Asianet News MalayalamAsianet News Malayalam

ജയിച്ചാല്‍ ഒന്നാമന്‍ പക്ഷേ തോറ്റാലും മൂന്നാമതാവാന്‍ വയ്യ; വട്ടിയൂര്‍ക്കാവില്‍ മരണപ്പോര്

വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിനിടെ ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു.

Vattiyoorkavu by election candidates allegation campaign
Author
thiruvananthapuram, First Published Oct 19, 2019, 5:22 PM IST

ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ പ്രചാരണങ്ങൾക്കൊപ്പം വിവാദങ്ങളും കൊഴുക്കുകയായിരുന്നു. മൂന്ന് പാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന മുന്നണി കടുത്ത പരീക്ഷണങ്ങളെയാവും നേരിടേണ്ടി വരിക. സീറ്റ് നിലനിര്‍ത്താനായി യുഡിഎഫ് മത്സരിക്കുമ്പോള്‍ തങ്ങളുടെ എ പ്ലസ് മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ബിജെപി ലക്ഷ്യമിടുന്നില്ല. എകെജി സെന്‍ററും നിയമസഭയും മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്‍റേയും ഒദ്യോഗിക വസതിയും സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കഴിഞ്ഞ വട്ടം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് അഭിമാനം തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണിത്. 

നായര്‍ സമുദായത്തിന് 42 ശതമാനം പ്രാതിനിധ്യമുള്ള വട്ടിയൂര്‍ക്കാവില്‍ യുഡിഎഫിന് വോട്ടുറപ്പിക്കാന്‍ എന്‍എസ്എസ് സ്ക്വാഡിനെ രംഗത്തിറക്കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. എന്‍എസ്എസ് വോട്ടുകളില്‍ കണ്ണുവച്ച ബിജെപിക്ക് അത് അപ്രതീക്ഷിത ഷോക്കായപ്പോള്‍ മൂന്നില്‍ നിന്നും ഒന്നിലേക്ക് കുതിച്ചു കയറാന്‍ വെമ്പുന്ന എല്‍ഡിഎഫിന് അത് ഇരട്ടപ്രഹരമായി മാറി. വട്ടിയൂർക്കാവിൽ എൻഎസ്എസിന്‍റെ യുഡിഎഫ് അനുകൂല നയത്തിനെതിരെ വീടുകൾ കയറി നിലപാട് വിശദീകരിക്കുകയായിരുന്നു എല്‍ഡിഎഫ് അവസാനഘട്ടത്തില്‍. 

അതേസമയം എൻഎസ്എസ് നേതൃത്വത്തിന്‍റെ നിലപാട് താഴെ തട്ടിലുള്ള സമുദായ അംഗങ്ങളിലേക്കും എത്തിച്ച് വോട്ടുറപ്പിക്കുന്നതിലാണ് യുഡിഎഫ് ശ്രദ്ധിച്ചത്. നാൽപത്തിരണ്ട് ശതമാനം നായർ വോട്ടുള്ള വട്ടിയൂർക്കാവിൽ കഴിഞ്ഞ തെര‍ഞ്ഞെടുപ്പുകളിൽ നഷ്ടപ്പെട്ട വോട്ടുകളും തിരികെ എത്തിക്കാനുള്ള സുവർണ്ണാവസരമായാണ് ഈ നിലപാട് പ്രഖ്യാപനത്തെ യുഡിഎഫ് കാണുന്നത്.

എൻഎസ്എസ് സ്വാധീന മേഖലയായ നെട്ടയത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തിയാണ് എൽഡിഎഫ് നിലപാട് വിശദീകരിച്ചത്. യോഗം അംഗങ്ങളെ അടക്കം നേരിട്ട് കണ്ട് എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന മുന്നോക്ക സംവരണം അടക്കം എല്‍ഡിഎഫ് നേതൃത്വം വിശദീകരിക്കുന്നു. എൻഎസ്എസ് നേതാക്കൾ യുഡിഎഫിനായി ഗൃഹസന്ദർശനങ്ങൾ തുടങ്ങിയതിന് ബദലായി സമുദായംഗങ്ങളായ പാർട്ടി പ്രവർത്തകരെ  രംഗത്തിറക്കിയാണ് ബിജെപി പ്രതിരോധം തീര്‍ക്കുന്നത്. നായര്‍ വോട്ടുകള്‍ ലക്ഷ്യമിട്ട് ബദൽ സ്ക്വാ‍ഡുകൾ സജീവമാക്കി പ്രവര്‍ത്തിക്കുകയാണ് ബിജെപി.

വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായുള്ള യുഡിഎഫ് ആരോപണം ഇതിനിടയില്‍ വലിയ ചര്‍ച്ചയായി. പതിനയ്യായിരത്തോളം ഇരട്ട വോട്ടുകളും അനധികൃതമായി ചേർത്ത വോട്ടുകളും വട്ടിയൂര്‍ക്കാവിലുണ്ടെന്നായിരുന്നു കെ മുരളീധരന്‍റെ ആരോപണം.

ഒരേ വിലാസത്തിൽ ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ ഉണ്ടാക്കി മറ്റു ബൂത്തുകളിൽ വ്യത്യസ്ത കാർഡുകൾ ഉപയോഗിച്ച് ലിസ്റ്റിൽ പേര് ചേർക്കുകയാണ് ചെയ്യുന്നത് എന്നാണ് യുഡിഎഫ് പരാതി. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പിന്നീട് സ്ഥികരീച്ചു. എന്നാല്‍ ആകെ 258 ഇരട്ടവോട്ടുകളെ മണ്ഡലത്തിലുള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിനിടെ ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും മുന്‍ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടിയതും വലിയ വാര്‍ത്തയായിരുന്നു. പരസ്പരം അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച ഇരുനേതാക്കള്‍ക്കും പിന്നില്‍ അണികളും അണിനിരന്നതോടെ വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് ചൂട് സമൂഹമാധ്യമങ്ങളിലൂടെ ലോകമെങ്ങുമെത്തി.

സ്ഥാനാര്‍ത്ഥികള്‍ - സാധ്യതകള്‍, വെല്ലുവിളികള്‍

അഡ്വ. കെ മോഹന്‍ കുമാര്‍ (കോണ്‍ഗ്രസ്)

മുന്‍മനുഷ്യാവകാശ കമ്മീഷന്‍ അംഗവും ഡിസിസി ഭാരവാഹിയുമായ അഡ്വ.കെ.മോഹന്‍ കുമാറാണ് വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരരംഗത്തിറങ്ങുന്നത്. മുന്‍കൊല്ലം എംപിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ പീതാംബരക്കുറിപ്പിനെ വട്ടിയൂര്‍രക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു കെ മുരളീധരന്‍റെ താത്പര്യമെങ്കിലും പ്രതിച്ഛായ പ്രശ്നവും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം നടത്തിയ പരസ്യപ്രതിഷേധവും പീതാംബരക്കുറിപ്പിന് തിരിച്ചടിയായി.

ഈ ഘട്ടത്തിലാണ് കെ മോഹന്‍ കുമാറിലേക്ക് സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ വഴിത്തിരഞ്ഞത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ മോഹന്‍കുമാറിന് തുണയായി. തന്‍റെ നോമിനിയെ തള്ളി മറ്റൊരാളെ മത്സരിപ്പിക്കുന്നതില്‍ കെ മുരളീധരന് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ യുഡിഎഫ് വളരെ പിന്നിലാണെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറയുന്ന അവസ്ഥയിലേക്ക് ഇതോടെ കാര്യങ്ങളെത്തി.

ഈ ഘട്ടത്തില്‍ കെപിസിസി അധ്യക്ഷനും ചെന്നിത്തലയും നേരിട്ട് ഇടപെട്ട് മുരളീധരനെ അനുനയിപ്പിച്ചു. ആദ്യം പ്രചാരണത്തിന് എത്താതിരുന്ന ശശി തരൂരിനേയും നേതൃത്വം ഇടപെട്ട് രംഗത്ത് ഇറക്കി. വടകരയില്‍ നിന്നും മുരളീധരന്‍ തിരുവനന്തപുരത്ത് എത്തി പ്രചാരണത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ യുഡിഎഫ് ക്യാംപ് ട്രാക്കിലായി.

ആലസ്യം വിട്ടൊഴിഞ്ഞ് കോണ്‍ഗ്രസ് സംവിധാനം സജീവമാക്കുകയും നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പ്രചാരണരംഗത്ത് ശക്തമായി ഇടപെടുകയും ചെയ്തതോടെ അവസാന മണിക്കൂറുകളില്‍ ബിജെപിക്കും എല്‍ഡിഎഫിനും ശക്തമായ മത്സരമാണ് യുഡിഎഫ് സമ്മാനിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ എന്‍എസ്എസ് പിന്തുണ കോണ്‍ഗ്രസിന് എക്സ്ട്രാ ബോണസായി മാറുകയും ചെയ്തു.

സംശുദ്ധമായ പ്രതിച്ഛായയും മണ്ഡലത്തിലെ ബന്ധങ്ങളും കെ മോഹന്‍ കുമാറിന് വട്ടിയൂര്‍ക്കാവില്‍ തുണയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. സമുദായിക സമവാക്യങ്ങളും മോഹന്‍കുമാറിന് അനുകൂലമാണ്. എംഎല്‍എ എന്ന നിലയിലും ഡിസിസി ഭാരവാഹി എന്ന നിലയിലുമുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ മറക്കില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അതേസമയം മനുഷ്യാവകാശ കമ്മീഷനിലേക്ക് പോയ മോഹന്‍കുമാര്‍ നീണ്ട വര്‍ഷങ്ങള്‍ പൊതുരംഗത്ത് സജീവമായിരുന്നില്ല. കെ.മുരളീധരന്‍ ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയ എതിര്‍പ്പ് പോളിംഗില്‍ പ്രതിഫലിക്കുമോ എന്ന സംശയവും ബാക്കി നില്‍ക്കുന്നു.

വികെ പ്രശാന്ത് (സിപിഎം)

സമുദായിക സമവാക്യങ്ങള്‍ തള്ളി സ്ഥാനാര്‍ഥിയുടെ പ്രതിച്ഛായയില്‍ വിശ്വസിച്ചാണ് സിപിഎം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനിറങ്ങിയത്. വികെ പ്രശാന്തിന്‍റെ മേയര്‍ ബ്രോ ഇമേജിലാണ് സിപിഎം പ്രചാരണത്തില്‍ പ്രാധാന്യം നല്‍കിയത്. പ്രളയക്കാലത്തെ മേയറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അതിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയും യുവവോട്ടര്‍മാരില്‍ സ്വാധീനം സൃഷ്ടിക്കുമെന്ന് നേതൃത്വം വിശ്വസിക്കുന്നു.

നൂലിന്‍മേല്‍ കൊണ്ടു പോകുന്ന തിരുവനന്തപുരം നഗരസഭയുടെ ഭരണം നിലനിര്‍ത്താന്‍ മേയര്‍ കാണിച്ച മികവും എല്‍ഡിഎഫ് ചര്‍ച്ചയാക്കുന്നു ഇതോടൊപ്പം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളും ചേര്‍ത്താണ് പ്രചാരണം മുന്നോട്ട് നീങ്ങുന്നത്. അതേസമയം ഭൂരിപക്ഷവോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ശബരിമല വിഷയത്തില്‍ മൗനം പാലിക്കുകയാണ് നേതാക്കള്‍ ചെയ്തത്. അതേസമയം താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ ശബരിമലയില്‍ സര്‍ക്കാര്‍ എടുത്ത തിരുത്തല്‍ നടപടികള്‍ വിശദീകരിക്കുന്നുണ്ട്.

വട്ടിയൂർക്കാവിൽ പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല വിവാദങ്ങൾ പരാമർശിക്കാതെയാണ് വേദികളില്‍ സംസാരിച്ചത്. ശബരിമലയിലെ വികസനപ്രവർത്തനങ്ങളാണ് വിമർശനങ്ങൾക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വേദികളില്‍ പറഞ്ഞു. സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങളും വി കെ പ്രശാന്തിന്‍റെ പ്രതിച്ഛായയ്ക്കും ഊന്നൽ നൽകിയായിരുന്നു വട്ടിയൂർക്കാവിൽ മുഖ്യമന്ത്രിയുടെ പ്രചാരണം. വട്ടിയൂർക്കാവിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുത്ത പിണറായി മൂന്നിടത്തും ശബരിമല വിവാദങ്ങളിലേക്ക് കടന്നില്ല.

അതേസമയം വട്ടിയൂര്‍ക്കാവിലെ എന്‍എസ്എസ് നിലപാടൊരു വാളായി എല്‍ഡിഎഫിന് മുകളില്‍ തൂങ്ങുന്നുണ്ട്. നായര്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ എന്‍എസ്എസ് യുഡിഎഫിനായി വോട്ടു പിടിക്കാനിറങ്ങിയത് എല്‍ഡിഎഫിനെ ഞെട്ടിച്ചു. എന്‍എസ്എസിന്‍റെ വീടു കയറിയുള്ള പ്രചാരണത്തില്‍ ശബരിമല വിഷയമാണ് മര്‍മ്മമെന്ന് എല്‍ഡിഎഫ് തിരിച്ചറിയുന്നു.

