Asianet News MalayalamAsianet News Malayalam

പവാറിനെ ഫോണ്‍ വിളിച്ച് ഉദ്ധവ് താക്കറെ; മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍

  • എന്‍സിപി നേതാവ് ശരദ് പവാറിനെ ഫോണില്‍ ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ.
  • മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം.
Uddhav Thackeray called Sharad Pawar dramatic move in Maharashtra
Author
Mumbai, First Published Nov 1, 2019, 10:30 PM IST

മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലി ബിജെപിയും ശിവസേനയും തമ്മിലുള്ള തര്‍ക്കം അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിര്‍ണായക വഴിത്തിരിവ്. എന്‍സിപി നേതാവ് ശരദ് പവാറുമായി  ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം. ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ശരദ് പവാര്‍ ദില്ലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

ശിവസേന നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ പ്രകാരം 50:50 ഫോര്‍മുല നടപ്പാക്കണമെന്നും ഇതനുസരിച്ച് മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്നുമാണ് ശിവസേനയുടെ ആവശ്യം. ഭരണകാലയളവില്‍ ബിജെപിയും ശിവസേനയും അധികാരം തുല്യമായി പങ്കിടണമെന്നും ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രിപദം നല്‍കണമെന്നും ശിവസേന ആവശ്യപ്പെട്ടിരുന്നു.   

എന്നാല്‍ മുഖ്യമന്ത്രിപദം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയ്ക്ക് നേരത്തെ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഫഡ്നാവിസ് പറഞ്ഞത് ശിവസേനയെ പ്രകോപിപ്പിച്ചു. ചര്‍ച്ചകളെ വഴിതിരിച്ച് വിടുകയാണ് ബിജെപി ചെയ്യുന്നതെന്ന ശിവസേന മുഖപത്രമായ 'സാമ്ന'യിലെ വാര്‍ത്തകളോടുള്ള അതൃപ്തിയും ഫഡ്നാവിസ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ബിജെപി- ശിവസേന ചര്‍ച്ച റദ്ദാക്കിയതായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ അറിയിക്കുകയായിരുന്നു. അമിത് ഷാ ശിവസേനയ്ക്ക് ഉറപ്പൊന്നും നൽകിയില്ലെന്ന ഫഡ്നാവിസിന്‍റെ വാദം പച്ചക്കള്ളമെന്ന് പിന്നാലെ ശിവസേന നേതാക്കൾ തിരിച്ചടിച്ചിരുന്നു.

പിന്നാലെ നടന്ന ബിജെപി നിമസഭാകക്ഷി യോഗത്തില്‍ ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഇതിന് ശേഷം ശിവസേന അനുകൂല നിലപാട് സ്വീകരിച്ച ഫഡ്നാവിസ് ശിവസേനയുടെ പിന്തുണയില്ലെങ്കിൽ മഹാരാഷ്ട്രയില്‍ ഇത്ര വലിയ ജയം ബിജെപിക്ക് കിട്ടില്ലായിരുന്നു എന്നും പറഞ്ഞു. സംസ്ഥാനത്ത് സർക്കാർ ഉടൻ രൂപീകരിക്കും. ശിവസേനയുമായുള്ള തർക്കങ്ങൾ ഉടൻ പരിഹരിക്കും. മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സഖ്യസർക്കാർ തന്നെ അധികാരത്തിൽ വരും. അതിൽ ആർക്കും സംശയം വേണ്ടെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios