Asianet News MalayalamAsianet News Malayalam

അമേഠിയില്‍ മത്സരിക്കുമോ എന്ന് ചോദ്യം, ബിജെപിയുടെ ചോദ്യമെന്ന് ആദ്യം പരിഹാസം; ഒടുവിൽ രാഹുലിന്റെ മറുപടി

രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്നാണ് എഐസിസിയുടെ പൊതുവികാരം. മണ്ഡലം ഉപേക്ഷിക്കരുതെന്ന് ഉത്തര്‍ പ്രദേശ് പിസിസിയും പറഞ്ഞിട്ടുണ്ട്

thats a bjp question says Rahul Gandhi s on amethy seat related question
Author
First Published Apr 17, 2024, 1:26 PM IST

ദില്ലി : അമേഠിയില്‍ ഇക്കുറി മത്സരിക്കുമോയെന്നതില്‍ ഒടുവിൽ മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി. പാര്‍ട്ടി  പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് രാഹുല്‍  വ്യക്തമാക്കി. അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ബിജെപിയുടെ ചോദ്യമെന്ന പരിഹാസത്തോടെ മറുപടി നല്‍കിയ രാഹുല്‍ മത്സര സാധ്യത തള്ളുന്നില്ലെന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചാല്‍ മത്സരിക്കുമെന്നാണ് നിലപാട്.

രാഹുല്‍ അമേഠിയില്‍ മത്സരിക്കണമെന്നാണ് എഐസിസിയുടെ പൊതുവികാരം. മണ്ഡലം ഉപേക്ഷിക്കരുതെന്ന് ഉത്തര്‍ പ്രദേശ് പിസിസിയും പറഞ്ഞിട്ടുണ്ട്. രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നത് വയനാട്ടില്‍ ദോഷം ചെയ്യും. കേരളത്തിലെ എതിരാളിയായ ഇടതു പക്ഷം വടക്കേന്ത്യയില്‍  സഖ്യകക്ഷിയുമാണ്. അതിനാൽ കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനം നടത്താനാണ് നീക്കം.

150ല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് കിട്ടില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയുടെ ചാമ്പ്യനാണെന്നും അഖിലേഷ് യാദവിനൊപ്പം ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്‍റെ കന്നിമത്സരത്തില്‍ രാജ്യത്താകെ മാറ്റത്തിന്‍റെ കാറ്റ് വീശുമെന്ന പ്രതീക്ഷയും രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇലക്ട്രല്‍ ബോണ്ട് അഴിമതി ബിജെപിക്കെതിരെ ശക്തമാക്കാനാണ് സഖ്യത്തിന്‍റെ നീക്കം. എത്ര അഭിമുഖം നടത്തി വെള്ള പൂശാന്‍ ശ്രമിച്ചാലും മോദിക്ക്  അഴിമതിക്കറ നീക്കാനാവില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അഗ്നിപഥ് പദ്ധതി, താങ്ങ് വില നിയമവിധേയമാക്കത്തടക്കം പ്രചാരണ വിഷയങ്ങളാക്കും. സഖ്യത്തിന്‍റെ ആദ്യ റാലി 20ന് രാജസ്ഥാനിലെ അംരോഹയില്‍ നടക്കും.

 

 


 

Follow Us:
Download App:
  • android
  • ios