Asianet News MalayalamAsianet News Malayalam

ലൈം​ഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും; നിലവിൽ മസ്കറ്റിലെന്ന് സൂചന

കേസ് വരുമെന്ന് കണ്ടപ്പോൾ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് പ്രത്യേകാന്വേഷണസംഘം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. 

sexual assault case prajwal revanna may surrender after election
Author
First Published May 5, 2024, 12:55 PM IST

ഹൈദരാബാദ്: ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ മറ്റന്നാൾ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവിൽ പ്രജ്വൽ മസ്കറ്റിലാണുള്ളതെന്നാണ് സൂചന. പ്രജ്വലിന്‍റെ അച്ഛനും എംഎൽഎയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കേസ് വരുമെന്ന് കണ്ടപ്പോൾ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് പ്രത്യേകാന്വേഷണസംഘം സിബിഐയോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ ഇക്കാര്യത്തിൽ കർണാടക പൊലീസിന് ഒരു മറുപടിയും ഇത് വരെ നൽകിയിട്ടില്ല. നടപടിയും എടുത്തിട്ടില്ല. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കണമെങ്കിൽ കോടതി ഉത്തരവ് വേണമെന്നാണ് വിദേശകാര്യമന്ത്രാലയം നൽകിയ വിശദീകരണം.

അച്ഛൻ രേവണ്ണ അറസ്റ്റിലായതോടെ മ്യൂണിക്കിൽ നിന്ന് ഇന്ന് പുലർച്ചെ ഒമാനിലെ മസ്കറ്റിലെത്തിയ പ്രജ്വൽ അവിടെ തുടരുകയാണ്. കർണാടകയിൽ മറ്റന്നാൾ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ പ്രജ്വൽ കീഴടങ്ങൂ എന്നാണ് സൂചന. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്നോ വോട്ടെടുപ്പിന് തലേന്നോ കീഴടങ്ങിയാൽ ഉത്തരകർണാടകയിൽ ബിജെപിയുടെ സാധ്യതകളെ അത് കൂടുതൽ മോശമായി ബാധിക്കുമെന്നതിനാൽ പ്രജ്വൽ രണ്ട് ദിവസം കഴിഞ്ഞ് കീഴടങ്ങാൻ എത്തിയാൽ മതിയെന്നാണ് ജെഡിഎസ്സിന്‍റെ തീരുമാനം. മംഗളുരു വിമാനത്താവളത്തിലാണ് പ്രജ്വൽ എത്തുക എന്നാണ് സൂചന. 

എച്ച് ഡി രേവണ്ണയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യുകയാണ്. ബലാത്സംഗപ്പരാതിക്ക് പുറമേ തട്ടിക്കൊണ്ട് പോകൽ കേസിലും രേവണ്ണയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. നാളെത്തന്നെ രേവണ്ണ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കാനും സാധ്യതയുണ്ട്. ഇതിനിടെ 1996-ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇംഗ്ലണ്ടിലെ ഒരു ഹോട്ടലിൽ സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചതിന് രേവണ്ണയെ പുറത്താക്കിയെന്നും കഷ്ടപ്പെട്ടാണ് അന്നാ കേസ് ഒതുക്കിയതെന്നും അന്ന് ജെഡിഎസ്സിലുണ്ടായിരുന്ന, പിന്നീട് ബിജെപിയിൽ ചേർന്ന മുൻ മണ്ഡ്യ എംപി ശിവരാമഗൗഡ വെളിപ്പെടുത്തിയതും മുന്നണിക്ക് തിരിച്ചടിയാവുകയാണ്. 

ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ നിന്ന് രണ്ടാംഘട്ടത്തിലേക്ക് കടന്ന ഒരാഴ്ചക്കാലം പ്രജ്വൽ വിഷയം സംസ്ഥാനമെമ്പാടും കോൺഗ്രസ് ബിജെപിക്കെതിരെ വലിയ പ്രചാരണായുധമാക്കിയിരുന്നു. ഒടുവിൽ പരസ്യപ്രചാരണം അവസാനിക്കുന്നതിന് ഒരു ദിവസം മുൻപേ രേവണ്ണയുടെ അറസ്റ്റ് കൂടി വന്നതോടെ പ്രതിരോധത്തിലാണ് ബിജെപിയും എൻഡിഎയും.

Latest Videos
Follow Us:
Download App:
  • android
  • ios