Asianet News MalayalamAsianet News Malayalam

എറണാകുളത്ത് നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, കലൂരിൽ വൈദ്യുതി മുടങ്ങും

കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. 

holiday declared in ernakulam on 22 october
Author
Ernakulam, First Published Oct 21, 2019, 3:28 PM IST

കൊച്ചി: കനത്ത മഴ തുടരുന്നതിനാൽ നാളെ ജില്ലാ കളക്ടർ എറണാകുളത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. നാളെ ജില്ലയിൽ റെഡ് അലർട്ട് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. 

ജില്ലയിൽ 9 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വിവിധ ക്യാമ്പുകളിലായി 1600 ഓളം പേർ നിലവിലുണ്ടെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

ജില്ലയിൽ ബന്ധപ്പെട്ടവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. പലയിടങ്ങളിലെയും വെള്ളക്കെട്ട് പമ്പ് ഉപയോഗിച്ച് പുറത്തു കളയാനുള്ള ശ്രമം തുടരുകയാണ്. 

പോളിംഗ് എല്ലാ ബൂത്തുകളിലും പ്രശ്നങ്ങളില്ലാതെ പുരോഗമിക്കുന്നുണ്ടെന്നും സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നുണ്ടെന്നും എസ് സുഹാസ് വ്യക്തമാക്കി. 

പ്രളയകാലത്ത് പോലും വെള്ളം കയറാത്ത പല ഭാഗങ്ങളിലും വെള്ളം കയറിയ സാഹചര്യമാണ്. കലൂർ, കത്രിക്കടവ് പോലുള്ള ഇടങ്ങളിലും കനത്ത വെള്ളക്കെട്ടുണ്ട്. രാവിലെ വോട്ടെടുപ്പ് മുടങ്ങുന്ന സാഹചര്യം പോലും മഴ മൂലം ഉണ്ടായിരുന്നു. രാവിലെ ആറ് ബൂത്തുകളാണ് വെള്ളം കയറിയതിനാൽ മാറ്റി സ്ഥാപിക്കേണ്ടി വന്നത്. മഴ ശക്തമായതിനെത്തുടർന്ന് പല ബൂത്തുകളും ഒന്നാം നിലയിലേക്കും രണ്ടാം നിലയിലേക്കും മാറ്റേണ്ടിയും വന്നു.

വൈദ്യുതി മുടങ്ങും

കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയുമായി വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കലൂർ സബ് സ്റ്റേഷനിൽ ഒന്നരമീറ്റർ ഉയരത്തിൽ വെള്ളം കയറിയിട്ടുണ്ട്. പാലാരിവട്ടം, ഇടപ്പള്ളി, കലൂർ സെക്ഷനുകളിൽ വൈദ്യുതി മുടങ്ങും. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി മാത്രമേ, വൈദ്യുതി പുനഃസ്ഥാപിക്കാനാകൂ എന്ന് കെഎസ്ഇബി അറിയിക്കുന്നു. 

കലൂർ സബ് സ്റ്റേഷനിൽ നിന്ന് പമ്പുപയോഗിച്ച് വെള്ളം അടിച്ച് പുറത്ത് കളയാനുള്ള ശ്രമം തുടരുകയാണ്. ഫയർ ഫോഴ്‍സ് ഇതിനായി പത്ത് പമ്പുകൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 

ദുരിതാശ്വാസക്യാമ്പുകളുടെ വിവരങ്ങൾ

കണയന്നൂർ താലൂക്കിൽ എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിലായി ഏഴും, കൊച്ചി താലൂക്കിൽ നായരമ്പലം തോപ്പുംപടി വില്ലേജുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളുമാണ് തുറന്നിരിക്കുന്നത്. കണയന്നൂർ താലൂക്കിൽ ഗവൺമെൻറ് എച്ച്എസ്എസ് പനമ്പിള്ളിനഗർ, സെൻറ്  റീത്താസ് എച്ച്എസ്എസ് പൊന്നുരുന്നി, കമ്മ്യൂണിറ്റി ഹാൾ ശാന്തിപുരം,  സിസിപി എൽഎം തേവര, ഗവൺമെൻറ് എച്ച്എസ് ഇടപ്പള്ളി, ഉദയനഗർ എസ്‍ഡി കോൺവെൻറ് ഗാന്ധിനഗർ, വെണ്ണല ജിഎച്ച്എസ് എന്നിവിടങ്ങളിലും കൊച്ചി താലൂക്കിൽ ദേവി വിലാസം എൽപിഎസ്, ജിഎച്ച്എസ് പനയപ്പിള്ളി എന്നിവിടങ്ങളിലുമാണ് ദുരിതാശ്വാസക്യാമ്പുകൾ തുറന്നിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios