Asianet News MalayalamAsianet News Malayalam

അവസാനലാപ്പിലെ ആവേശം വാനോളം ഉയർത്തി എറണാകുളത്ത് കൊട്ടിക്കലാശം

പൊതുവേ ശാന്തമായ തെരഞ്ഞെടുപ്പ് ഗോദ ആവേശത്തിന്റെ കൊടുമുടിയിലെത്തിയ കാഴ്ചയായിരുന്നു എറണാകുളത്തേത്. കുത്തക നിലനിർത്താൻ കോൺഗ്രസും തകർക്കാൻ ഇടതുമുന്നണിയും പോരാട്ടം കടുപ്പിച്ചപ്പോൾ മണ്ഡലം സാക്ഷ്യം വഹിച്ചത് ഇതു വരെ കാണാത്ത വിധം ആവേശകരമായ കൊട്ടിക്കലാശത്തിന്.

election campaign ends in ernakulam
Author
Ernakulam, First Published Oct 19, 2019, 6:59 PM IST

എറണാകുളം: ആദ്യ മണിക്കൂറുകളിൽ കണ്ട ശാന്തമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ ആവേശത്തിന്റെ കൊടുമുടിയിൽ. എറണാകുളത്തിന്റെ മണ്ണ് ആവേശത്തിന്റെ നെറുകയിലെത്തിക്കാൻ അവസാനമണിക്കൂറിലെ കൊട്ടിക്കലാശം തന്നെ വേണ്ടി വന്നു. പൊതുവെ ശാന്തമായ തെരഞ്ഞെടുപ്പ് ഗോദയിൽ അവസാനവട്ട പ്രചാരണത്തിൽ മുന്നേറാൻ മുന്നണികൾ മത്സരിക്കുന്ന കാഴ്ചയായിരുന്നു എറണാകുളത്ത് കണ്ടത്.

കുത്തക മണ്ഡലം കാക്കുമെന്ന ഉറച്ച വിശ്വാസം പൂർണമായി പ്രതിഫലിപ്പിച്ചായിരുന്നു തുടക്കം മുതൽ യുഡിഎഫിന്റെ പ്രചാരണം. ടൗൺ ഹാൾ പരിസരത്ത് നടന്ന കൊട്ടിക്കലാശത്തിൽ ആ ആത്മവിശ്വാസം അണികൾ വാനോളം ഉയർത്തി .സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കി അട്ടിമറി ജയത്തിന് ശ്രമം നടത്തുന്ന എൽഡിഎഫിനെ ഭയക്കാൻ തയ്യാറല്ലെന്ന നിലപാട് ഊട്ടി ഉറപ്പിക്കുന്ന ശക്തി പ്രകടനം ആണ് യുഡിഎഫ് കാഴ്ച വച്ചത്. മണപ്പാട്ടുപറമ്പിൽ നിന്ന് റോഡ‍് ഷോയായി എത്തി ടൗൺ ഹാൾ പരിസരത്ത് യു‍ഡിഎഫ് പ്രകടനത്തിന് സമാപിച്ചു.

election campaign ends in ernakulam

ഒറ്റക്കെട്ടായി മുന്നണി പ്രവർത്തനം നടക്കുന്നതിനാൽ കോൺഗ്രസ് കുത്തക നിലനിർത്തുമെന്ന് പ്രചാരണത്തിന്റെ അവസാന മണിക്കൂറിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് പ്രതീക്ഷ പ്രകടിപ്പിച്ചു. യുഡിഎഫിന്റെ പൊന്നാപുരംകോട്ടയിൽ നിഷ്പ്രയാസം വിജയിക്കുമെന്ന് ടിജെ വിനോദിനൊപ്പം ചേർന്ന് മുൻ എംഎൽഎ ഹൈബി ഈ‍ഡനും വ്യക്തമാക്കി.

election campaign ends in ernakulam

അവസാനമണിക്കൂറിൽ അണികളെ എല്ലാം ഒരു വട്ടം കൂടി കാണാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദും. നിലവില്‍ എറണാകുളം കോർപറേഷൻ ഡെപ്യൂട്ടി മേയറായ ടി ജെ വിനോദ് തെര‍ഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പ് ഫലം മൂന്നര വർഷത്തെ എല്‍ഡിഎഫ് ഭരണത്തിന്‍റെ വിലയിരുത്തലാവും. ഒരു തരത്തിലുള്ള അട്ടിമറിയും എറണാകുളത്ത് സംഭവിക്കില്ല. യുഡിഎഫ് മികച്ച രീതിയിൽ ജയിച്ചു കയറും. 

ഉപതെരഞ്ഞെടുപ്പുകളില്‍ എറണാകുളത്ത് എല്‍‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്ന പതിവ് ഇക്കുറി പ്രതീക്ഷിക്കണ്ടെന്ന് വിനോദ് കൂട്ടിച്ചേർത്തു. ‍കഴി‍ഞ്ഞ നിയമസഭാ ലോക്സഭാ തെരഞ്ഞടുപ്പുകളിൽ യു‍ഡിഎഫിന് ഇവിടെ മുപ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണ് എറണാകുളം. പതിനാറ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പതിമൂന്നിലും ഇവിടെ ജയിച്ചത് യുഡിഎഫാണ്.election campaign ends in ernakulam

അട്ടിമറി ജയം തേടി സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കിയ എൽഡിഎഫും കൊട്ടിക്കലാശത്തിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.  താരസാന്നിധ്യമായി മുൻ എംപി ഇന്നസെന്റും ഇടത് സ്ഥാനാർത്ഥി മനു റോയിക്കൊപ്പം ചേർന്നു. ഇടതുസ്ഥാനാർത്ഥിയും ഹൈക്കോടതിയിലെ അഭിഭാഷകനുമായ മനു റോയ് മുതിർന്ന മാധ്യമപ്രവർത്തകന്‍ കെ എം റോയിയുടെ മകന്‍ കൂടിയാണ്.  മണ്ഡലത്തിലെ നാല്‍പത് ശതമാനം വോട്ടുകളും യുവാക്കളുടെതാണെന്ന് ചൂണ്ടിക്കാട്ടുകയാണ് എല്‍‍ഡിഎഫ് സ്ഥാനാ‍ത്ഥി. ഈ വോട്ടുകള്‍ പൂർണമായും തനിക്കനുകൂലമാകുമെന്നും മനു റോയ് പറഞ്ഞു.

