Asianet News MalayalamAsianet News Malayalam

പ്രതിപക്ഷം അവശേഷിക്കുന്നില്ലെങ്കില്‍ എന്തിന് റാലി നടത്തി? ബിജെപിയെ വിമര്‍ശിച്ച് ശിവസേന

തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഖ്യത്തെ പ്രതിരോധത്തിലാക്കി ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

why pm modi held so many rallies for election asks shivsena
Author
Mumbai, First Published Oct 20, 2019, 6:33 PM IST

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന സഖ്യത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളൊന്നും അവശേഷിക്കുന്നില്ലെന്ന ദേവേന്ദ്രഫട്നവിസിന്‍റെ വാക്കുകള്‍ക്കെതിരെ ശിവസേന. പ്രതിപക്ഷം അവശേഷിക്കുന്നില്ലെങ്കില്‍ എന്തിനാണ് ഇത്രയധികം റാലികള്‍ മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ചതെന്ന് ശിവസേന ചോദിച്ചു. 

ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ രാജ്യസഭാംഗം സഞ്ജയ് റാവത്ത് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഖ്യത്തെ പ്രതിരോധത്തിലാക്കി ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 

ബിജെപി സഖ്യത്തെ തോല്‍പ്പിക്കാന്‍ പോന്ന പ്രതിപക്ഷ കക്ഷികളൊന്നും മഹാരാഷ്ട്രയിലില്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞത്. അങ്ങനെയെങ്കില്‍ മോദിയും അമിത് ഷായും എന്തിനാണ് ഇത്രയധികം റാലികള്‍ സംസ്ഥാനത്ത് സംഘടിപ്പിച്ചതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. നേരത്തേ ഇതേ സംശയം എന്‍സിപി നേതാവ് ശരത്ത് പവാറും ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ സംശയം തെറ്റല്ലെന്നും സഞ്ജയ് റാവത്ത് കുറിച്ചു. 

മഹാരാഷ്ട്രയുടെ രാഷ്ട്രീയഭാവി മാറ്റിമറിക്കുന്നതാവും ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തെരഞ്ഞെടുപ്പ് പ്രവേശനം.  ആദിത്യ സംസ്ഥാനത്തെ നയിക്കണമെന്ന  യുവതലമുറയുടെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് അദ്ദേഹം മത്സരിക്കുന്നത്. അല്ലാതെ നിയമസഭയില്‍ വെറുതെയിരിക്കാനല്ലെന്നും റാവത്ത് വ്യക്തമാക്കി. 

മുംബൈയിലെ വോര്‍ലി മണ്ഡലത്തില്‍നിന്നാണ് ആദിത്യ താക്കറെ മത്സരിക്കുന്നത്. സംസ്ഥാനത്തിന്‍റെ ഭൂമിശാസ്ത്രപരമായ അതിരുകള്‍ സംരക്ഷിക്കാനാണ് ശിവസേന നിലകൊള്ളുന്നതെന്നും ലേഖനത്തില്‍ സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍നിന്ന് വിദര്‍ഭയെ അടര്‍ത്തി മാറ്റി മറ്റൊരു സംസ്ഥാനം ഉണ്ടാക്കണമെന്ന് നേരത്തേ ഫട്നവിസ് പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള മറുപടികൂടിയാണ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശിവസേന പരോക്ഷമായി നല്‍കിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios