മത്സര പരീക്ഷകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികളെ സമീപിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്തു; യുവദമ്പതികൾ പിടിയിൽ
പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല
ന്യൂഡൽഹി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദ് സ്വദേശികളായ വികാസ് ത്യാഗി (35), ഭാര്യ അമിത എന്നിവരാണ് പിടിയിലായത്. നിരവധിപ്പേരെ ഇവർ കബളിപ്പിച്ചിട്ടുള്ളതായി ബുധനാഴ്ച പൊലീസ് അറിയിച്ചു.
പിടിയിലാവാതിരിക്കാൻ കഴിഞ്ഞ ആറു മാസമായി നിരന്തരം വിലാസങ്ങളും രേഖകളും മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. നേരത്തെ ലക്ഷ്മി നഗർ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പല സ്ഥലങ്ങളിൽ മാറിമാറി താമസിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചുകൊണ്ടിരുന്നതിനാൽ പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ പത്താം തീയ്യതിയാണ് ഇവരുടെ ഇപ്പോഴത്തെ താമസ സ്ഥലം സംബന്ധിച്ച ചില വിവരങ്ങൾ പൊലീസുകാർക്ക് ലഭിച്ചത്.
ഗാസിയാബാദിലെ ഗോവിന്ദ് പുരം എന്ന സ്ഥലത്ത് വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിൽ കഴിഞ്ഞുവരികയായിരുന്നു ഇരുവരും. രഹസ്യമായി നിരീക്ഷിച്ച് ഉറപ്പാക്കിയ ശേഷം പൊലീസ് കഴിഞ്ഞ ദിവസം ഇവിടെ റെയ്ഡ് നടത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. സർക്കാർ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചിരുന്നതായും ഇതിന്റെ പേരിൽ കബളിപ്പിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇരുവരും പൊലീസിനോട് സമ്മതിച്ചു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളും യുവാക്കളുമായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.