Asianet News MalayalamAsianet News Malayalam

പ്രചാരണഗാനത്തിൽ ഓർത്തഡോക്സ് സഭാദ്ധ്യക്ഷന്റെ ചിത്രം; കെ സുരേന്ദ്രനെതിരെ ജില്ലാ കളക്ടർക്ക് പരാതി

ബിജെപി സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ‍‍ഡിഎഫും യുഡിഎഫുമാണ് പരാതി നൽകിയിരിക്കുന്നത്.

complaint against K. Surendran for using Image of Orthodox bava in campaign song
Author
Konni, First Published Oct 19, 2019, 11:03 PM IST

പത്തനംതിട്ട: കോന്നിയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെതിരെ കളക്ടർക്ക് പരാതി. പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന് കാണിച്ച് എൽഡിഎഫും യുഡിഎഫും പത്തനംതിട്ട ജില്ലാ കളക്ടർക്ക് പരാതി നൽകി. പ്രചാരണ ഗാനത്തിൽ ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിച്ചുവെന്നാണ് പരാതി.

കോന്നി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ മതചിഹ്നങ്ങൾ ഉപയോഗിച്ച വോട്ട് പിടിച്ചെന്ന് കാണിച്ചാണ് കോൺഗ്രസ് ജില്ലാ നേതൃത്വം പരാതി നൽകിയത്. സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്റെ ഫോട്ടോയും , ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രൈസ്തവസഭകൾ കുർബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തിൽ പാരഡിഗാനം രചിച്ച് പ്രചരിപ്പിച്ചു. മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓർത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനിച്ച് സഭാ വിശ്വസികളുടെ വോട്ടുനേടുന്നതിനു വേണ്ടി സ്ഥാനാർത്ഥി മനപൂർവ്വം ഇപ്രകാരം പ്രവർത്തിച്ചു. അതിനാൽ സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും , അഴിമതി പ്രവർത്തി നടത്തിയതിനും  നിയമ നടപടികൾ സ്വീകരിക്കണമെന്ന് യുഡിഎഫിന്റെ പരാതിയിൽ പറയുന്നു. 

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം ആയതിനാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വീഡിയോ പ്രചാരണം തടയണമെന്നും കാണിച്ച് കോന്നിയിലെ ചീഫ് ഇലക്ഷൻ ഏജൻറ് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ ആണ് എൽഡിഎഫിന് വേണ്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അങ്കമാലി അതിരൂപതയിൽ നിന്നുള്ള ഓർത്തഡോക്സ് വൈദികനെ ബിജെപി കോന്നിയിൽ പ്രചാരണത്തിനിറക്കിയിരുന്നു. അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പഴന്തോട്ടം പള്ളിയിലെ വികാരി ആണ് കെ സുരേന്ദ്രനായി കോന്നിയിൽ പ്രചാരണത്തിനിറങ്ങിയത്. ബിജെപിയുടെ പ്രചാരണ ചുമതലയുള്ള എ എൻ രാധാകൃഷ്ണൻ കാതോലിക്കാ ബാവയെ നേരിട്ട് കണ്ട് തെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios