Asianet News MalayalamAsianet News Malayalam

14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി

കുട്ടിയുടെ മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണ് നടപടി. മകളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ആശങ്കയാണ് മാതാപിതാക്കള്‍ കോടതിയെ അറിയിച്ചത്.

Supreme Court recalls order allowing abortion of 14 year old rape survivor
Author
First Published Apr 30, 2024, 9:18 AM IST

ദില്ലി: ബലാത്സം​ഗത്തിന് ഇരയായ പതിനാലുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുവാദം നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി. കുട്ടിയുടെ മാതാപിതാക്കളുടെ അപേക്ഷ കണക്കിലെടുത്താണ് നടപടി. മകളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ആശങ്കയാണ് മാതാപിതാക്കള്‍ കോടതിയെ അറിയിച്ചത്. പ്രസവം നടത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ അറിയിച്ചു. 

ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെണ്‍കുട്ടിയുടെ 30 ആഴ്ച എത്തിയ ഗർഭം അലസിപ്പിക്കാനാണ് കോടതി നേരത്തെ അനുമതി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. എന്നാൽ ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്തിയാൽ മകള്‍ക്ക് അപായമുണ്ടാകുമോ എന്ന ആശങ്ക കുട്ടിയുടെ മാതാപിതാക്കള്‍ പങ്കുവെച്ചു. ഇതോടെയാണ് കുട്ടിയുടെ താൽപ്പര്യമാണ് പരമ പ്രധാനമെന്ന് ചൂണ്ടിക്കാട്ടി കോടതി ഗർഭച്ഛിദ്ര ഉത്തരവ് തിരിച്ചുവിളിച്ചത്. 

ഏപ്രിൽ നാലിന് ബോംബെ ഹൈക്കോടതി ഗർഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹർജി സുപ്രിംകോടതിയിലെത്തിയത്. തുർന്ന് സുപ്രിംകോടതി അടിയന്തര വാദം കേട്ടു. ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകുന്നതിൽ റിസ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കോടതി പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് തേടി. എന്നാൽ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നതായിരുന്നു റിപ്പോർട്ട്. അതിന്‍റെ അടിസ്ഥാനത്തിൽ, ഭരണഘടനയുടെ 142-ാം അനുച്ഛേദ പ്രകാരം കോടതി ഗർഭച്ഛിദ്രം അനുവദിക്കുകയായിരുന്നു. 

പി.ജയരാജൻ വധശ്രമക്കേസ്:ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍

പെൺകുട്ടിയ്ക്ക് 14 വയസ് മാത്രമാണ് പ്രായമെന്നതും അതിജീവിതയാണെന്നതും പരിഗണിച്ച് ​ഗർഭച്ഛിദ്രത്തിന് അനുമതി നൽകുകയാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഗർഭധാരണത്തെക്കുറിച്ച് പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടി വളരെ വൈകി മാത്രമാണ് അറിഞ്ഞത് എന്ന വസ്തുതയും കോടതി പരിഗണിച്ചു. എന്നാൽ ഗർഭച്ഛിദ്രം സംബന്ധിച്ച്  പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചതോടെ കോടതി ഈ ഉത്തരവ് തിരിച്ചുവിളിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios