Asianet News MalayalamAsianet News Malayalam

പ്രമുഖര്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ്: പരാതിക്കാരന്‍ സ്ഥിരം ശല്യക്കാരന്‍, ലക്ഷ്യം പ്രശസ്തി; കേസെടുക്കുമെന്ന് പൊലീസ്

പ്രശസ്തര്‍ക്കെതിരെ സുധീർ കുമാർ ഓജ മുമ്പും കോടതിയെ സമീപിച്ചിരുന്നു. ബോളിവുഡ് സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും ജങ്ക് ഫുഡിന്‍റെ പരസ്യത്തിന്‍റ പേരിലും സിനിമാ താരങ്ങളായ ഹൃഥ്വിക് റോഷൻ, അമിതാഭ് ബച്ചൻ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

Sedition case: Advocate Sudhir Kumar is a mischief, Police says
Author
New Delhi, First Published Oct 9, 2019, 10:23 PM IST

ദില്ലി: ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാംസ്കാരിക നായകര്‍ക്കെതിരെ പരാതി നല്‍കിയത് പ്രശസ്തിക്കുവേണ്ടിയെന്ന് പൊലീസ്. പരാതിക്കാരനായ  അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. യാതൊരു അടിസ്ഥാനവുമില്ലാതെ പരാതി നല്‍കിയ പരാതിക്കാരനെ കുഴപ്പക്കാരന്‍ എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ദുഷ്ടലാക്കോടെയാണ് ഇയാളുടെ പരാതിയെന്നും പൊലീസ് വിമര്‍ശിച്ചു. 

പ്രശസ്തര്‍ക്കെതിരെ സുധീർ കുമാർ ഓജ മുമ്പും കോടതിയെ സമീപിച്ചിരുന്നു. ബോളിവുഡ് സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലും ജങ്ക് ഫുഡിന്‍റെ പരസ്യത്തിന്‍റ പേരിലും സിനിമാ താരങ്ങളായ ഹൃഥ്വിക് റോഷൻ, അമിതാഭ് ബച്ചൻ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ലാലുപ്രസാദ് യാദവ്, എന്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവര്‍ക്കെതിരെയും അമ്പതുകാരനായ  ഓജ പരാതി നല്‍കിയ ചരിത്രമുണ്ട്.  ഇതുവരെ 745  പൊതു താല്‍പര്യ ഹര്‍ജികളാണ് ഇയാള്‍ നല്‍കിയത്. 

2007ൽ ധൂം 2  സിനിമയിലെ ഒരു ചുംബനരംഗമാണ് ഋഥ്വിക് റോഷനെ കോടതി കയറ്റിയത്.രംഗത്തിൽ അശ്ലീലം ആരോപിച്ച് കേസ് ഫയൽ ചെയ്‌തെങ്കിലും, പിന്നീട്  ആ രംഗം വെട്ടിമാറ്റാം എന്ന ഉറപ്പ് സിനിമയുടെ നിർമാതാക്കൾ ഉറപ്പുനല്കിയതോടെ കേസ് പിൻവലിച്ചു. ദേശീയപാതയിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്തതിന് ലാലുപ്രസാദ് യാദവിനെതിരെയും പരാതി നല്‍കി. 

2006-ൽ ഛട്ട് പൂജയെ നാടകം എന്ന് വിശേഷിപ്പിച്ച രാജ് താക്കറെയും ഓജ കോടതി കയറ്റി. ശ്രീരാമസേതു മനുഷ്യ നിർമ്മിതമല്ല എന്ന് പറഞ്ഞതിനാണ് മന്‍മോഹന്‍ സിംഗിനുംബുദ്ധദേബ് ഭട്ടാചാർജിക്കുമെതിരെ ഓജ കേസുകൊടുക്കുന്നത്.  മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചു എന്നതിന്റെ പേരിലായിരുന്നു അമിതാഭ് ബച്ചനെതിരെ ഓജയുടെ പടപ്പുറപ്പാട്. 

സെപ്റ്റംബര്‍ മൂന്നിനാണ് സുധീര്‍ കുമാര്‍ ഓജ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ കോടതി നിര്‍ദേശിച്ചത്. 
 

Follow Us:
Download App:
  • android
  • ios