Asianet News MalayalamAsianet News Malayalam

'ഭരണാധികാരി കള്ളം പറയരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ച് തരണം'; കടകംപള്ളിയോട് കുമ്മനം

കടകംപള്ളി സുരേന്ദ്രൻ ഇന്ന് പഴയ പാരലൽ കോളേജ് അദ്ധ്യാപകനല്ല, മറിച്ച് ഈ നാടിന്റെ മന്ത്രിയാണ്. ഞങ്ങളുടെ ഭരണാധികാരി കള്ളം പറയുന്നയാൾ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചു നൽകണം- കുമ്മനം.

Kummanam Rajasekharan facebook post against Kadakampally Surendran
Author
Thiruvananthapuram, First Published Oct 8, 2019, 5:59 PM IST

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബിജെപി നേതാവ് കുമ്മനം രാജശേഖരനും മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മില്‍ ഫേസ്ബുക്കിലൂടെയുള്ള പോര് തുടരുന്നു.  മന്ത്രി കടകംപള്ളി രാഷ്ട്രീയത്തില്‍ വന്നതിന് ശേഷം ജോലി നേടിയ ആളാണെന്നും എന്നാല്‍ താന്‍ സര്‍ക്കാര്‍ ജോലി രാജിവെച്ചാണ് താന്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയതുമെന്ന കുമ്മനത്തിന്‍റെ പ്രസ്താവനയോടെയാണ് വാക്പോരിന് തുടക്കം. കുമ്മനത്തിന്ന് മറുപടിയായി കടകംപള്ളിയെത്തി. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജിവെച്ച് കുമ്മനം വര്‍ഗീയ പ്രചാരണത്തിനാണ് ഇറങ്ങിയതെന്ന് കടകംപള്ളി പറഞ്ഞു.  ഇതോടെ വീണ്ടും മന്ത്രിക്കെതിരെ കുമ്മനം രംഗത്ത് വന്നു.

എനിക്ക് കേന്ദ്രസർക്കാർ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്തണം. സഖാക്കൾക്ക് ക്ലാസെടുക്കുന്ന തരത്തിലല്ല. തെളിവുകളുടെ പിൻബലത്തിൽ; അങ്ങനെ സംസാരിക്കുന്ന രീതി ഉണ്ടെങ്കിൽ?. ഞാൻ ജോലി രാജിവെച്ച് ആർഎസ്എസ് പ്രചാരകനായി പൊതു പ്രവർത്തനം നടത്തുന്നത് വർഗ്ഗീയ പ്രവർത്തനമാണോ?.. പൊതു പ്രവർത്തനത്തിൽ ഞാൻ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കൽ പ്രക്ഷോഭമായിരുന്നു. അതിനെ അങ്ങ് വർഗ്ഗീയ പ്രവർത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കിൽ അത് താങ്കളുടെ പാപ്പരത്തം എന്നേ പറയാൻ സാധിക്കൂ- കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എല്ലാം അവസാനിപ്പിച്ചു എന്ന് മാധ്യമങ്ങളിൽ കൂടി പ്രഖ്യാപിച്ച ശേഷവും ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ എനിക്കെതിരെ വീണ്ടും രംഗത്ത് വന്നത് നിർഭാഗ്യകരമാണ്. എന്നെ വിമർശിക്കാൻ ഇനിയെങ്കിലും വസ്തുതകളെ കൂട്ടുപിടിക്കണമെന്ന് ആദ്യമേ തന്നെ പറയട്ടെ. ഇത്തവണയും അദ്ദേഹം സംസാരിക്കുന്നത് ദേശാഭിമാനി പത്രത്തിന്റെ നിലവാരത്തിൽ ആണെന്നതാണ് ദയനീയം. പാർട്ടി ക്ലാസുകളിൽ ഇതൊക്കെ വിലപ്പോകുമെങ്കിലും മന്ത്രിക്കസേരയിൽ ഇരുന്ന് ഇത് ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണ്. കാരണം കടകംപള്ളി സുരേന്ദ്രൻ ഇന്ന് പഴയ പാരലൽ കോളേജ് അദ്ധ്യാപകനല്ല, മറിച്ച് ഈ നാടിന്റെ മന്ത്രിയാണ്. ഞങ്ങളുടെ ഭരണാധികാരി കള്ളം പറയുന്നയാൾ ആയിരിക്കരുതെന്ന മിനിമം ആഗ്രഹമെങ്കിലും സാധിച്ചു നൽകണം.

എനിക്ക് കേന്ദ്രസർക്കാർ ജോലി രാജിവെക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് അറിയാമെന്ന് പറയുന്ന അങ്ങ് അത് വെളിപ്പെടുത്തണം. സഖാക്കൾക്ക് ക്ലാസെടുക്കുന്ന തരത്തിലല്ല. തെളിവുകളുടെ പിൻബലത്തിൽ; അങ്ങനെ സംസാരിക്കുന്ന രീതി ഉണ്ടെങ്കിൽ?. ഞാൻ ജോലി രാജിവെച്ച് ആർഎസ്എസ് പ്രചാരകനായി പൊതു പ്രവർത്തനം നടത്തുന്നത് വർഗ്ഗീയ പ്രവർത്തനമാണോ?.. പൊതു പ്രവർത്തനത്തിൽ ഞാൻ ആദ്യം ഏറ്റെടുത്ത ഒരു വലിയ സമരം നിലയ്ക്കൽ പ്രക്ഷോഭമായിരുന്നു. അതിനെ അങ്ങ് വർഗ്ഗീയ പ്രവർത്തനമായാണ് വിശേഷിപ്പിക്കുന്നതെങ്കിൽ അത് താങ്കളുടെ പാപ്പരത്തം എന്നേ പറയാൻ സാധിക്കൂ. ഒരു വലിയ വർഗ്ഗീയ കലാപത്തിലേക്ക് പോകുമായിരുന്ന സംഭവത്തെ രമ്യമായി പരിഹരിക്കുന്നത് താങ്കളേപ്പോലുള്ളവർക്ക് ചിന്തിക്കാൻ പോലുമാകാത്ത കാര്യമാണെന്ന് അറിയാം. കാരണം വ്യാജ പ്രചരണം നടത്തി രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് ആ ചോര കുടിച്ച വളർന്ന പാരമ്പര്യമാണല്ലോ താങ്കളുടെ പ്രസ്ഥാനത്തിനുള്ളത്?. അതുകൊണ്ടാണ് ഒരു തുള്ളി ചോര പോലും ചിന്താതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് അങ്ങേയ്ക്ക് നിരാശ സമ്മാനിക്കുന്നത്. നിങ്ങൾക്ക് ചോര നുണയാൻ അവസരം നൽകിയില്ല എന്നതാണ് സത്യം.

Kummanam Rajasekharan facebook post against Kadakampally Surendran

Read More: 'സാത്വികന്‍ ചമയുന്ന കുമ്മനത്തിന്‍റെ പഴയ കാലം കേരളം മറന്നിട്ടില്ല'; കടകംപള്ളി

ഇതു തന്നെയാണ് മാറാട് കൂട്ടക്കൊലയ്ക്ക് ശേഷവും സംഭവിച്ചത്. നിരപരാധികളായ 8 ഹിന്ദുക്കളെ മാറാട് കടപ്പുറത്ത് അരിഞ്ഞു വീഴ്ത്തിയിട്ടും അതിന്റെ പ്രതികാരമായി കേരളത്തിൽ ഒരിടത്തു പോലും ഒരു അക്രമ സംഭവം ഉണ്ടായിട്ടില്ല എന്ന് താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ?. പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ട മതവിഭാഗത്തിലെ ഒരാള്‍ക്ക് പോലും പോറൽ ഏറ്റില്ല. കാരണം ഞാനടക്കമുള്ളവർ അവിടെ മാസങ്ങളോളം നടത്തിയ സ്വാന്തന പ്രവർത്തനങ്ങളാണ്. ഇത് വെറും അവകാശവാദമല്ല. മറിച്ച് കേരള സമൂഹം നേരിൽ കണ്ട യാഥാർത്ഥ്യമാണ്. അല്ലായെങ്കിൽ പഴയ സർക്കാർ രേഖകൾ സമയം കിട്ടുമ്പോൾ ഒന്ന് മറിച്ചു നോക്കണം. ഒരു രേഖയിലും കുമ്മനം രാജശേഖരൻ എന്ന പേര് ആരോപണ വിധേയനായോ പ്രതിയായോ ഉണ്ടാകില്ല. (പിന്നീട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട നിലയിൽ പോലും!!!.) അന്ന് എന്റെ പ്രസ്ഥാനമോ ഞാനടക്കമുള്ള "വർഗ്ഗീയ വാദികളോ", ഒന്ന് കണ്ണടച്ചിരുന്നെങ്കിലോ, നിശ്ശബ്ദത പാലിച്ചിരുന്നെങ്കിലോ കേരളത്തിൽ എന്തു സംഭവിക്കുമായിരുന്നു എന്ന് ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങൾക്കറിയാം.

അതേസമയം കേരളത്തിൽ സിപിഎം നടത്തിയിട്ടുള്ള കലാപങ്ങളുടേയും അരുംകൊലകളുടേയും കണക്ക് സർക്കാർ രേഖകളിൽ പൊടിപിടിച്ച് കിടക്കുന്നുണ്ടാകും. ഭരണ സ്വാധീനവും ഒത്തു തീർപ്പ് രാഷ്ട്രീയവും മൂലം അതിലൊന്നും നടപടി ഉണ്ടായില്ല എന്നതു കൊണ്ട് അതൊക്കെ എല്ലാവരും മറന്നു എന്ന് കരുതരുത്. വ്യാജ പ്രചരണം നടത്തി നാദാപുരത്ത് 8 മുസ്ലീം സഹോദരങ്ങളെ കൂട്ടക്കൊല ചെയ്തത് ഏത് പാർട്ടിയുടെ പ്രവർത്തകരായിരുന്നു എന്ന് അന്നത്തെ പൊലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. തലശ്ശേരിയിൽ നടന്ന കലാപത്തിന് ഉത്തരവാദികൾ ആരാണെന്ന് അങ്ങയോടൊപ്പം മന്ത്രിസഭയിൽ ഇപ്പോഴുമുള്ള സിപിഐ മന്ത്രിമാരോട് ഒന്ന് അന്വേഷിക്കണം.

Read More: 'വർഗീയ പ്രചാരണം നടത്തിയെങ്കിൽ കേസ് എടുക്കൂ?' കടകംപള്ളിക്ക് മറുപടിയുമായി കുമ്മനം 

മാറാട് കൂട്ടക്കൊലയെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളോളം സമരം ചെയ്തയാളാണ് ഞാൻ. ബഹുമാനപ്പെട്ട ഹൈക്കോടതിയിലും അന്വേഷണ കമ്മീഷൻ മുമ്പാകെയും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് കോണ്ഗ്രസും സിപിഎമ്മുമാണ്. മാറാട് കൂട്ടക്കൊലയിലെ പ്രതിസ്ഥാനത്ത് മുസ്ലീംലീഗ്, കോൺഗ്രസ്, സിപിഎം പ്രവർത്തകരാണ് ഉള്ളതെന്ന് അങ്ങേയ്ക്കറിയാമോ?. അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി ഇക്കാര്യം രേഖാമൂലം കേരളാ നിയമസഭയെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച രേഖകളും സെക്രട്ടറിയേറ്റിൽ അങ്ങയുടെ കൈയ്യകലത്തിൽ ലഭ്യമാണ്. ഒഴിവ് സമയം കിട്ടുമ്പോൾ അതൊന്ന് വായിക്കാനുള്ള സൗമനസ്യം കാണിക്കണം. അങ്ങനെയായാൽ വ്യാജ പ്രചരണം നടത്തി ഇളിഭ്യനാകുന്ന പതിവ് അവസാനിപ്പിക്കാം.

നിലയ്ക്കലിൽ ക്രൈസ്‌തവ സഭാമേലധ്യക്ഷന്മാരുമായും സംഘടനകളുമായും ചർച്ച ചെയ്താണ് പരിഹാരം കണ്ടെത്തിയത്. മാറാട് 18 മുസ്ലീം സംഘടനകളുമായി ചർച്ച നടത്തിയാണ് സമാധാനം ഉറപ്പാക്കിയത്. ആ സാഹചര്യത്തിൽ ഞാൻ വർഗ്ഗീയവാദി ആണോയെന്ന് പറയാനുള്ള അവകാശം ആ രണ്ടു സമുദായങ്ങൾക്കുമാണ്. എന്റെ വര്‍ഗ്ഗീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവർക്കാർക്കും ഇല്ലാത്ത വിവരം താങ്കൾക്കുണ്ടെങ്കിൽ സാമുദായിക സ്പർദ്ധ വളർത്തിയതിന് എനിക്കെതിരെ കേസെടുക്കണം. അതിന് ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്യാൻ അങ്ങയുടെ വിപുലമായ അധികാരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Kummanam Rajasekharan facebook post against Kadakampally Surendran

വാറ്റുകാരന്റെ പറ്റുബുക്കിൽ എന്റെ പേര് ഉണ്ടായിട്ടില്ല എന്ന് മാത്രമാണ് ഞാൻ നേരത്തെ പറഞ്ഞത്. അല്ലാതെ താങ്കളുടെ പേര് ഉണ്ടെന്നല്ല. അത് കേട്ടപ്പോഴേക്കും കോഴിക്കള്ളന്റെ തലയിൽ പൂടയുണ്ടാകുമെന്ന ന്യായപ്രകാരം അങ്ങ് തലയിൽ തപ്പി നോക്കിയതിന് ഞാനല്ല കുറ്റക്കാരൻ. അത് കുറ്റബോധം കൊണ്ടാകാനേ തരമുള്ളൂ.... പിരിവായാലും കൊലപാതകമായാലും പാർട്ടിക്കു വേണ്ടിയായാൽ പിന്നെ തെറ്റല്ലല്ലോ???.

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് ഇപ്പോഴും താങ്കളും പാർട്ടിയും അപവാദം പറഞ്ഞു നടക്കുന്നതിൽ സഹതാപമുണ്ട്. സുപ്രീംകോടതിയിൽ പരാതി നൽകിയ സ്ത്രീ ഇടതുപക്ഷ അനുഭാവിയായിരുന്ന കാലത്ത് നൽകിയ ഹർജിയാണ് അങ്ങ് ഇപ്പോഴും പൊക്കിപ്പിടിച്ചു നടക്കുന്നത്. സത്യം തിരിച്ചറിഞ്ഞ് അവർ ഹർജി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീംകോടതി അത് അനുവദിക്കാഞ്ഞതാണെന്നും എല്ലാവർക്കും അറിയാം. സ്വതസിദ്ധമായ കുരുട്ട് ബുദ്ധികൊണ്ട് ഇത് സമ്മതിക്കാത്തതല്ല ഇക്കാര്യങ്ങൾ അറിയാതെ പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ വിശ്വാസികൾക്ക് എതിരെയാണ് വിധിയെങ്കിൽ കേന്ദ്ര സർക്കാർ വിശ്വാസ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അത് ഒന്നു കൂടി അങ്ങയുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.

Read More: 'കടകംപള്ളി മാസപ്പടി വാങ്ങുന്ന നേതാവ്, പിണറായി ഉണ്ടെങ്കില്‍ ശബരിമല ചര്‍ച്ചയാകും': എഎന്‍ രാധാകൃഷ്ണന്‍ 

ശബരിമല വിഷയത്തിൽ താങ്കൾ മുഖ്യമന്ത്രിക്കൊപ്പമാണോ പാർട്ടി വിലയിരുത്തലിനൊപ്പമാണോയെന്ന് വ്യക്തമാക്കണം. കഴിഞ്ഞ മണ്ഡലകാലത്ത് സർക്കാർ അവിടെ കാട്ടിക്കൂട്ടിയ പേക്കൂത്തുകൾ താങ്കൾ ന്യായീകരിക്കുന്നുണ്ടോ?. ഇത്തവണയും അതൊക്കെ ആവർത്തിക്കാനാണോ ഭാവം?. ഇക്കാര്യങ്ങളാണ് ജനങ്ങൾ‌ അറിയാൻ ആഗ്രഹിക്കുന്നത്.

എന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അങ്ങ് ഇപ്പോഴും കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണല്ലോ?. ഞാൻ മത്സരിക്കാൻ ഇല്ലായെന്ന് പാർട്ടിയെ അറിയിച്ചത് പ്രകാരമാണ് എന്നെ ഒഴിവാക്കിയത്. മത്സരിച്ച് അധികാരത്തിലെത്താൻ കുപ്പായം തയ്പ്പിച്ച് രാഷ്ട്രീയത്തിൽ വന്നതല്ല ഞാൻ. അത് എന്റെ സഹപ്രവർത്തകർക്കും ജനങ്ങൾക്കും നന്നായി അറിയുന്നതു കൊണ്ട് അങ്ങ് ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല എന്ന് പറയട്ടേ... ബിജെപിയെ തോൽപ്പിക്കാൻ ശ്രമിച്ച് വോട്ടു മറിക്കാതെ ഇത്തവണയെങ്കിലും സ്വന്തം പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ അണികളെ ഉത്ബോധിപ്പിക്കുമെന്ന് കരുതട്ടെ. ഇക്കാര്യത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ അങ്ങ് മാതൃകയാക്കില്ല എന്ന് വിശ്വസിക്കുന്നു.

Follow Us:
Download App:
  • android
  • ios