Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: ഗൂഢാലോചന അന്വേഷിക്കുന്നതിൽ ഇന്ന് തീരുമാനം

ചീഫ് ജസ്റ്റിസിനെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കുന്നതിൽ തീരുമാനം ഇന്ന്. ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ഒന്നര കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന അഭിഭാഷകന്‍റെ സത്യവാങ്മൂലം സുപ്രീംകോടതി വിശദമായി പരിശോധിക്കും. 

supreme court will check lawyer utsav bains affidavit on sexual allegation against chief justice
Author
Delhi, First Published Apr 25, 2019, 6:02 AM IST

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ് ബെൻസിന്‍റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി വീണ്ടും പരിശോധിക്കും. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍റൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരാണ് കേസ് പരിഗണിക്കുക. 

ചീഫ് ജസ്റ്റിസിനെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുമെന്ന് അറിയിച്ച സുപ്രീംകോടതി ഇന്നലെ സിബിഐ, ഐ ബി, ദില്ലി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ ഏത് തലത്തിലുള്ള അന്വേഷണം വേണം എന്നതിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഇതിനിടെ തന്‍റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് ഈ കേസിൽ ജസ്റ്റിസ് അരുണ്‍ മിശ്ര ഉൾപ്പടെയുള്ള അഭിപ്രായ പ്രകടനം നടത്തുന്നതെന്ന് കാണിച്ച് പരാതിക്കാരി സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സമിതിക്ക് ഇന്നലെ കത്ത് നൽകിയിരുന്നു.

Also Read: ചീഫ് ജസ്റ്റിസിനെതിരായ പീഡനാരോപണം: സിബിഐ, ഐബി, ദില്ലി പൊലീസ് തലവൻമാരെ വിളിച്ച് വരുത്തി സുപ്രീംകോടതി

നേരത്തേ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡനാരോപണം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തന്നെ പ്രത്യേക അടിയന്തര സിറ്റിംഗ് വിളിച്ച് ചേർത്ത് നിഷേധിച്ചിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഗുരുതരമായ കൈകടത്തലുകളുണ്ടാകുന്നുവെന്നും തന്നെ അറവുമാടാക്കി മാറ്റാൻ ആർക്കും കഴിയില്ലെന്നുമായിരുന്നു സിറ്റിംഗിൽ ചീഫ് ജസ്റ്റിസ് പറഞ്ഞതാണ്. തുടർന്നാണ് പരാതിയിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് മൂന്നംഗ ബഞ്ചിലേക്ക് മാറ്റിയത്.

ചീഫ് ജസ്റ്റിസിന് എതിരായ പീഡനാരോപണം അന്വേഷിക്കാൻ ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ 3 അംഗ സമിതിയെയും ഈ ബഞ്ച് നിയോഗിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ ആഭ്യന്തര പരാതിപരിഹാര സമിതി (ICC) ആണ് സുപ്രീംകോടതിയിൽ ഇത്തരം പരാതി പരിശോധിക്കാൻ നിയമപരമായി അധികാരമുള്ള സമിതിയെന്നിരിക്കെ മറ്റൊരു സമിതിയെ നിയോഗിച്ചതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നതാണ്. ഏപ്രിൽ 21-നാണ് ചീഫ് ജസ്റ്റിസിനെതിരെ ഗുരുതര ലൈംഗിക പീഡനാരോപണം ഉന്നയിച്ച് മുൻ കോടതി ജീവനക്കാരിയായ യുവതി 22 ജഡ്‍ജിമാർക്ക് കത്ത് നൽകിയത്. 

Follow Us:
Download App:
  • android
  • ios