Asianet News MalayalamAsianet News Malayalam

'ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരൻ ‌കേന്ദ്രമന്ത്രിയാകും': രമേശ് ചെന്നിത്തല

തൃശൂരില്‍ മുരളീധരന്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫിനാണ് വിജയം. ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മോദി വീണ്ടും വരാനുള്ള സാധ്യതയില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു മോദി തരംഗവും ഇന്ത്യയിലില്ല. 

'K Muralidharan will become Union Minister if India Front comes to power': Ramesh Chennithala
Author
First Published Apr 15, 2024, 6:02 PM IST

തൃശൂര്‍: ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ കെ മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുന്‍ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ മുരളീധരന്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫിനായിരിക്കും വിജയമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യാ മുന്നണി അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. മോദി വീണ്ടും വരാനുള്ള സാധ്യതയില്ലെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഒരു മോദി തരംഗവും ഇന്ത്യയിലില്ല. 2004ല്‍ ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണമുണ്ടായിട്ടും യുപിഎയാണ് അധികാരത്തിലെത്തിയത്. സമാനമാണ് കാര്യങ്ങള്‍. ബിജെപി ഒരു വര്‍ഗീയ പാര്‍ട്ടിയാണന്നു ജനങ്ങള്‍ക്കറിയാം. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം തെളിഞ്ഞുവരികയാണ്. പലയിടത്തും നല്ല സീറ്റുകള്‍ ലഭിക്കും. മോദി എത്ര തവണ കേരളത്തില്‍ വരുന്നുവോ അത്രയും കോണ്‍ഗ്രസിന് വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് മാത്രമാണ് ബിജെപിക്കെതിരായ മതേതര ശക്തി. കേരളത്തില്‍ മാത്രമുള്ള എല്‍ഡിഎഫിനു വോട്ട് ചെയ്തതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങള്‍ക്കറിയാം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഒരേപോലെ വര്‍ഗീയധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മതവിഭാഗങ്ങളെ കൂട്ടുപിടിക്കാനാണവര്‍ ശ്രമിക്കുന്നത്. എസ്ഡിപിയുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. അവരുടെ വോട്ടും വേണ്ട എന്ന് ചോദ്യത്തിനു മറുപടിയായി പറഞ്ഞു. എന്നാല്‍ പിഡിപിയുടെ പിന്തുണ വേണ്ടെന്നു ഇതുവരെയും സിപിഎം പറഞ്ഞിട്ടില്ല. കേരളത്തിലെ സര്‍ക്കാരിനെ വിലയിരുത്തുന്നവര്‍ എല്‍.ഡി.എഫിനു വോട്ട് ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, പെന്‍ഷനില്ല. 52 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ പോലുമില്ല. യാതൊരു വികസനപ്രവര്‍ത്തനവും നടക്കുന്നില്ല. എല്‍.ഡി.എഫ്. സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. അതുകൊണ്ട് ഭരണനേട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനേ അദ്ദേഹത്തിനു നേരമുള്ളൂ. എന്നാല്‍ മോദിയുടെ പേരു പറഞ്ഞ് ഒരു വിര്‍ശനം പോലുമില്ല. രാഹുല്‍ഗാന്ധി ഇന്ത്യാമുന്നണിയുടെ മുഖമാണ്. രാഹുലിനെ വിമര്‍ശിക്കുന്നതുവഴി മോദിയെ തൃപ്തിപ്പെടുത്താനാണ് ശ്രമം.

സിപിഎം.-ബിജെപി അന്തര്‍ധാരയുടെ പ്രതിഫലനമാണിത്. കരുവന്നൂരില്‍ അന്വേഷണം നടത്തും. അറസ്റ്റുണ്ടാവില്ല. ഒരു നടപടിയുമുണ്ടാവില്ല. മേയറുടെ പ്രസ്താവനയും അന്തര്‍ധാര ഉണ്ടെന്നാണ് ഉറപ്പിക്കുന്നത്. നരേന്ദ്ര മോദി പറയുന്നതാണ് പിണറായി ആവര്‍ത്തിക്കുന്നത്. അവരുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. വയനാട്ടിലേത് പ്രത്യേക തരത്തിലുള്ള പ്രചാരണരീതിയാണെന്ന് കൊടികള്‍ ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. പ്രതാപന്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥിയാവാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നതാണെന്നും പ്രത്യേക സാഹചര്യത്തില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുരളീധരനെ തൃശൂരില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കുറച്ചാളുകള്‍ ബിജെപിയില്‍ പോയതുകൊണ്ടൊന്നും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു തൃശൂരില്‍ ഏതാനും പേര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചുള്ള ചെന്നിത്തലയുടെ പ്രതികരണം.

'വെറുപ്പിന്‍റെ പ്രത്യയ ശാസ്ത്രം ഇവിടെ വിലപ്പോവില്ല'; പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios