Asianet News MalayalamAsianet News Malayalam

ദില്ലി പൊലീസുകാരു‍ടെ അസാധാരണ സമരം 11 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചു

  •  ദില്ലി പൊലീസുകാരു‍ടെ അസാധാരണ സമരം 11 മണിക്കൂറിന് ശേഷം അവസാനിച്ചു
  • പൊലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കും
  • പൊലീസ് കമ്മീഷണറുടെ ഉറപ്പ് അംഗീകരിച്ച് സമരം അവസാനിപ്പിച്ചു
     
The extraordinary strike by Delhi Police ended after 11 hours
Author
Delhi, First Published Nov 5, 2019, 11:23 PM IST

ദില്ലി: പൊലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയിൽ പൊലീസുകാര്‍ നടത്തിയ അസാധാരണ സമരം 11 മണിക്കൂറിന് ശേഷം അവസാനിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും എന്ന പൊലീസ് കമ്മീഷണറുടെ ഉറപ്പ് അംഗീകരിച്ചാണ് പൊലീസുകാര്‍ സമരത്തിൻ നിന്ന് പിന്മറിയത്. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും ധനസഹായം നൽകാനും ദില്ലി ലെഫ. ഗവര്‍ണര്‍ അനിൽ ബൈജാൽ നിര്‍ദ്ദേശിച്ചു.

ദില്ലിയിലെ സാക്കേത്, തീസ്ഹസാരി കോടതിയികളിൽ പൊലീസുകാരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാവിലെ ഒമ്പത് മണിക്കാണ് ജോലി നിര്‍ത്തിവെച്ച് ഔദ്യോഗിക വേഷത്തിൽ പൊലീസുകാര്‍ സമരത്തിനിറങ്ങിയത്. പൊലീസ് കമ്മീഷണര്‍ ആസ്ഥാനത്തിന് മുന്നിൽ ആരംഭിച്ച സമരത്തിലേക്ക് നൂറുകണക്കിന് പൊലീസുകാര്‍ എത്തി. സമരം ശക്തമാവുകയും ചെയ്തു.

ദില്ലി പൊലീസ് കമ്മീഷണറും മുതിര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെ പലതവണ ശ്രമിച്ചിട്ടും പിൻമാറാൻ സമരക്കാര്‍ തയ്യാറായില്ല. വൈകീട്ടോടെ മെഴുകുതിരി കത്തിച്ചുള്ള സമരവും തുടങ്ങി. പൊലീസുകാരുടെ കുടുംബാംഗങ്ങൾ ഇന്ത്യാഗേറ്റ് പരിസരത്തും പ്രതിഷേധവുമായി എത്തി. ഒടുവിൽ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനൽകിയതോടെയാണ് രാത്രി എട്ടു മണിയോടെ സമരം അവസാനിച്ചത്.

സമരത്തെ തുടര്‍ന്ന് ദില്ലി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങൾ സ്തംഭിച്ചു. ദില്ലിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിഷേധവുമായി പൊലീസുകാര്‍ തന്നെ തെരുവിലിറങ്ങിയത്. ദില്ലി കോടതികളിൽ നടന്ന കഴിഞ്ഞ ദിവസത്തെ അക്രമത്തിൽ  20 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. നിരവധി അഭിഭാഷകര്‍ക്കും പരിക്കുപറ്റി. 

അഭിഭാഷകരെ ആശുപത്രിയിൽ എത്തി കണ്ട ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അവര്‍ക്ക് മാത്രം ധനസഹായം പ്രഖ്യാപിച്ചത് പൊലീസുകാരുടെ പ്രതിഷേധം ആളിക്കത്തിച്ചു. വൈകീട്ടോടെ പൊലീസുകാര്‍ക്കും മെച്ചപ്പെട്ട ചികിത്സയും ധനസഹായവും നൽകണമെന്ന് ലെഫ്. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതിനിടെ അക്രമങ്ങളിൽ ഇപ്പോൾ അഭിഭാഷകര്‍ക്കെതിരെ നടപടി പാടില്ലെന്ന് ദില്ലി ഹൈക്കോടതി ബാര്‍ കൗണ്‍സിലിന് നൽകിയ നിര്‍ദ്ദേശം നൽകി.

Follow Us:
Download App:
  • android
  • ios