പാലാരിവട്ടം പാലവും തകർന്നു കിടക്കുന്ന റോഡുകളും തെരഞ്ഞടുപ്പ് ഫലത്തെ തീർച്ചയായും സ്വാധീനിക്കുമെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ. പാലാരിവട്ടത്തെ പ‍ഞ്ചവടിപ്പാലമാക്കി മാറ്റിയവർക്കെതിരെ ജനങ്ങൾ വിധിയെഴുതും. പിഡബ്ള്യുഡി റോ‍ഡുകളൊഴികെ എല്ലാ റോഡുകളും നടക്കാന്‍ പോലുമാകാത്ത വിധം തകർന്നു കിടക്കുന്നു. ഗതാഗതക്കുരുക്കും വലിയ പ്രശ്നമാണ് . ഇത്തരത്തിൽ പാലാരിവട്ടം അടക്കമുള്ള വികസന വിഷയങ്ങൾ പ്രധാന ചർച്ചയാക്കിയതിലൂടെ മുൻപെങ്ങും കാണാത്ത വിധം ഒരു ട്വിസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഇക്കുറി ഉണ്ടാകുമെന്നും ഇടത് സ്ഥാനാർത്ഥി പറയുന്നു.

election campaign ends in ernakulam

യുഡിഎഫ് കുത്തക തകർക്കാൻ എൽഡിഎഫിന് ആകും എന്ന ആത്മവിശ്വാസം മുൻ എംപിയും നടനുമായ ഇന്നസെന്റ് പങ്കു വച്ചു. ജനസമ്മതനായ മനു റോയിക്ക് ഇടതുപക്ഷത്തിന്റെ മാത്രമല്ല, മറ്റുള്ള പാർട്ടികളുടെയും വോട്ട് ലഭിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. റോഡ് ഷോയിൽ ഉടനീളം ഇടതു സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് താരപരിവേഷം പകർന്ന് ഇന്നസെന്റും ഒപ്പം ഉണ്ടായി. കെയർ ആന്റ് ഷെയർ പോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം മനു റോയിക്ക് മുതൽക്കൂട്ടാകുമെന്നും ഇന്നസെന്റ് പറഞ്ഞു. എംകെ സാനുവിന്റെയും സെബാസ്റ്റ്യൻ പോളിന്റെയും വഴിയിലേക്ക് മനു റോയിയും എന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്.

election campaign ends in ernakulam

ഇടത് വലതു മുന്നണികൾക്കൊപ്പം എത്തിയില്ലെങ്കിലും ആവേശത്തിനൊട്ടും കുറവ് വരുത്താതെ ബിജെപിയും എറണാകുളത്ത് കളം നിറച്ചു. പ്രചാരണത്തിന്റെ അവസാന ലാപ്പിലും മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമാകാൻ മണ്ഡലത്തിന് സുപരിചിതനായ ബിജെപി സ്ഥാനാർത്ഥി രാജഗോപാലിനായി. ബിജെപിയുടെ കൊട്ടിക്കലാശത്തിന് വേദിയായ എറണാകുളം മാധവ ഫാർമസി പരിസരം അണികളെ കൊണ്ട് സമ്പുഷ്ടമായി.

എറണാകുളത്തെ ബിജെപി മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് എന്‍‍ഡിഎ സ്ഥാനാ‍ർത്ഥി സി ജി രാജഗോപാൽ മണ്ഡലത്തിൽ അട്ടിമറി ജയം നേടാനാകും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ഇവിടുത്തെ ഓരോ വ്യക്തികളെയും പേരെടുത്ത് വിളിക്കാന്‍ മാത്രം അടുപ്പം തനിക്ക് ഈ മണ്ഡലവുമായി ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ എറണാകുളത്ത് അട്ടിമറി സംഭവിക്കും. അത് എന്‍ഡിഎയിലൂടെയാവും സംഭവിക്കുക. ഇടത് - വലത് മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇടത് മുന്നണി ജനങ്ങളെ തെരുവിലേക്കിറക്കി വിടുമ്പോൾ പണിഞ്ഞ പാലം പൊളിച്ച് യു‍ഡിഎഫ് ജനങ്ങളെ കൊള്ളയടിക്കുന്നു. ഇതിനൊക്കെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും രാജഗോപാൽ പറഞ്ഞു.

election campaign ends in ernakulam

അവസാന ലാപ്പിലെ ആവേശം വോട്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ചൂടു പിടിച്ച പ്രചാരണത്തിന് കൊട്ടിക്കലാശം കുറിച്ചപ്പോഴും തളർച്ച ബാധിക്കാതെ മുന്നേറിയ മൂന്ന് സ്ഥാനാർത്ഥികളും പൂർണ വിജയപ്രതീക്ഷയിലാണ്. മുന്നണികളും അതേ പ്രതീക്ഷ പങ്കു വയ്ക്കുന്നു.

Follow Us:
Download App:
  • android
  • ios