Asianet News MalayalamAsianet News Malayalam

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് മദ്യത്തിന്റെ ഗന്ധം, നഷ്ടപരിഹാരം നിഷേധിച്ചതിനെതിരെ കോടതി

മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നത് മാത്രം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകരുത്. മറിച്ച് രക്തത്തിലെ മദ്യത്തിന്റെ അളവായിരിക്കണം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകേണ്ടത് എന്ന് വ്യക്തമാക്കിയാണ് കോടതി നിരീക്ഷണം

smelling alcohol cant consider as contributory negligence for decreasing compensation madras high court enhanced compensation
Author
First Published Apr 18, 2024, 8:30 AM IST

ചെന്നൈ: വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നു എന്ന കാരണത്താൽ നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിച്ചില്ലെന്ന ന്യായം പറഞ്ഞും നഷ്ടപരിഹാരം നിഷേധിക്കാനാകില്ലെന്നും കോടതി വിശദമാക്കി. പകൽ സമയത്ത് മദ്യപിക്കുന്നത് ഒരു കുറ്റമായി കാണാനാവില്ലെന്നും കോടതി വിശദമാക്കി. മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നത് മാത്രം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകരുത്. മറിച്ച് രക്തത്തിലെ മദ്യത്തിന്റെ അളവായിരിക്കണം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകേണ്ടത് എന്ന് വ്യക്തമാക്കിയാണ് കോടതി നിരീക്ഷണം. 

2016ൽ റോഡ് അപകടത്തിൽപ്പെട്ട തമിഴ്നാട്ടിലെ പെരുമ്പള്ളൂർ സ്വദേശിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഇക്കാര്യം വിശദമാക്കിയത്. ഇയാൾക്ക് അനുവദിച്ച നഷ്ടപരിഹാര തുക കോടതി വർധിപ്പിച്ചു നൽകി. രമേഷ് എന്ന പരാതിക്കാരന് 3 ലക്ഷം രൂപയാണ് മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ അനുവദിച്ചത്. എന്നാൽ നഷ്ടപരിഹാരത്തിലെ 50 ശതമാനത്തോളം തുക രമേഷിനെ മദ്യം മണത്തിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി കുറച്ചിരുന്നു. പരിക്കേറ്റ കക്ഷിയുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ എന്ന കാരണം കാണിച്ചായിരുന്നു ഇത്. അപകടത്തിന് പിന്നാലെ രമേഷിനെ പരിശോധിച്ച ഡോക്ടറാണ് ഇയാളെ മദ്യം മണത്തതായി പരാമർശിച്ചത്. ഇത് നഷ്ടപരിഹാര തുക വെട്ടിക്കുറയ്ക്കാനുള്ള കാരണമായി മാറുകയായിരുന്നു. ഇതിനെതിരെയാണ് രമേഷ് കോടതിയെ സമീപിച്ചത്. 

റോഡിൽ മുൻപിലുള്ള ലോറിയിൽ നിന്ന് രമേഷ് നിശ്ചിത അകലം പാലിച്ചില്ലെന്നതും നഷ്ടപരിഹാരം കുറയാൻ കാരണമായി നിരീക്ഷിച്ചിരുന്നു. ഇതിനേയും കോടതി വിമർശിച്ചു. മുൻപിലെ ലോറിയായിരുന്നു അപകടത്തിന് കാരണമെന്ന് പൊലീസ് റിപ്പോർട്ട് വിശദമാക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.  തമിഴ്നാട്ടിൽ മദ്യം വിതരണം ചെയ്യുന്നത് സർക്കാർ മേൽനോട്ടത്തിലായതിനാൽ മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളേക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കേണ്ടത് സർക്കാരാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെ രമേഷിന് നഷ്ടപരിഹാരമായി 353904 രൂപ നൽകണമെന്നും കോടതി ഉത്തരവിട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios