Asianet News MalayalamAsianet News Malayalam

എറണാകുളത്ത് ഉറച്ച ജയപ്രതീക്ഷയില്‍ യുഡിഎഫ്: അട്ടിമറി പ്രതീക്ഷിച്ച് എല്‍ഡിഎഫ്

മണ്ഡലത്തിലുള്ളത് കൊച്ചി കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനെല്ലൂര്‍ പഞ്ചായത്തും. കൊച്ചി കോര്‍പ്പറേഷനിലെ 24-ല്‍ 14 ഇടത്തും പിന്നെ ചേരാനെല്ലൂര്‍ പഞ്ചായത്തിലും യുഡിഎഫ് ഭരണമാണ് എന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. 
 

ernakulam by election
Author
Ernakulam, First Published Oct 19, 2019, 6:55 AM IST

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ യുഡിഎഫ് ഏറ്റവുമധികം ജയസാധ്യത കല്‍പ്പിക്കുന്നത് എറണാകുളത്താണ്.  എന്നാല്‍ അട്ടിമറി ജയം നേടി മുന്‍കാല ചരിത്രമാവര്‍‍ത്തിക്കാമെന്ന് എല്‍ഡിഎഫും കണക്കുകൂട്ടുന്നു. പ്രവര്‍ത്തകരെ മുഴുവന്‍ രംഗത്തിറക്കി അവസാന മണിക്കൂറുകളില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ് എറണാകുളത്ത് മുന്നണികള്‍.

ആശങ്കകളൊന്നുമില്ലെന്നാണ് അവസാന മണിക്കൂറിലും യുഡിഎഫ് ക്യാംപിന്റെ‍ പ്രതികരണം. എറണാകുളത്ത് ഇതുവരെ നടന്നത് 16 തെരഞ്ഞെടുപ്പുകള്‍. 14 തവണയും ജയം യുഡിഎഫിന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും മുന്‍എംഎല്‍എ ഹൈബി ഈഡന് നേടിയത് മിന്നും ഭൂരിപക്ഷം. മണ്ഡലത്തിലുള്ളത് കൊച്ചി കോര്‍പ്പറേഷനിലെ 24 ഡിവിഷനുകളും ചേരാനെല്ലൂര്‍ പഞ്ചായത്തും. കൊച്ചി കോര്‍പ്പറേഷനിലെ 24-ല്‍ 14 ഇടത്തും പിന്നെ ചേരാനെല്ലൂര്‍ പഞ്ചായത്തിലും യുഡിഎഫ് ഭരണമാണ്.

ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടിയ ചരിത്രമാണ് എറണാകുളത്തിന്. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ കണക്കുകൂട്ടല്‍. ഉപതെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലം ഉള്‍പ്പെടെയുള്ള വിഷയങ്ങളായിരുന്നു പ്രധാനമായും ഇടതുമുന്നണി ഉയര്‍ത്തിയത്. 

കഴിഞ്ഞ തവണ 17,769 വോട്ടുകളാണ് എന്‍ഡിഎക്ക് കിട്ടിയത്. അതില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷ. നഗര കേന്ദ്രീകൃതമായ മണ്ഡലമായതുകൊണ്ടുതന്നെ കാടിളക്കിയുള്ള പ്രചാരണമൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ആവേശപ്പോരാട്ടം പ്രതീക്ഷിക്കുകയാണ് 
മൂന്ന് മുന്നണികളും.

എറണാകുളത്ത്   തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശം നാല് മണിമുതൽ ആരംഭിക്കും. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി  മനു റോയിയിയുടെ  കൊട്ടിക്കലാശം കലൂർ ബസ്റ്റാന്‍റ് പരിസരത്ത് നടക്കും. യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന്‍റെ പ്രചാരണത്തിന് സമാപനം കുറിച്ച് പ്രവർത്തകർ എളമക്കരയിൽ നിന്ന് പ്രകടനമായി എറണാകുളം ടൗൺഹാളിൽ പരിസരത്ത് കേന്ദ്രീകരിക്കും.  ബിജെപി സ്ഥാനാർത്ഥി സിജി രാജഗോപാലിന്‍റെ കൊട്ടിക്കലാശം മാധവ ഫാർമസി പരിസരത്ത് നടക്കും.

Follow Us:
Download App:
  • android
  • ios