Asianet News MalayalamAsianet News Malayalam

ഉന്നാവ് വാഹനാപകടം: കുൽദീപ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്താതെ സിബിഐ കുറ്റപത്രം

ഉന്നാവ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കിയാണ് കുറ്റപത്രം. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേസിൽ സിബിഐ അധിവേഗം അന്വേഷണം പൂർത്തിയാക്കിയത്.

Unnao accident case cbi filed charge sheet against Kuldeep Singh
Author
Delhi, First Published Oct 11, 2019, 9:48 PM IST

ദില്ലി: ഉന്നാവ് വാഹനാപകട കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കിയാണ് കുറ്റപത്രം. ഗൂഢാലോചന,ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് കുൽദീപ് സിംഗ് സെംഗാറിനെതിരെ ചേർത്തിരിക്കുന്നത്. എന്നാല്‍ കുല്‍ദീപിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.

കാർ അപകടം നടന്നത് അശ്രദ്ധ കൊണ്ട് എന്നാണ് സിബിഐയുടെ കണ്ടെത്തൽ.സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് കേസിൽ സിബിഐ അധിവേഗം അന്വേഷണം പൂർത്തിയാക്കിയത്. ജൂലൈ 28 നാണ് പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്ക് ഇടിക്കുന്നത്. അപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ സംഭവസ്ഥലത്ത് മരിച്ചിരുന്നു. അപകടത്തിൽ പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിവേഗത്തിൽ വന്ന ട്രക്ക് പെൺകുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയർന്നതിനെത്തുടർന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേർക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പിന്നീട് ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസമാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. 

തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് കത്ത് നൽകി പതിനാറാം ദിവസമാണ് അവരുടെ കാറിൽ ട്രക്കിടിക്കുന്നത്. കാറിൽ പെൺകുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ കയറിയിരുന്നില്ല. പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്കിന്‍റെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ, പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios