Asianet News MalayalamAsianet News Malayalam

വട്ടിയൂര്‍ക്കാവില്‍ 'ആശ്വാസ'മെന്ന് യുഡിഎഫ്; സ്ഥാനാര്‍ത്ഥി പ്രതിഛായയില്‍ പ്രതീക്ഷ തേടി എല്‍ഡിഎഫ്

എന്‍എസ്എസ് നീക്കം ഗുണം ചെയ്യുമെന്ന് യുഡിഎഫ്. സ്ഥാനാര്‍ത്ഥി പ്രതിഛായയില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫ്. സംഘടനാ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് ബിജെപി.

vattiyoorkav silent campaigning end kerala by election 2019
Author
Thiruvananthapuram, First Published Oct 20, 2019, 7:35 PM IST

തിരുവനന്തപുരം: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വട്ടിയൂര്‍ക്കാവില്‍ മൂന്നു സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്. എൻഎസ്എസിന്‍റെ നീക്കങ്ങളും, 
എല്‍ഡിഎഫ്- ബിജെപി ബദൽ തന്ത്രങ്ങളും നിശബ്ദ പ്രചാരണ ദിനവും മണ്ഡലത്തില്‍ സജീവമായിരുന്നു.പോളിംഗ് സാമഗ്രികൾ ബൂത്തുകളിലെത്തിച്ച് വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളും മണ്ഡലത്തിലെങ്ങും പൂർത്തിയായി. 

വോട്ടെടുപ്പ് തലേന്നും പ്രചാരണവുമായി ഓടിനടക്കുകയായിരുന്നു സ്ഥാനാര്‍ത്ഥികള്‍. .ശ്രദ്ധയെത്തേണ്ട ഇടങ്ങളിലെല്ലാം ഒരു ഓട്ടപ്രദക്ഷിണം.ദേവാലയങ്ങളിലെത്തി വിശ്വാസികളെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കൽ, പാർട്ടി നേതാക്കളുമായി ചെറുകൂടിക്കാഴ്ചകൾ എന്നിവയും നടന്നു. നിശബ്ദപ്രചാരണ ദിനം സമയമൊട്ടും പാഴാക്കാതെ മൂവരും മണ്ഡലത്തിന്‍റെ തലങ്ങും വിലങ്ങും ഓടിയെത്തി.

മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രവും എൻഎസ്എസ് അനുകൂല നിലപാടുമാണ് യു‍ഡിഎഫിന് ഇന്ധനം. മികച്ച വിജയം നേടാനാകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍ പറഞ്ഞത്.

ചിട്ടയായ പ്രചാരണത്തിലും സ്ഥാനാർത്ഥി പ്രതിച്ഛായയിലും എൽഡിഎഫ് പ്രതീക്ഷകൾ. "ഞങ്ങള്‍ക്ക് മികച്ച പ്രതീക്ഷയാണുള്ളത്. വലിയ ഭൂരിപക്ഷത്തോടെ തന്നെ ജയിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്". എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പറഞ്ഞു. 

മണ്ഡലത്തിലെ സംഘടനാ കരുത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ബിജെപി വിജയം ഉറപ്പിക്കുന്നത്. "ഞങ്ങള്‍ നേടും, വട്ടിയൂര്‍ക്കാവ് നേടും." ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷ് പറഞ്ഞു.

സ്ഥാനാർത്ഥി നിർണ്ണയം മുതൽ കണ്ട ആവേശവും അനിശ്ചിതത്വവും അവസാന നിമിഷം വരെ  വട്ടിയൂർക്കാവിൽ പ്രകടമാണ്.എന്‍എസ്എസ് നിലപാട് മറികടക്കാൻ സമുദായത്തിനുള്ളിൽ തന്നെ  തന്ത്രങ്ങളുമായി ബിജെപിയും എൽഡിഎഫും സജീവമാണ്.പട്ടികജാതി ഈഴവ മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിനായും അടവുകൾ പലത്. മണ്ഡല രൂപീകരണത്തിന് ശേഷം പോളിംഗിൽ എഴുപത് ശതമാനം കടക്കാത്ത വട്ടിയൂർക്കാവിൽ ത്രികോണപോരും ഉപതെരഞ്ഞെടുപ്പ് ആവേശം ചേരുമ്പോൾ കീഴ്വഴക്കം മാറ്റുമോ എന്നതും ശ്രദ്ധേയം.മണ്ഡലത്തിലാകെ 168 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുങ്ങുന്നത്.

Follow Us:
Download App:
  • android
  • ios