Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം: രാജി വയ്ക്കില്ല, ഗൂഢാലോചനയെന്ന് രഞ്ജൻ ഗോഗോയ്

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതിയാണ് വിഷയം. 

urgent sitting in supreme court
Author
Supreme Court of India, First Published Apr 20, 2019, 11:10 AM IST

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക പീഡനപരാതി പരിഗണിക്കാൻ അപൂർവ സിറ്റിംഗുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്‍റെ സ്റ്റാഫംഗങ്ങളിൽ ഒരാളായിരുന്ന മുപ്പത്തിയഞ്ചുകാരി നൽകിയ പരാതി പരിഗണിക്കാനാണ് അത്യപൂർവ നടപടിയുമായി കോടതി സിറ്റിംഗ് ചേർന്നത്. പരാതിയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

തീർത്തും അപ്രതീക്ഷിതമായി, രാവിലെ പത്തരയോടെയാണ് സുപ്രീംകോടതിയിൽ അടിയന്തര വിഷയം ചർച്ച ചെയ്യാൻ സിറ്റിംഗ് ചേരുന്നുവെന്ന ഒരു നോട്ടീസ് പുറത്തു വിട്ടത്. വേനലവധി വെട്ടിച്ചുരുക്കിയാണ് സുപ്രീംകോടതിയിൽ അടിയന്തരസിറ്റിംഗ് നടത്തിയത്. ചീഫ് ജസ്റ്റിസിന്‍റെ തന്നെ അദ്ധ്യക്ഷതയിലാണ് ബഞ്ച് സിറ്റിംഗ് നടത്തിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലുണ്ടായിരുന്നത്. രാവിലെ പത്തേമുക്കാലോടെ തുടങ്ങിയ സിറ്റിംഗിൽ നാടകീയമായ പരാമർശങ്ങളും സംഭവങ്ങളുമാണുണ്ടായത്. 

അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയും കോടതിയിലുണ്ടായിരുന്നു. സുപ്രീംകോടതിയിലെ ബാർ അസോസിയേഷൻ പ്രസിഡന്‍റും കോടതിയിലെത്തി. വാദം തുടങ്ങിയപ്പോൾത്തന്നെ, പരാതിയിലുള്ള ആരോപണങ്ങളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നിഷേധിച്ചു. 

തന്നെ സ്വാധീനിക്കാൻ കഴിയാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് അസാധാരണ നടപടിയിലൂടെ പറഞ്ഞു. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും താൻ രാജിവയ്ക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറയുന്നു. 

വളരെ പ്രധാനപ്പെട്ട കേസുകൾ അടുത്ത ആഴ്ചകളിൽ താൻ കേൾക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന്‍റെ പരാമർശങ്ങൾ താഴെ വായിക്കാം:

ലൈവ് അപ്‍ഡേറ്റ്സ്:

# ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

# ദ് വയർ, ലീഫ് ലെറ്റ്, കാരവൻ, സ്ക്രോൾ എന്നീ ഓൺലൈൻ മാധ്യമങ്ങളിൽ നിന്ന് തനിക്ക് കത്തുകൾ ലഭിച്ചു. 

# എനിക്കെതിരെ ലൈംഗികപീഡനപരാതി ഉയർന്നെന്നാണ് ആ കത്തുകളിൽ ഉണ്ടായിരുന്നത്. 

# ഞാൻ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്‍റെ സെക്രട്ടറി ഇതിന് മറുപടി നൽകി.

# കാരവൻ - ഈ കത്ത് വാർത്തയാക്കി എന്ന് എനിക്ക് അറിയാൻ കഴിഞ്ഞെന്ന് ചീഫ് ജസ്റ്റിസ്.

# ഒരു കാര്യം എനിക്ക് വ്യക്തമാക്കേണ്ടിയിരിക്കുന്നു. എന്‍റെ ഓഫീസിൽ എല്ലാ ഉദ്യോഗസ്ഥരോടും ഒരേ പോലെ മാന്യമായാണ് പെരുമാറിയിട്ടുള്ളത്. എനിക്കെതിരെ ആരോപണമുന്നയിച്ച വ്യക്തി എന്‍റെ ഓഫീസിൽ ഒന്നര മാസം ജോലി ചെയ്തിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ മറുപടി പറയേണ്ട ആവശ്യം പോലുമില്ലെന്നാണ് എനിക്ക് തോന്നിയതെന്ന് ചീഫ് ജസ്റ്റിസ്.

# പ്രത്യേക വാദം കേൾക്കലിനിടെ ആരോപണങ്ങളോടുള്ള നിലപാടുകൾ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയാണ്. 

# ഈ ആരോപണമുന്നയിച്ച വനിതയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. രണ്ട് എഫ്ഐആറുകൾ അവർക്കെതിരെ റജിസ്റ്റർ ചെയ്യപ്പെട്ടതാണ്.

# ക്രിമിനൽ കേസ് പശ്ചാത്തലമുണ്ടായിട്ടും അവരെങ്ങനെ സുപ്രീംകോടതി സർവീസിൽ പ്രവേശിച്ചു എന്ന് ഞാൻ ദില്ലി പൊലീസിനോട് ആരാഞ്ഞിരുന്നതാണ്. 

# മുൻപ് ഈ വനിതയ്ക്കും ഭർത്താവിനുമെതിരെ കേസുകളുണ്ടായിരുന്നു. ചില എഫ്ഐആറുകളിൽ അവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അവർ ജാമ്യത്തിലിറങ്ങിയതാണ്. അവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇന്ന് പട്യാല ഹൗസ് കോടതിയിൽ വാദം കേൾക്കാനിരിക്കെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്.

# 20 വർഷം നിസ്വാർത്ഥമായി ജോലി ചെയ്തയാളാണ് ഞാൻ. എന്‍റെ ബാങ്ക് അക്കൗണ്ടിൽ ആറ് ലക്ഷത്തി എൺപതിനായിരം രൂപ മാത്രമാണുള്ളത്. അതാണ് എന്‍റെ ആകെ സമ്പാദ്യം. ജഡ്‍ജിയായി ജോലി ചെയ്ത് പടിപടിയായി ഉയർന്നു വന്നയാളാണ് ഞാൻ. റിട്ടയർമെന്‍റിനടുത്ത് നിൽക്കുമ്പോൾ എന്‍റെ കയ്യിൽ ആറ് ലക്ഷം രൂപ മാത്രമാണുള്ളതെന്നും രഞ്ജൻ ഗൊഗോയ്. 

# ആരോപണത്തിന് പിന്നിൽ ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധം വലിയ ഗൂഢാലോചനയാണെന്ന് ര‍ഞ്ജൻ ഗോഗോയ്

# ജു‍ഡീഷ്യറിയുടെ സ്വാതന്ത്ര്യം അതീവ അപകടകരമായ അവസ്ഥയിലാണ്. വലിയ ഭീഷണികളാണുള്ളത്. ഇങ്ങനെ ജോലി ചെയ്യേണ്ടി വരും എന്നുണ്ടെങ്കിൽ ഒരു നല്ല ജഡ്‍ജി പോലും ഇവിടേക്ക് ജോലി ചെയ്യാൻ വരില്ല. 

# എന്ത് ഭീഷണികളുണ്ടായാലും വഴങ്ങില്ല. ഞാൻ എന്‍റെ ജോലി തുടരും. 

# എന്തായാലും ഈ പരാതി ഞാനല്ല പരിഗണിക്കുക. കോടതിയിലെ മുതിർന്ന ജഡ്‍ജിമാർ ഈ കേസ് പരിഗണിക്കും. 

# കോടതിയിലുണ്ടായിരുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത അടക്കം ഇതിനോട് യോജിച്ചു. 

# ഇത് ഒരു ഗൂഢാലോചനയും ഭീഷണിയുമാണെന്ന് തുഷാര്‍ മേത്ത.

# കോടതിയിലെ ഒരു ജൂനിയർ അസിസ്റ്റന്‍റിന്‍റെ മാത്രം ഇടപെടലായി ഇതിനെ കാണാൻ കഴിയില്ല. ഈ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. 

# ഇതിന്‍റെ പേരിൽ രാജി വയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. 

എന്തായിരുന്നു ചീഫ് ജസ്റ്റിസിനെതിരായ പരാതി?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് കാരവനും സ്ക്രോളുമുൾപ്പടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഒരു യുവതിയുടെ ലൈംഗികപീഡന പരാതി പുറത്തു വിട്ടിരുന്നു. ആ പരാതിയെക്കുറിച്ചാണ് അടിയന്തര സിറ്റിംഗ് എന്നാണ് സൂചനകൾ പുറത്തു വരുന്നത്. 

35 വയസ്സുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ചത്. 22 ജഡ്‍ജിമാർക്കാണ് പരാതി യുവതി നൽകിയിരിക്കുന്നത്. ഒക്ടോബർ 10, 11 തീയതികളിൽ ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

Updating ...

Follow Us:
Download App:
  • android
  • ios