Asianet News MalayalamAsianet News Malayalam

ബാറ്റിംഗ് വെടിക്കെട്ടിലും ജീവിതത്തിലും ചേട്ടനാണയാള്‍; തന്നെക്കാള്‍ വലിയ ഹിറ്ററെ കുറിച്ച് റസല്‍

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരശേഷം റസല്‍ പറഞ്ഞത് തന്നേക്കാള്‍ വലിയ ഹിറ്റര്‍ ഈ ഐപിഎല്ലിലുണ്ടെന്നാണ്. 

Gayle still bigger hitter says Andre Russell
Author
kolkata, First Published Mar 28, 2019, 12:00 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ രണ്ടാം ജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് കളിയിലും എക്‌സ് ഫാക്‌ടറായത് ആന്ദ്രേ റസല്‍ എന്ന വിന്‍ഡീസ് ഓള്‍റൗണ്ടറുടെ വെടിക്കെട്ട് ബാറ്റിംഗും. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ റസല്‍ നടത്തിയ വെടിക്കെട്ടാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 

റസല്‍ 17 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ അടിച്ചെടുത്തത് 48 റണ്‍സ്. ഇതോടെ റസലിനെ ഏറ്റവും മികച്ച ഹിറ്റര്‍ എന്ന് വിശേഷിപ്പിക്കുകയാണ് ക്രിക്കറ്റ് ലോകം. റസലിനെ പ്രശംസിച്ച് മുന്‍ താരങ്ങളടക്കം രംഗത്തെത്തി. ആദ്യ കളിയില്‍ റസല്‍ 19 പന്തില്‍ പുറത്താവാതെ 49 റണ്‍സെടുത്തിരുന്നു. എന്നാല്‍ പഞ്ചാബിനെതിരായ മത്സരശേഷം റസല്‍ പറഞ്ഞത് തന്നേക്കാള്‍ വലിയ ഹിറ്റര്‍ ഈ ഐപിഎല്ലിലുണ്ടെന്നാണ്. 

വിന്‍ഡീസ് സഹതാരവും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഓപ്പണറുമായ ക്രിസ് ഗെയ്‌ലിനെയാണ് റസല്‍ ഇങ്ങനെ വിശേഷിപ്പിച്ചത്. 'ഗെയ്‌ല്‍ തനിക്കൊരു സഹോദരനെ പോലെയാണ്, വലിയ ഇതിഹാസമാണയാള്‍. അദേഹത്തെ നേരത്തെ പുറത്താക്കാനായത് വലിയ നേട്ടമാണ്. ഇന്ന് ഞാന്‍ കുറച്ച് വമ്പനടികള്‍ പുറത്തെടുത്തു. എന്നാല്‍ ഗെയ്‌ലാണ് ഇപ്പോഴും ഏറ്റവും വലിയ ഹിറ്ററെന്ന്' മത്സരശേഷം റസല്‍ പറഞ്ഞു. 

ആന്ദ്രേ റസല്‍ മിന്നിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം ജയം സ്വന്തമാക്കി. കൊല്‍ക്കത്ത 28 റണ്‍സിന് പഞ്ചാബിനെ തോല്‍പിച്ചു. കൊല്‍ക്കത്തയുടെ 218 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 190 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കേ ക്രിസ് ഗെയ്‌ലിനെ പ്രസിദിന്‍റെ കൈകളിലെത്തിച്ചത് റസലാണ്. ഈ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായി. 

Follow Us:
Download App:
  • android
  • ios