അപകടം മനസിലാക്കി എന്‍എസ്എസ് എന്ന സംഘടനയെ തള്ളിപ്പറയാതെ അതിന്‍റെ നേതൃത്വത്തിനെതിരെയാണ് സിപിഎം നേതൃത്വം വിമര്‍ശനം ചൊരിയുന്നത്. കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മുന്‍പ് മാധ്യമങ്ങളെ കണ്ട കോടിയേരി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെങ്കില്‍ പാര്‍ട്ടി രൂപീകരിച്ചു വേണം എന്നാണ് എന്‍എസ്എസിനോട് പറഞ്ഞത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കടന്നാക്രമിക്കാനും കോടിയേരി മറന്നില്ല.

പ്രശാന്തിനെ ജയിപ്പിക്കുക എന്നത് പോലെ തന്നെ സിപിഎമ്മിന് പ്രധാനപ്പെട്ടതാണ് ബിജെപിയെ വോട്ടുകളുടെ എണ്ണത്തില്‍ മറികടക്കുക എന്നതും. 2016-ലെ ത്രികോണ മത്സരത്തില്‍ സിപിഎമ്മിനേക്കാള്‍ 3200 വോട്ടുകള്‍ അധികം നേടി ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് പാര്‍ട്ടിയേയും എല്‍ഡിഎഫിനേയും ഞെട്ടിച്ചിരുന്നു. ഈ നാണക്കേട് മാറ്റുക എന്നതും പ്രശാന്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.

മൂന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെടുന്നതിന്‍റെ അപകടം അറിയാവുന്നതിനാല്‍ തന്നെ എണ്ണയിട്ട യന്ത്രം പോലെയാണ് വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് പ്രചാരണസംവിധാനം മുന്നോട്ട് നീങ്ങുന്നത്. ആദ്യഘട്ട പ്രചാരണത്തില്‍ ബിജെപിയേക്കാളും യുഡിഎഫിനേക്കാളും ബഹുദൂരം മുന്നിലായിരുന്നു എല്‍ഡിഎഫ്.

അഡ്വ. എസ് സുരേഷ് (ബിജെപി)

ദീര്‍ഘനാളായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന എസ് സുരേഷ് സമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്താല്‍ വട്ടിയൂര്‍ക്കാവിലേക്ക് അനുയോജ്യനായ സ്ഥാനാര്‍ഥിയാണ്. മികച്ച സംഘാടകന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട് എന്നാല്‍ വട്ടിയൂര്‍ക്കാവ് സീറ്റിലേക്ക് ആദ്യം തൊട്ടേ പറഞ്ഞു കേട്ട പേര് കുമ്മനം രാജശേഖരന്‍റേതാണ്.

മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള കുമ്മനത്തെ അവസാനനിമിഷം വെട്ടി സുരേഷിനെ ഇറക്കിയത് പല ബിജെപി പ്രവര്‍ത്തകര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍ പരസ്യമായി പ്രഖ്യാപിച്ച ശേഷമാണ് ട്വിസ്റ്റുണ്ടായത്.

കുമ്മനത്തിന്‍റെ പേരില്‍ പോസ്റ്റര്‍ വരെ അച്ചടിച്ച ശേഷം ഉണ്ടായ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി മാറ്റം എ പ്ലസ് മണ്ഡലം പിടിക്കാനിറങ്ങിയ ബിജെപിക്ക് അപ്രതീക്ഷി അടിയായി മാറി. അപകടം തിരിച്ചറിഞ്ഞ നേതൃത്വം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല നല്‍കി കുമ്മനത്തെ രംഗത്തിറക്കി. സ്ഥാനാര്‍ത്ഥിക്കൊപ്പം ആദ്യാവസാനം ഒപ്പം നിന്ന കുമ്മനം കടകംപ്പള്ളിക്കെതിരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി പ്രചാരണം കൊഴുപ്പിക്കുകയും ചെയ്തു.

അതേസമയം ഒപ്പം നില്‍ക്കുമെന്നോ സമദൂരം പറഞ്ഞ് മാറി നില്‍ക്കുമെന്നോ പ്രതീക്ഷിച്ച എന്‍എസ്എസ് യുഡിഎഫ് പരസ്യപിന്തുണ നല്‍കിയതും വോട്ടുപിടിക്കാനിറങ്ങിയതും ബിജെപി ക്യാംപിന് ഷോക്കായിട്ടുണ്ട്. എന്‍എസ്എസ് ഇടപെടല്‍ മറികടക്കാന്‍ സ്വന്തം നിലയ്ക്ക് സ്ക്വാഡിനെ ഇറക്കിയിരിക്കുകയാണ് ബിജെപി. ആര്‍എസ്എസ് പൂര്‍വ്വാധികം ശക്തിയായി ഒപ്പം നില്‍ക്കാത്തതും ബിജെപി ക്യാംപില്‍ അസ്വരാസ്യം സൃഷ്ടിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios