Asianet News MalayalamAsianet News Malayalam

ചെന്നിത്തലയുടെ മകനെതിരായ ജലീലിന്‍റെ ആരോപണം: വിയോജിച്ച് കോടിയേരി

പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറുമെന്നും കോടിയേരി. എന്‍എസ്എസിന്‍റെ രാഷ്ട്രീയ ഇടപെടലുകള്‍ക്കും കോടിയേരി മറുപടി നല്‍കി. എന്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഒരു പാര്‍ട്ടീ രൂപീകരിച്ച് രംഗത്തിറങ്ങുകയാണ് വേണ്ടത്. 

kodiyeri rejects allegation raised by kodiyeri balakrihnan
Author
AKG Centre, First Published Oct 19, 2019, 1:13 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടിയതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലില്‍ ഉന്നയിച്ച ആരോപണങ്ങളോട് വിയോജിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ വിഷയത്തില്‍ നിന്നുള്ള വ്യതിചലനമായി മാറുമെന്നും കോടിയേരി പറഞ്ഞു. നിലവിലെ പ്രശ്നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു കോടിയേരി. 

സര്‍വകലാശാലകളില്‍ അദാലത്ത് തുടങ്ങിയത് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് അന്ന് അദാലത്ത് ഉദ്ഘാടനം ചെയ്തത്. സര്‍വ്വകലാശാല നടത്തിയ മോഡറേഷനെയാണ് മാര്‍ക്ക് ദാനമായി ചിത്രീകരിക്കുന്നത്. ഇതിനുള്ള അധികാരം വൈസ് ചാന്‍സലര്‍ക്കുണ്ട്. അദാലത്തില്‍ അല്ല മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കളെ തള്ളിക്കൊണ്ട് കോടിയേരി പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കോടിയേരി എന്‍എസ്എസിനെതിരെ ഉന്നയിച്ചത്. എന്‍എസ്എസ് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഒരു പാര്‍ട്ടീ രൂപീകരിച്ച് രംഗത്തിറങ്ങുകയാണ് വേണ്ടത്. മനത്ത് പത്മനാഭന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്‍എസ്എസ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കിയിട്ടില്ല, എന്നാല്‍ പിന്നീടവര്‍ എന്‍ഡിപി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. 

ഇപ്പോഴത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്നു. യുഡിഎഫ് ഏകോപന സമിതിയിലും അദ്ദേഹമുണ്ടായിരുന്നു. അതേ നിലയിലേക്ക് തിരിച്ചു പോകാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. എന്തായാലും സിപിഎമ്മിന് എന്‍എസ്എസിനോട് വിരോധമില്ല. അവരെ ഒരിക്കലും ശത്രുപക്ഷത്ത് കണ്ടിട്ടുമില്ല

പിൻ വാങ്ങിയ പ്രതിപക്ഷമായാണ് കോൺഗ്രസ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്നത്. ബദൽ ഇടതുപക്ഷമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മതവികാരവും ജാതി വികാരവും ഇളക്കിവിടാൻ യു ഡി എഫ് ശ്രമിക്കുന്നു. ഇതിനെതിരെ ജനവികാരം വരും . മുൻപും മതവികാരം ഉയർത്തിവിടാൻ ശ്രമിച്ചിട്ടുണ്ട് അതൊന്നും വിലപ്പോയിട്ടില്ല.  ജാതി ഭ്രാന്തും മത ഭ്രാന്തും ഇളക്കിവിടാനുള്ള ശ്രമം ജനം പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios