Asianet News MalayalamAsianet News Malayalam

മുംബൈ സൂപ്പര്‍ ഇന്ത്യന്‍സ്; ആവേശപ്പോരില്‍ പൂനെയെ വീഴ്ത്തി മുംബൈയ്ക്ക് കിരീടം

IPL Final Mumbai beat Pune by 1 run clinches 3rd title
Author
Hyderabad, First Published May 21, 2017, 11:51 PM IST

ഹൈദരാബാദ്: ആവേശം അവസാന പന്തുവരെനീണ്ട പോരാട്ടത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിന് കീഴടക്കി മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഐപിഎല്‍ കീരീടം. മുംബൈ ഉയര്‍ത്തിയ 130 രണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു പൂനെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ആദ്യ പന്തില്‍ മനോജ് തിവാര് ബൗണ്ടറി നേടിയതോടെ പൂനെയുടെ ലക്ഷ്യം അഞ്ച് പന്തില്‍ ഏഴായി ചുരുങ്ങി. എന്നാല്‍ രണ്ടും മൂന്നും പന്തുകളില്‍ മനോജ് തിവാരിയെയും ക്യാപ്റ്റന്‍ സ്മിത്തിനെയും നഷ്ടമായതോടെ പൂനെ പതറി. അടുത്ത പന്തില്‍ സിംഗിളെടുത്ത പൂനെയ്ക്ക് എന്നാല്‍ രണ്ട് പന്തില്‍ ആറ് റണ്‍സ് മതിയായിരുന്നു കന്നി കിരീടത്തിലേക്ക്. എന്നാല്‍ അടുത്ത രണ്ട് പന്തില്‍ നാലു റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 129/8, റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 20 ഓവറില്‍ 128/6.

ഐപിഎല്ലിന്റെ ഫൈനലിന് ചേരുന്ന പോരാട്ടംതന്നെയായിരുന്നു ഹൈദരാബാദില്‍ കണ്ടത്. കൂട്ടത്തകര്‍ച്ച നേരിട്ടിട്ടും മിച്ചല്‍ ജോണ്‍സണെ കൂട്ടുപിടിച്ച് ക്രുനാല്‍ പാണ്ഡ്യ നടത്തിയ പോരാട്ടം മുംബൈയെ ഒന്ന് പൊരുതിനോക്കാവുന്ന സ്കോറിലെത്തിച്ചു. കരുതലോടെ തുടങ്ങിയ പൂനെ അമിതാവേശം കാണിക്കാതെ അടിവെച്ച് അടിവെച്ച് ലക്ഷ്യത്തിലേക്ക് മുന്നേറി. 17 റണ്‍സില്‍ രാഹുല്‍ ത്രിപാഠിയെ(3) നഷ്ടമായെങ്കിലും രഹാനെയും സ്മിത്തും കൂട്ടുചേര്‍ന്നതോടെ പൂനെ അനായാസം ലക്ഷ്യത്തിലെത്തുമെന്ന് തോന്നി. എന്നാല്‍ റണ്‍സധികം വിട്ടുകൊടുക്കാതെ നിയന്ത്രിച്ച് പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ മുംബൈയുടെ സാധ്യതകള്‍ക്ക് ജീവന്‍ നല്‍കി.

സ്കോര്‍ 71ല്‍ നില്‍ക്കെ രഹാനെ(44)യെ മടക്കി മിച്ചല്‍ ജോണ്‍സണാണ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കിയത്. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ ധോണി 13 പന്തില്‍ 10 റണ്‍സുമായി മടങ്ങി. അപ്പോഴും പൊരുതിനിന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിലായരുന്നു പൂനെയുടെ കന്നിക്കിരീട സ്വപ്നങ്ങളത്രയും. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 23 റണ്‍സ് വേണമെന്നിരിക്കെ ബൂമ്രയെ സിക്സറടിച്ച് സ്മിത്ത് പൂനെയെ കിരീടത്തിനരികിലേക്കെത്തിച്ചു.എന്നാല്‍ ആന്റി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് തന്നെ തിവാരി ബൗണ്ടറി കടത്തിയതോടെ മുംബൈയുടെ പ്രതീക്ഷയറ്റതാണ്. എന്നാല്‍ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ തിവാരിയും സ്മിത്തും വീണതോടെ മുംബൈ കിരീടത്തില്‍ പിടിമുറുക്കി. അവസാന പന്തില്‍ നാലു റണ്‍സ് വേണമെന്നിരിക്കെ മൂന്ന് റണ്‍സെടുത്ത് കളി ടൈ ആക്കാനുള്ള പൂനെയുടെ ശ്രമം റണ്ണൗട്ടില്‍ കലാശിച്ചതോടെ ഒരു റണ്ണിന് മുംബൈ കിരീടം കൈക്കലാക്കി.

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈയ്കായി ക്രുനാല്‍ പാണ്ഡ്യയും(47) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(26) മാത്രമെ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ജയദവ് ഉനദ്ഘട്ടായിരുന്നു പൂനെയുടെ ഹീറോ. തന്റെ ആദ്യ രണ്ടോവറില്‍ തന്നെ മുംബൈ ഓപ്പണര്‍മാരെ മടക്കി ഉനദ്ഘട്ട് ഏല്‍പ്പിച്ച ആഘാതം മറികടക്കാന്‍ മുംബൈക്ക് പിന്നീട് ആയില്ല. അംബാട്ടി റായിഡുവും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും റായിഡുവിന്റെ(12) കളിയുടെ ഗതി മാറ്റി. പിന്നാലെ രോഹിത് ശര്‍മയെ(26)യും കീറോണ്‍ പൊള്ളാര്‍ഡിനെയും(7) മടക്കി ആദം സാംപം മുംബൈയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഹര്‍ദ്ദീക് ഫാണ്ഡ്യയെ(10) ഡാന്‍ ക്രിസ്റ്റ്യന്‍ മടക്കകുകയും കരണ്‍ ശര്‍മ(1) റണ്ണൗട്ടാവുകയും ചെയ്തതോടെ മുംബൈ 79/7 ലേക്ക് തകര്‍ന്നടിഞ്ഞു.

എട്ടാം വിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യ-മിച്ചല്‍ ജോണ്‍സണ്‍(13) സഖ്യം കൂട്ടിച്ചേര്‍ത്ത 50 റണ്‍സാണ് മുംബൈയെ 100 കടത്തിയത്. പൂനെയ്ക്കായി ഉനദ്ഘട്ട് നാലോവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ വിക്കറ്റൊന്നും വിഴ്‌ത്തിയില്ലെങ്കിലും വാഷിംഗ്ടണ്‍ സുന്ദര്‍ നാലോവറില്‍ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാലോവറില്‍ 32 റണ്‍സ് വഴങ്ങിയ ആദം സാംപ രണ്ട് വിക്കറ്റെടുത്തു.

Follow Us:
Download App:
  • android
  • ios