Asianet News MalayalamAsianet News Malayalam

'ജീവനേക്കാൾ വലുതല്ല ഇതൊന്നും'; ബലാത്സം​ഗത്തിനിരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ​ഗർഭഛിദ്രത്തിന് അനുമതി

ഇത് അസാധാരണമായ കേസാണെന്ന് കോടതി പരാമർശിച്ചു. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. 

Supreme Court allows  30-week pregnancy abortion for rape victim
Author
First Published Apr 22, 2024, 1:10 PM IST

ദില്ലി: ബലാത്സം​ഗത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് ​ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്. 30 ആഴ്ചത്തെ ദൈർഘ്യമുള്ള ഗർഭം അലസിപ്പിക്കാനാണ് കോടതിയുടെ അനുമതി. ഇന്ത്യൻ നിയമപ്രകാരം 24 ആഴ്ച പിന്നിട്ടതിന് ശേഷം ഗർഭഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്. 

ഇത് അസാധാരണമായ കേസാണെന്നായിരുന്നു കോടതിയുടെ പരാമർശം. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകിയത്. ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാകുമ്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ കേസിലെ മെഡിക്കൽ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത് പ്രസവത്തിന്റെ അപകട സാധ്യത ഇതിനേക്കാൾ മുകളിലാണെന്നാണ്. പെൺകുട്ടിയ്ക്ക് 14 വയസ് മാത്രമാണ് പ്രായമെന്നതിനാൽ ​ഗർഭം അലസിപ്പിക്കാൻ അനുവദിക്കുകയാണെന്നും ഇതൊരു ബലാത്സംഗക്കേസായതിനാൽ അസാധാരണ കേസാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഏപ്രിൽ നാലിന് ബോംബെ ഹൈക്കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് കൗമാരക്കാരിയുടെ അമ്മ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് ജെബി പർദിവാലയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഈ വിഷയത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അടിയന്തര വാദം കേട്ടിരുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പരി​ഗണിച്ച മെഡിക്കൽ റിപ്പോർട്ട് പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര ആശുപത്രിയിൽ പുതിയ പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. 

സിയോൺ ആശുപത്രിയിലെ മെഡിക്കൽ ബോർഡ് ഗർഭച്ഛിദ്രത്തെ അനുകൂലിച്ചു കൊണ്ടായിരുന്നു റിപ്പോർട്ട് നൽകിയത്. അതിൻ്റെ അടിസ്ഥാനത്തിൽ, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം കോടതി ഗർഭച്ഛിദ്രം അനുവദിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭധാരണം തുടരുന്നത് കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിയോൺ മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു. ചില അപകടസാധ്യതകൾ ഉള്ളതിനാൽ പ്രസവം ജീവനുള്ള ഭീഷണിയേക്കാൾ വലുതല്ലെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു. ഫുൾ ടേം ഡെലിവറി അപകടമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വളരെ വൈകിയാണ് പെൺകുട്ടി ​ഗർഭധാരണം തിരിച്ചറിയുന്നതെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾക്കൊപ്പം ഈ വിഷയത്തിൽ ബലാത്സംഗക്കേസും ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. 

നേഹയുടെ കൊലപാതകം ലൗ ജിഹാദല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ,സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

https://www.youtube.com/watch?v=uyZ_dB7mvm0&t=1s


 

Follow Us:
Download App:
  • android
  • ios