Asianet News MalayalamAsianet News Malayalam

കശ്മീര്‍ ഹര്‍ജികള്‍: നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ജമ്മു കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടനാ അനുഛേദങ്ങള്‍ എടുത്തുകളഞ്ഞതിനെയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിനെയും ചോദ്യം ചെയ്ത്  സമര്‍പ്പിച്ച ഹര്‍ജികളിലാണ് മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

supreme court asks the center to give reply on kashmir pleas within four weeks
Author
Delhi, First Published Oct 1, 2019, 1:41 PM IST

ദില്ലി: ജമ്മു കശ്മീര്‍ പുനസംഘടന സംബന്ധിച്ച  ഹര്‍ജികളില്‍  മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. സുപ്രീംകോടതി ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അടുത്ത മാസം 14ലേക്ക് മാറ്റി. 

ജമ്മു കശ്മീരിന് സവിശേഷാധികാരം നല്‍കിയിരുന്ന ഭരണഘടനാ അനുഛേദങ്ങള്‍ എടുത്തുകളഞ്ഞതിനെയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചതിനെയും ചോദ്യം ചെയ്ത്  സമര്‍പ്പിച്ച ഹര്‍ജികളിലാണ് മറുപടി നല്‍കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മറുപടി നല്‍കാന്‍ കൂടതല്‍ സമയം വേണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 28നാണ് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഈ വിഷയത്തില്‍ നോട്ടീസ് അയച്ചത്. 

Read Also: കശ്മീരില്‍ കരുതല്‍ തടങ്കല്‍ പഞ്ചനക്ഷത്ര സൗകര്യത്തോടെയെന്ന് ബിജെപി നേതാവ്

കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പത്തോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളിലെല്ലാം വ്യത്യസ്ത വാദങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ഇവയിലെല്ലാം മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ഇതിനെ പിന്തുണച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും വാദങ്ങള്‍ നിരത്തി. ഇനിയും സമയം അനുവദിക്കുന്നത് ശരിയല്ലെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ വാദിച്ചത്. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മറുപടി നല്‍കാന്‍ സമയം നീട്ടിനല്‍കിയത്. ഒക്ടോബര്‍ 31നാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള നടപടി നടപ്പാക്കേണ്ടത്.  

Read Also: കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്, ജനങ്ങള്‍ പട്ടിണി കിടന്ന് മരിച്ചേക്കും; കേന്ദ്രസര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്

കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, മാധ്യമസ്വാതന്ത്ര്യം അനുവദിക്കുക, നേതാക്കളുടെ തടങ്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ളതാണ് ഹര്‍ജികളില്‍ പലതും. കശ്മീര്‍ ഹര്‍ജികളില്‍ നേരം കളയാനില്ലെന്നും, അയോധ്യ കേസടക്കം പരിഗണിക്കാനുള്ളതിനാല്‍ ഹര്‍ജികള്‍ ഇനി മുതല്‍ ഭരണഘടനാ ബഞ്ച് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ വ്യക്തമാക്കുകയായിരുന്നു. 

Read Also:കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഭരണഘടനാ ബഞ്ചിന് വിട്ടു

Follow Us:
Download App:
  • android
  • ios