Asianet News MalayalamAsianet News Malayalam

'തന്നെയും കാവി പൂശാൻ ബിജെപി ശ്രമം'; ആഞ്ഞടിച്ച് രജനീകാന്ത്

  • ചെന്നൈയിൽ നടൻ കമല്‍ഹാസന്‍റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം
  • തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു
Will not join BJP says Rajnikanth
Author
Chennai, First Published Nov 8, 2019, 12:06 PM IST

ചെന്നൈ: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്താമായിരിക്കെ, ഈ പ്രചാരണങ്ങളെ പാടേ തള്ളി തമിഴ്‌ സൂപ്പ‍ര്‍ താരം രജനീകാന്ത്. തിരുവള്ളുവറിനെ പോലെ തന്നെയും കാവി പൂശാനാണ് ബിജെപിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

"തിരുവള്ളുവറിനെ പോലെ ബിജെപി തന്നെയും കാവി പൂശാന്‍ ശ്രമിക്കുന്നു. എന്നാലത് നടക്കാന്‍ പോകുന്നില്ല,"  രജനീകാന്ത് പ്രതികരിച്ചു.

പൊന്‍ രാധാകൃഷ്ണന്‍ രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ച പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു  പ്രതികരണം. ചെന്നൈയിൽ നടൻ കമല്‍ഹാസന്‍റെ നിര്‍മാണ കമ്പനിയുടെ പുതിയ ഓഫീസിന്‍റെ ഉദ്ഘാടന വേദിയിലായിരുന്നു രജനിയുടെ പരാമര്‍ശം.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശനം നടത്തിയെങ്കിലും സിനിമയില്‍ നിന്ന് അകന്നിട്ടില്ലെന്ന് പറഞ്ഞ രജനികാന്ത്, കലാരംഗവുമായി കമലിന്‍റെ ബന്ധം തുടരുകയാണെന്നും പറഞ്ഞു. 

മാസങ്ങളായി തമിഴ് രാഷ്ട്രീയ ആകാശത്തിന് മേലെ പറന്നുനടന്നിരുന്ന ഒരു ചോദ്യത്തിനാണ് രജനീകാന്തിന്റെ തുറന്നുപറച്ചിലോടെ അവസാനമായിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിനെ മുന്നിൽ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കത്തിന് ബിജെപി ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

ബിജെപി ദേശീയ - സംസ്ഥാന നേതാക്കളുമായി രജനീകാന്ത് വേദി പങ്കിട്ടപ്പോഴെല്ലാം ഈ അഭ്യൂഹം ശക്തിപ്പെട്ടു. ഏറ്റവുമൊടുവിൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് കൊണ്ട് രജനീകാന്ത് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കൃഷ്ണനോടും അർജുനനോടും ഉപമിച്ചയിരുന്നു രജനീകാന്തിന്റെ പ്രസംഗം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ അഭിനന്ദിച്ച രജനീകാന്ത്, ഇതിനെ ഒന്നാന്തരം നടപടിയെന്നാണ് വിശേഷിപ്പിച്ചത്.

"ആരാണ് കൃഷ്ണൻ ആരാണ് അർജുനൻ എന്ന് നമുക്കറിയില്ല. അത് അവർക്ക് മാത്രം അറിയുന്ന കാര്യമാണ്," രജനീകാന്ത് പറഞ്ഞു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ "ലിസണിങ്, ലേണിങ് ആന്റ് ലീഡിങ്" എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രജനീകാന്ത് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

Follow Us:
Download App:
  • android
  • ios