയിൽ എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നു. കല്ലെറിയുന്നു എന്നതിന്‍റെ പേരിൽ കുട്ടികളെ കസ്റ്റഡിയിലെടുക്കാനാകില്ലെന്നും അതിന് ഒരു ജുഡീഷ്യൽ അധികാരമുള്ളയാളുടെ അനുമതി വേണമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

വിദേശമാധ്യമങ്ങളുടെ റിപ്പോർട്ടുകളിലടക്കം പരാമർശിക്കപ്പെട്ട കുട്ടികളുടെ വിവരങ്ങളെന്തെന്ന് അറിയിക്കാൻ കോടതി ഉത്തരവിടണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. 

ജയിലുകളിലോ, പൊലീസ് സ്റ്റേഷനുകളിലോ, ഡിറ്റൻഷൻ കേന്ദ്രങ്ങളിലോ, മറ്റേതെങ്കിലും തടവുകേന്ദ്രങ്ങളിലോ ആയി എത്തിച്ച കുട്ടികളുടെ വിവരം നൽകണം, അവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയോ എന്ന വിവരങ്ങളും നൽകണമെന്നും ഹർജിയിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios