Asianet News MalayalamAsianet News Malayalam

എസ്‍സി/എസ്‍ടി വിഭാഗത്തിനെതിരായ കേസുകൾ ലഘൂകരിച്ച വിധി റദ്ദാക്കി സുപ്രീംകോടതി

എസ്‍‍സി - എസ്‍ടി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ പലതും ലഘൂകരിച്ച സുപ്രീംകോടതി വിധിയ്ക്ക് എതിരെയായിരുന്നു കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. ഈ ഹർജി കോടതി അംഗീകരിച്ചിരിക്കുകയാണ്. 

supreme court to re examine sc st case judgement
Author
Delhi Airport, First Published Oct 1, 2019, 12:09 PM IST

ദില്ലി: പട്ടിക ജാതി പട്ടിക വർഗ കേസിലെ വിധി പുനഃപരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ ഇളവ് വരുത്തിയ വിധിയാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കുക. ഈ നിയമപ്രകാരമുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ എന്നായിരുന്നു സുപ്രീംകോടതി വിധി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നൽകിയ പുനഃപരിശോധന ഹർജിയാണ് അംഗീകരിക്കപ്പെട്ടത്.

എസ്‍‍സി - എസ്‍ടി നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ പലതും ലഘൂകരിച്ച സുപ്രീംകോടതി വിധിയ്ക്ക് എതിരെയാണ് കേന്ദ്രസർക്കാർ പുനഃപരിശോധനാ ഹർജി നൽകിയത്. ദളിതര്‍ക്കെതിരായ അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് സുപ്രീംകോടതി വിധിയിലുണ്ടായിരുന്നത്. നിലവിൽ ഈ വിധി മറികടക്കാൻ കേന്ദ്രസർക്കാർ പാർലമെന്‍റിൽ ബില്ല് കൊണ്ടുവന്ന് പാസ്സാക്കിയിട്ടുണ്ട്. 

''രാജ്യത്തെ നിയമങ്ങൾ ജനറൽ കാറ്റഗറിയ്ക്ക് ഒന്നും, പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് മറ്റൊന്നും എന്ന തരത്തിൽ വിഭജിക്കരുത്'', എന്നായിരുന്നു ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നിയമം തിരുത്തിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിവിധ പട്ടികജാതി, പട്ടികവർഗ സംഘടനകളും കേന്ദ്രസർക്കാരും ഈ വിധിയെ ശക്തമായി എതിർത്തു. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞത് സുപ്രീംകോടതിയുടെ ഈ വിധി "പ്രശ്നഭരിത''മാണെന്നാണ്. വിധി പുനഃപരിശോധിച്ചേ തീരൂവെന്നും സർക്കാർ ആവശ്യപ്പെട്ടു. 

ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവർ അംഗങ്ങളായ ബഞ്ചാണ് എസ്‍‍സി എസ്‍ടി നിയമം പൊളിച്ചെഴുതുന്ന വിധി പുറപ്പെടുവിച്ചത്. ഈ നിയമം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് അന്ന് നിരീക്ഷിച്ച സുപ്രീംകോടതി, എസ്‍സി - എസ്‍ടി വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾക്ക് ഉടനടി അറസ്റ്റെന്ന വ്യവസ്ഥ ന്യായമല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. കേസിൽ കഴമ്പുണ്ടോ എന്ന കാര്യത്തിൽ പ്രാഥമികാന്വേഷണം നടത്താൻ പൊലീസിന് സമയം നൽകണമെന്നും, ആവശ്യമെങ്കിൽ മുൻകൂർ ജാമ്യം നേടാമെന്നും കോടതി വിധിച്ചു. ഇത്തരമൊരു കേസിൽ ഒരു സർക്കാർ ഉദ്യോഗസ്ഥനെയോ ഭരണപദവി കൈകാര്യം ചെയ്യുന്നയാളെയോ അറസ്റ്റ് ചെയ്യണമെങ്കിൽ അതാത് ഓഫീസിലുള്ള മേധാവികളുടെ അനുമതി വേണമെന്നും, അതല്ലാത്തവരെ അറസ്റ്റ് ചെയ്യാൻ എസ്‍എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ അനുമതി വേണമെന്നുമാണ് കോടതി വിധി. 

സുപ്രീംകോടതി വിധിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്തുയർന്ന് വന്നത്. ദളിത് സംഘടനകൾ ഭാരത് ബന്ദ് നടത്തി. പ്രതിഷേധം കനത്തപ്പോൾ കേന്ദ്രസർക്കാർ സുപ്രീംകോടതി വിധിക്കെതിരെ ബില്ല് കൊണ്ടുവന്ന് പാസ്സാക്കി. 

Follow Us:
Download App:
  • android
  • ios