Asianet News MalayalamAsianet News Malayalam

'സമുദായ പോപ്പിനൊപ്പം തുള്ളുന്നവര്‍ ഇന്നില്ല, ജന്മനാ തലച്ചോറ് ശുഷ്കമായവരുടെ തലമണ്ടയില്‍ കറുത്ത ചായത്തിന്‍റെ മണം മാത്രം'; വിഎസ്

ബിജെപിക്കും അവരുടെ ബി ടീമായ യുഡിഎഫിന് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലെന്നും അവരുടെ വിഷയം ശബരിമല മാത്രമാണെന്നും വി എസ്

vs achuthanandan reply to nss and k sudhakaran
Author
Thiruvananthapuram, First Published Oct 19, 2019, 11:55 AM IST

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായ വിഎസ് അച്യുതാനന്ദന്‍ എന്‍ എസ് എസിനും കെ സുധാകരനും മറുപടിയുമായി രംഗത്തെത്തി. ഇന്നലെ വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിന് വേണ്ടി പ്രചാരണത്തിനെത്തിയ വി എസ് ഇന്ന്  ഫേസ്ബുക്കിലൂടെയാണ് എതിരാളികള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. എന്‍ എസ് എസിന്‍റെ 'ശരിദൂര'ത്തെ ആദ്യം വിമര്‍ശിച്ച വി എസ്, സുധാകരന്‍റെ ആക്ഷേപത്തിന് അതേ ഭാഷയില്‍ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്.

ബിജെപിക്കും അവരുടെ ബി ടീമായ യുഡിഎഫിന് ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലെന്നും അവരുടെ വിഷയം ശബരിമല മാത്രമാണെന്നും വി എസ് അഭിപ്രായപ്പെട്ടു. എന്‍ എസ് എസ്സാണ് പ്രതിപക്ഷത്തിന്‍റെ കച്ചിത്തുരുമ്പെന്ന് ചൂണ്ടികാട്ടിയ വി എസ്, ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്നാണ് സുധാകരനുള്ള മറുപടിയായി വി എസ് ഫേസ്ബുക്കില്‍ കുറിച്ചത്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോയെന്നും വി എസ് വിവരിച്ചു

വിഎസിന്‍റെ കുറിപ്പ്

ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വലിയ ആശങ്കയുണ്ട്. ഇത് ഞാന്‍ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. എന്‍റെ ചുറ്റിലും യുഡിഎഫ് നേതാക്കള്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കണ്ടിട്ടും കേട്ടിട്ടുമാണ്.

അസാധാരണമായ പ്രളയത്തിന് കേരളം തുടര്‍ച്ചയായി ഇരയായി. കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ കയ്മെയ് മറന്ന് പ്രളയത്തെ നേരിട്ടു. സര്‍ക്കാര്‍ ആവുംവിധം പിന്തുണ നല്‍കി. ഒരു പരിധിവരെ നാം പ്രളയത്തെ അതിജീവിച്ചു. ഈ അതിജീവനത്തിന് ജനങ്ങള്‍ മാര്‍ക്ക് നല്‍കുക പ്രതിപക്ഷത്തിനല്ല, മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാരിനാണ്.

ഇന്ത്യ ഇന്ന് വലിയ സാമ്പത്തിക കുഴപ്പത്തിലാണ്. നമ്മുടെ ഉല്‍പ്പാദനം കുറഞ്ഞിരിക്കുന്നു. വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നു. ഐഎംഎഫിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് അടക്കം ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നു.

എന്നാല്‍, ബിജെപിയുടെ ബി ടീമായ യുഡിഎഫിന് താല്‍പ്പര്യം അതിലൊന്നുമല്ല. അതൊന്നും അവര്‍ക്ക് വിഷയമേയല്ല. അവരുടെ വിഷയം ശബരിമലയാണ്. ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് വാദിച്ചതും അതിനായി കേസ് കൊടുത്തതും ലേഖനമെഴുതിയതും ബിജെപിയാണ്. അവരുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ച് ഉത്തരവായപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തതും ബിജെപിയാണ്, ആ ഉത്തരവ് നടപ്പാക്കിയപ്പോള്‍ അതിനെതിരെ സമരാഭാസം നടത്തിയത് ബിജെപിയും യുഡിഎഫും സംയുക്തമായാണ്.

എന്‍.എസ്.എസ്സാണ് പ്രതിപക്ഷത്തിന്‍റെ കച്ചിത്തുരുമ്പ്. ഏതോ സമുദായ പോപ്പ് പറയുന്നതിനനുസരിച്ച് തുള്ളുന്ന സമുദായങ്ങള്‍ ഇന്നില്ല എന്നെങ്കിലും ഇവര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. ആര്‍ജവമുണ്ടെങ്കില്‍ കേരളത്തിന്‍റെ വികസന മുന്നേറ്റത്തെക്കുറിച്ച് ഇവര്‍ പറയുമായിരുന്നു. സാമൂഹ്യ സുരക്ഷാ നടപടികളെക്കുറിച്ച് പറയുമായിരുന്നു. അത്തരം ചര്‍ച്ചകളിലേക്ക് അവര്‍ വരില്ല. ഇവര്‍ക്കൊന്നും ജനകീയ പ്രശ്നങ്ങള്‍ പറയാനില്ല എന്നര്‍ത്ഥം.

ജന്മനാ തലച്ചോറ് ശുഷ്കമായ ചില തലനരയ്ക്കാനനുവദിക്കാത്ത വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണ്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുക. പക്ഷെ വറ്റിവരണ്ട തലമണ്ടയില്‍നിന്ന് കറുത്ത ചായത്തിന്‍റെ മണമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.

 

Follow Us:
Download App:
  • android
  • ios