Asianet News MalayalamAsianet News Malayalam

കമലേഷ് തിവാരി കൊലക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ആറു പേര്‍

  • കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്.
  • അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ ഉത്തർപ്രദേശിലെ ബിജ്‍നോറിൽ നിന്നുള്ള മുസ്ലിം പുരോഹിതരാണ്.
six arrested for the murder of kamlesh tiwari
Author
Uttar Pradesh, First Published Oct 20, 2019, 9:10 AM IST

ലഖ്നൗ: ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായതായി ഉത്തര്‍പ്രദേശ് പൊലീസ്. കേസിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട് ശനിയാഴ്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈകുന്നേരത്തോടൊണ് നാഗ്പൂരില്‍ നിന്നും ഒരാളെ കൂടി മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. അറസ്റ്റിലായ മറ്റ് രണ്ട് പേര്‍ ഉത്തർപ്രദേശിലെ ബിജ്‍നോറിൽ നിന്നുള്ള മുസ്ലിം പുരോഹിതരാണ്. സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതിൽ നിന്നാണ് പ്രതികളെക്കുറിച്ച് തുമ്പ് കിട്ടിയതെന്നും ഒപ്പം കമലേഷ് തിവാരിയുടെ ഭാര്യയുടെ മൊഴി നിർണായകമായെന്നും പൊലീസ് വ്യക്തമാക്കി. മൗലാന മൊഹ്‍സിൻ ഷെയ്‍ഖ് (24), റഷീദ് അഹമ്മദ് പഠാൻ (23), ഫൈസാൻ (21) എന്നിവരെയാണ് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. തിവാരിയുടെ വീട്ടിലേക്ക് മധുരം കൊടുക്കാനെന്ന് പറഞ്ഞാണ് മിഠായിപ്പൊതി വാങ്ങിയത്. ഇത് വാങ്ങിയത് ഫൈസാനാണ്. മുഹമ്മദ് മുഫ്‍തി നയീം, അൻവറുൾ ഹഖ് എന്നിവരാണ്  ബിജ്‍നോറിൽ നിന്ന് അറസ്റ്റിലായ മതപുരോഹിതർ. ഹിന്ദു മഹാസഭയുടെ മുന്‍ നേതാവും നിലവില്‍ ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായിരുന്നു കമലേഷ് തിവാരി. 

ലഖ്‍നൗ ഇൻസ്പെക്ടർ ജനറൽ എസ് കെ ഭഗതിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ കാവി നിറമുള്ള കുർത്തകളണിഞ്ഞ രണ്ട് പേർ തിവാരിയുടെ വീട്ടിലേക്ക് നടന്നു കയറുന്നത് കാണാം. തിവാരിയ്ക്ക് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. അകത്ത് നിന്ന് ഇവരെ കടത്തിവിടാൻ നിർദേശം കിട്ടിയതിനെത്തുടർന്ന് കാവൽ നിന്ന പൊലീസുദ്യോഗസ്ഥൻ ഇവരെ അകത്തേക്ക് കയറ്റി വിടുകയായിരുന്നു. ഇതിന് ശേഷം തിവാരി ഇവരോടൊപ്പം പുറത്ത് പോയി. ചായ കുടിക്കുന്നതിനിടെയാണ് രണ്ട് പേരിൽ ഒരാൾ തിവാരിയെ കുത്തുന്നത്. 

Follow Us:
Download App:
  • android
  • ios