Asianet News MalayalamAsianet News Malayalam

എറണാകുളത്ത് അവസാന ലാപ്പിലോടി മുന്നണികൾ: ഒട്ടും കിതക്കാതെ സ്ഥാനാർത്ഥികൾ

കൊട്ടിക്കലാശത്തിനു മുൻപേ ഇനിയും എത്തിച്ചേരാനാവാത്ത ഇടങ്ങളിലൊക്കെ എത്തേണ്ടതുണ്ട്. പരമാവധി പേരെ കാണണം. പ്രചാരണം ഉച്ച:സ്ഥായിയിലെത്തുമ്പോഴും യാതൊരു തളർച്ചയും ബാധിക്കാതെ മുന്നോട്ടു പോവുകയാണ് സ്ഥാനാർത്ഥികൾ.

eranakulam by election 2019 campaign to end  today
Author
Ernakulam, First Published Oct 19, 2019, 1:38 PM IST

എറണാകുളം: അവസാനവട്ട പ്രചാരണത്തിന്‍റെ തിരക്കിലാണ് എറണാകുളത്തെ സ്ഥാനാ‍ർത്ഥികൾ. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. കൊട്ടിക്കലാശത്തിനു മുൻപേ ഇനിയും എത്തിച്ചേരാനാവാത്ത ഇടങ്ങളിലൊക്കെ എത്തേണ്ടതുണ്ട്. പരമാവധി പേരെ മൂന്ന് മണിക്ക് മുൻപ് കാണണം. ആടി നില്‍ക്കുന്ന വോട്ടുകൾ കൂടി ഉറപ്പിക്കണം. പ്രചാരണം ഉച്ച:സ്ഥായിയിലെത്തുമ്പോഴും യാതൊരു തളർച്ചയും ബാധിക്കാതെ മുന്നോട്ടു പോവുകയാണ് സ്ഥാനാർത്ഥികൾ. ഉറച്ച വിജയ പ്രതീക്ഷയിലാണ് മുന്നണികൾ.

തെരഞ്ഞെടുപ്പ് ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് വിനോദ്

പ്രമുഖ മുന്നണികളെല്ലാം സ്ഥാനാർത്ഥികളാക്കിയിരിക്കുന്നത് മണ്ഡലത്തിൽ സുപരിചിതരായവരെയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദ് നിലവില്‍ എറണാകുളം കോർപറേഷൻ ഡെപ്യൂട്ടി മേയറാണ്. തിര‍ഞ്ഞെടുപ്പ് ഫലം അനുകൂലമാകുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. തെരഞ്ഞെടുപ്പ് ഫലം മൂന്നര വർഷത്തെ എല്‍ഡിഎഫ് ഭരണത്തിന്‍റെ വിലയിരുത്തലാവും. ഒരു തരത്തിലുള്ള അട്ടിമറിയും എറണാകുളത്ത് സംഭവിക്കില്ല. യുഡിഎഫ് മികച്ച രീതിയിൽ ജയിച്ചു കയറും. ഉപതെരഞ്ഞെടുപ്പുകളില്‍ എറണാകുളത്ത് എല്‍‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുന്ന പതിവ് ഇക്കുറി പ്രതീക്ഷിക്കണ്ടെന്ന് വിനോദ് കൂട്ടിച്ചേർത്തു. ‍

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് ഏറ്റവും പ്രതീക്ഷ വക്കുന്ന മണ്ഡലവും എറണാകുളമാണ്. പതിനാറ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പതിമൂന്നിലും ഇവിടെ ജയിച്ചത് യുഡിഎഫാണ്. കഴി‍ഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞടുപ്പുകളിൽ യു‍ഡിഎഫിന് ഇവിടെ മുപ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷവും ലഭിച്ചിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ തിക‍ഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥി. മൂന്ന് മണിക്ക് മുമ്പേ കാണാനുള്ളവരെ കണ്ടു തീർക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

 

 

പാലാരിവട്ടം പാലവും തകർന്ന റോഡുകളും നോക്കൂ - മനുറോയ്

ഇടതുസ്ഥാനാർത്ഥിയും ഹൈക്കോടതിയിലെ അഭിഭാഷകനുമായ മനുറോയ് മുതിർന്ന മാധ്യമപ്രവർത്തകന്‍ കെ എം റോയിയുടെ മകന്‍ കൂടിയാണ്.  മണ്ഡലത്തിലെ നാല്‍പത് ശതമാനം വോട്ടുകളും യുവാക്കളുടെതാണെന്ന് ചൂണ്ടിക്കാട്ടുകയാണ് എല്‍‍ഡിഎഫ് സ്ഥാനാ‍ത്ഥി. ഈ വോട്ടുകള്‍ പൂർണമായും തനിക്കനുകൂലമാകും.

പാലാരിവട്ടം പാലവും തകർന്നു കിടക്കുന്ന റോഡുകളും തെരഞ്ഞടുപ്പ് ഫലത്തെ തീർച്ചയായും സ്വാധീനിക്കും. പാലാരിവട്ടത്തെ പ‍ഞ്ചവടിപ്പാലമാക്കി മാറ്റിയവർക്കെതിരെ ജനങ്ങൾ വിധിയെഴുതും. പിഡബ്ള്യുഡി റോ‍ഡുകളൊഴികെ എല്ലാ റോഡുകളും നടക്കാന്‍ പോലുമാകാത്ത വിധം തകർന്നു കിടക്കുന്നു. ഗതാഗതക്കുരുക്കും വലിയ പ്രശ്നമാണ് - മനു റോയ് ചൂണ്ടിക്കാട്ടുന്നു. പ്രചാരണം അവസാനത്തോടടുക്കുമ്പോൾ ഇനിയും കാണാനുളളവരിലേക്കെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

 

 

ജനങ്ങൾ വികസനം ആഗ്രഹിക്കുന്നെന്ന് സി ജി രാജഗോപാൽ

എറണാകുളത്തെ ബിജെപി മണ്ഡലം പ്രസിഡന്‍റ് കൂടിയാണ് എന്‍‍ഡിഎ സ്ഥാനാ‍ർത്ഥി സി ജി രാജഗോപാൽ. ഇവിടുത്തെ ഓരോ വ്യക്തികളെയും പേരെടുത്ത് വിളിക്കാന്‍ മാത്രം അടുപ്പം തനിക്ക് ഈ മണ്ഡലവുമായി ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ എറണാകുളത്ത് അട്ടിമറി സംഭവിക്കും. അത് എന്‍ഡിഎയിലൂടെയാവും സംഭവിക്കുക. ഇടത് - വലത് മുന്നണികൾ ജനങ്ങളെ വഞ്ചിക്കുകയാണ്. ഇടത് മുന്നണി ജനങ്ങളെ തെരുവിലേക്കിറക്കി വിടുമ്പോൾ പണിഞ്ഞ പാലം പൊളിച്ച് യു‍ഡിഎഫ് ജനങ്ങളെ കൊള്ളയടിക്കുന്നു. ഇതിനൊക്കെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ മറുപടി നൽകും. അവസാന ലാപ്പിൽ എല്ലായിടത്തും ഓടിയെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ സ്ഥാനാർത്ഥിയും.

 

 

Follow Us:
Download App:
  • android
  • ios