Asianet News MalayalamAsianet News Malayalam

പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല,നൂറു ശതമാനം വിവിപാറ്റ് എണ്ണണം എന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കും

supreme court dismiss VVPat case
Author
First Published Apr 26, 2024, 10:47 AM IST

ദില്ലി:വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും ഒത്തു നോക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ സുപ്രീംകോടതി തള്ളി. പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.  വോട്ടെണ്ണൽ കഴിഞ്ഞ് ഇവിഎമ്മിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ മൈക്രോ കൺട്രോളർ സ്ഥാനാർത്ഥികൾക്ക് സ്വന്തം ചിലവിൽ പരിശോധിക്കാൻ അപേക്ഷ നല്കാമെന്നും കോടതി വ്യക്തമാക്കി. 

പേപ്പർ ബാലറ്റിലേക്ക് മടങ്ങണമെന്ന ചില പാർട്ടികളുടെ നിർദ്ദേശത്തിന് സുപ്രീംകോടതിയിൽ കനത്ത തിരിച്ചടിയാണ് ഏറ്റത്. എല്ലാ മെഷീനുകളിലെയും വോട്ടുകൾ വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കണം എന്നയാവശ്യം നേരത്തെ ഇന്ത്യ സഖ്യം ഉന്നയിച്ചിരുന്നു. ഇവിഎമ്മിനെ അവിശ്വസിക്കേണ്ടതില്ല എന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. വിവിപാറ്റ് പൂർണ്ണമായും ഒത്തു നോക്കുന്നത് ഈ സംവിധാനത്തെ അവിശ്വസിക്കുന്നതിന് തുല്യമാണ്. ഇങ്ങനെ അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങൾക്ക് ഇടയാക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കർ ഗുപ്ത എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.
 
ഇവി എമ്മിൻെറെ സാങ്കേതിക സുരക്ഷ കർശനമാക്കാൻ ചില നിർദ്ദേശങ്ങളും കോടതി മുന്നോട്ടു വച്ചു.  ഇവിഎമ്മിലെ സിംബൽ ലോഡിംഗ് യൂണിറ്റ്, എസ് എൽ യുവിലാണ് സ്ഥാനാർത്ഥികളുടെ ചിഹ്നം സ്റ്റോർ ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്ത ശേഷം ഈ യൂണിറ്റ് മുദ്രവയ്ക്കാൻ കോടതി നിർദ്ദേശിച്ചു. വോട്ടെണ്ണൽ കഴിഞ്ഞ് 45 ദിവസം യൂണിറ്റ് സൂക്ഷിക്കണം. വോട്ടെണ്ണലിന് ശേഷം സ്ഥാനാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ ഇവിഎമ്മിൻറെ മൈക്രോ കൺട്രോളർ മൂന്ന് എഞ്ചിനീയർമാരുടെ സംഘം പരിശോധിക്കണം. ഇതിൻറെ ചിലവ് സ്ഥാനാർത്ഥി വഹിക്കണം. എന്തെങ്കിലും ക്രമക്കേട് നടന്നു എന്ന് തെളിഞ്ഞാൽ മാത്രം പണം തിരിച്ചു നല്കും. വിവിപാറ്റ് സ്ലിപ്പുകളിൽ ബാർകോഡ് ഉൾപ്പെടുത്തണം എന്ന നിർദ്ദേശം പരിശോധിക്കാനും കോടതി ഉത്തരവിട്ടു. ഇവിഎമ്മിനെതിരായ പ്രചാരണം ചെറുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതാണ് കോടതി വിധി. പാർട്ടി വിജയങ്ങൾ ഇവിഎം ക്രമക്കേട് കാരണമെന്ന എതിരാളികളുടെ വാദം പൊളിഞ്ഞത് വോട്ടെടുപ്പ് തുടരുന്നതിനിടെ ബിജെപിക്കും വൻ ആശ്വാസമാണ്.

 

 

Follow Us:
Download App:
  • android
  • ios