Asianet News MalayalamAsianet News Malayalam

അത് പബ്‍ജിയായിരുന്നില്ല! ക്രൂരത ലൈവായി സംപ്രേഷണം ചെയ്ത് ന്യൂസീലൻഡിലെ അക്രമി

പോയന്‍റ് ബ്ലാങ്കിൽ പള്ളിയിൽ പ്രാർഥിക്കാനെത്തിയവരുടെ നെറ്റിയിൽ വെടിവെയ്ക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് അക്രമി ലൈവായി നൽകിയത്.  

New Zealand Shooter Published Racist Manifesto Live streamed Rampage
Author
Wellington, First Published Mar 15, 2019, 5:52 PM IST

വെല്ലിംഗ്ടൺ: ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീംപള്ളികളിൽ ഭീകരാക്രമണം നടത്തിയ അക്രമി പോയന്‍റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. നിമിഷം തോറും പ്രചരിക്കുന്ന ദൃശ്യങ്ങൾ നീക്കം ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ് ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ.

ന്യുസീലൻഡിലെ ചെറുപട്ടണമായ ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പള്ളിയിലെ സിസിടിവിയിലെയോ ദൃക്സാക്ഷികൾ പകർത്തിയ മൊബൈൽ വീഡിയോയുടെയോ ദൃശ്യങ്ങളല്ല പുറത്തു വന്നിരിക്കുന്നത് എന്നതാണ് അധികൃതർക്ക് തലവേദനയുണ്ടാക്കുന്നത്. പള്ളിയിൽ പ്രാർഥിക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നെറ്റിയിലേക്ക് പോയന്‍റ് ബ്ലാങ്കിൽ വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഇത്തരമൊരു അക്രമത്തിന്‍റെ ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ടപ്പോഴും അത് നീക്കം ചെയ്യാൻ ട്വിറ്ററിനോ ഫേസ്ബുക്കിനോ കഴിഞ്ഞില്ല. ഇപ്പോൾ വ്യാപകമായി ദൃശ്യങ്ങൾ പ്രചരിക്കപ്പെടുമ്പോൾ, കാണുന്ന ലിങ്കുകളെല്ലാം നീക്കം ചെയ്യുകയല്ലാതെ തുടർച്ചയായി അപ്‍ലോഡ് ചെയ്യപ്പെടുന്നത് തടയാൻ സാമൂഹ്യമാധ്യമങ്ങൾക്ക് കഴിയുന്നില്ല. ദയവ് ചെയ്ത് ഇത്തരം വീഡിയോകൾ അപ്‍ലോഡ് ചെയ്യരുതെന്ന് ന്യുസീലൻഡ് സർക്കാർ പൗരൻമാരോടും പുറത്തുള്ളവരോടും അഭ്യർഥിക്കുകയാണ്.

ഓസ്ട്രേലിയൻ പൗരനായ ബ്രെൻടൺ ടറന്‍റ് എന്ന ഇരുപത്തെട്ടുകാരനാണ് ആക്രമണം നടത്തിയതെന്ന വിവരമാണിപ്പോൾ പുറത്തു വരുന്നത്. ഗോപ്രോ ക്യാമറ ഉപയോഗിച്ചാണ് അക്രമി ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്തത്. തന്‍റെ തൊപ്പിക്ക് മുകളിൽ വച്ച ക്യാമറ സ്മാർട് ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഒരു കാറിൽ അക്രമി പള്ളിക്ക് അടുത്തേയ്ക്ക് വരുന്നതും, പട്ടാളവേഷത്തിൽ കാറിൽ നിന്ന് ഒരു തോക്കുമായി ഇറങ്ങി നടക്കുന്നതും, പള്ളിയ്ക്ക് അകത്തേക്ക് കയറി പ്രാർഥിക്കാനെത്തിയ വിശ്വാസികളെ തുരുതുരാ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അത്യന്തം ക്രൂരവും നടുക്കുന്നതുമായ ദൃശ്യങ്ങൾ തടയാൻ സാമൂഹ്യമാധ്യമങ്ങൾ എന്തുചെയ്യുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. 

17 മിനിറ്റോളം നീണ്ട തത്സമയവീഡിയോ സംപ്രേഷണം ഫേസ്ബുക്കിന് തടയാനായില്ല. ആക്രമണം തുടങ്ങി അത് ലൈവാണെന്ന് വ്യക്തമായപ്പോൾത്തന്നെ ന്യുസീലൻഡ് പൊലീസ് ഫേസ്ബുക്കിനെ വിവരമറിയിച്ചിട്ടും 17 മിനിറ്റിന് ശേഷമാണ് ഫേസ്ബുക്കിന് അത് നിർത്താനായത്. പക്ഷേ അപ്പോഴേക്കും വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിലും അതേസമയം അക്രമി ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു. അതും തടയാനായില്ല.

സാമൂഹ്യമാധ്യമങ്ങൾക്ക് ഉത്തരവാദിത്തമില്ലേ?

അക്രമോത്സുകമായ ഉള്ളടക്കം തടയുന്നതിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള ഉത്തരവാദിത്തമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ടെക്നോളജി രംഗത്തെ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടും മുപ്പതിനായിരം പേർ, 20 ഓഫീസുകളിലായി ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. എന്നാൽ പോയന്‍റ് ബ്ലാങ്കിൽ ആളുകളെ വെടിവെച്ചിടുന്ന ദൃശ്യം 17 മിനിറ്റ് നേരം ലൈവായി നൽകപ്പെട്ടിട്ടും, ഇത് നിരവധിപ്പേർ ഷെയർ ചെയ്യപ്പെട്ടിട്ടും പൊലീസ് അറിയിച്ച ശേഷം മാത്രമാണ് ഫേസ്ബുക്കിന് വിവരം കിട്ടിയത്.

ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ് എന്നീ സാമൂഹ്യമാധ്യമങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ദയനീയമായി പരാജയപ്പെടുന്നതാണ് കാണുന്നത്. 2017 ഏപ്രിലിലും സമാനമായ സംഭവം ആവർത്തിച്ചിരുന്നു. തന്‍റെ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊല്ലുന്നത് തത്സമയം കാണിച്ച അച്ഛന്‍റെ അക്കൗണ്ട് ഇടപെട്ട് പൂട്ടിക്കാൻ ഫേസ്ബുക്കിന് കഴിഞ്ഞിരുന്നില്ല. സ്ത്രീകളെ അപമാനിക്കുന്ന തരം ഉള്ളടക്കം നിയന്ത്രിക്കാനും, അത് പ്രാദേശികഭാഷകളിലാണെങ്കിൽ തിരിച്ചറിയാൻ പോലും ഫേസ്ബുക്കിനാകില്ലെന്നും ആരോപണമുയരുന്നുണ്ട്.

 

Follow Us:
Download App:
  • android
  • ios