Asianet News MalayalamAsianet News Malayalam

വിധിയിൽ തൃപ്തിയില്ല, ചർച്ചകൾക്ക് ശേഷം പുനഃപരിശോധനാ ഹർജിയെന്ന് സുന്നി വഖഫ് ബോർഡ്

വിധി തൃപ്തികരമല്ലെങ്കിലും അതിനെ ബഹുമാനിക്കുന്നുവെന്നും സുന്നി വഖഫ് ബോർഡ് പറയുന്നു. തുടർചർച്ചകൾക്ക് ശേഷം മാത്രമായിരിക്കും പുനഃപരിശോധനാ ഹർജിയടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കൂ. 

sunni waqf board response over the ayodhya verdict
Author
New Delhi, First Published Nov 9, 2019, 12:45 PM IST

ദില്ലി: അയോധ്യയിൽ ബാബ്റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോർഡ്. കേസിൽ കക്ഷിയായിരുന്ന വഖഫ് ബോർഡിന്റെ വാദങ്ങൾ നിയമപരമായി നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എന്നാൽ വഖഫ് ബോർഡിന് ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും ഭരണഘടനാബഞ്ച് നിരീക്ഷിച്ചിരുന്നു. 

കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയിൽ തൃപ്തിയില്ല. വിധി പ്രസ്താവം കേട്ടു. എന്നാൽ വിശദമായ വിധി പകർപ്പ് വായിച്ച ശേഷമേ പുനഃപരിശോധനാ ഹർജിയിൽ തീരുമാനമെടുക്കൂ- സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി വ്യക്തമാക്കി. 

സുന്നി വഖഫ് ബോർഡിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനുമായി ചർച്ച നടത്തും. വിധിയിൽ പുനഃപരിശോധനയ്ക്കായി എല്ലാ നിയമപരമായ വഴികളും തേടും. ഞങ്ങൾ നമാസ് നടത്തിയിരുന്ന ബാബ്റി മസ്ജിദിന്റെ അകത്തെ നടുമുറ്റത്ത് പ്രാർത്ഥന നടത്താനുള്ള അവകാശം വേണം. തർക്കഭൂമിയിൽ കുറച്ച് ഭാഗങ്ങളുടെ അവകാശം വേണമെന്ന് തന്നെയാണ് ഞങ്ങൾ വാദിച്ചത്. മറ്റൊരിടത്ത് പള്ളി പണിയാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആർക്കിയോളജിക്കൽ സർവേയുടെ കണ്ടെത്തലുകളിൽ മുസ്ലിങ്ങൾക്ക് അനുകൂലമായ നിരീക്ഷണങ്ങളുമുണ്ട്. അതെന്തുകൊണ്ട് മുഖവിലയ്ക്ക് കോടതി എടുത്തില്ല എന്ന കാര്യം പരിശോധിക്കണം - സഫർയാബ് ജിലാനി പറഞ്ഞു.

തൃപ്തികരമല്ലെങ്കിലും സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു. എല്ലാ ജനവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും സുന്നി വഖഫ് ബോർഡ് ആഹ്വാനം ചെയ്യുന്നു. ഒരു തരത്തിലുള്ള പ്രകോപനവും പാടില്ല. ഇവിടെ ആരുടെയും ജയവും പരാജയവുമില്ല - എന്ന് വഖഫ് ബോർഡ് പറയുന്നു. 

Follow Us:
Download App:
  • android
  • ios