Asianet News MalayalamAsianet News Malayalam

ഇന്ത്യക്ക് തിരിച്ചടി: മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു

മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്. തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു.

china vetoes indian attempt to black list masood azhar
Author
New York, First Published Mar 14, 2019, 12:01 AM IST

ബീജിംഗ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് ചൈന വീണ്ടും തടഞ്ഞു. ഇത് നാലാം തവണയാണ് യുഎൻ സുരക്ഷാ സമിതിയുടെ നീക്കത്തെ ചൈന എതിർക്കുന്നത്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 

മസൂദ് അസ്ഹറിനെ കരിമ്പട്ടികയിൽപ്പെടുത്തുന്നത് തൽക്കാലം മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് ചൈന മുന്നോട്ട് വച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സമവായവും ചർച്ചയുമാണ് ആവശ്യമെന്നാണ് ചൈനയുടെ നിലപാട്. തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. 

മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈന പറയുന്നത്.

മുൻപ് മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടഞ്ഞിരുന്നു. 

കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ സഹമന്ത്രി കോങ് സുവാൻയു പാകിസ്ഥാൻ സന്ദർശിച്ച് പ്രസിഡന്‍റ് ഇമ്രാൻ ഖാനെയും സൈനികമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയെയും കണ്ട് ചർച്ചകൾ നടത്തിയിരുന്നു. സുരക്ഷാ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഇന്ത്യ ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗരാജ്യങ്ങളോടും മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിന് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. അതിർത്തിയ്ക്കപ്പുറം ജയ്ഷെ മുഹമ്മദ് ഭീകരപരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യയിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്താൻ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.

2001-ൽ ഇന്ത്യയുടെ പാർലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ട ശേഷം പാകിസ്ഥാനിൽ നിരോധനം നേരിട്ട ജയ്ഷെ മുഹമ്മദാണ്, പിന്നീടങ്ങോട്ട് ഉറിയിലും പഠാൻകോട്ടിലും സൈനികക്യാംപുകളിൽ നടത്തിയ ആക്രമണങ്ങളും ഏറ്റവും ഒടുവിൽ പുൽവാമ ഭീകരാക്രമണവും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. 

അമേരിക്കയും, യുകെയും ഫ്രാൻസും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമാണ്. യഥാർഥത്തിൽ മസൂദ് അസറിനെ ആഗോള തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടു വച്ചത് തന്നെ ഈ മൂന്ന് രാജ്യങ്ങൾ ചേർന്നാണ്. അൽ ഖ്വയ്‍ദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിയ്ക്ക് (1267 Al Qaeda Sanctions Committee) മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇതിനെ നേരത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios