Asianet News MalayalamAsianet News Malayalam

തീ കൊളുത്തിക്കൊല്ലുന്ന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിന് ഉത്തരവാദിത്വമുണ്ട്: ഡിജിപി

കാക്കനാടിൽ ഉണ്ടായ സംഭവം വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അഞ്ചു നിമിഷത്തെ ആവേശത്തിൽ നഷ്ടമായത് രണ്ട് ചെറുപ്പക്കാരുടെ ജീവനാണ്. ഇത് വളരെയധികം വിഷമുണ്ടാക്കുന്നതാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. 

17 yeras old girl set on fire by a youth at kakkanad DGP Lokanath Behera responses
Author
Kakkanad, First Published Oct 10, 2019, 12:23 PM IST

കാക്കനാട്: പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലുന്ന സംഭവങ്ങൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തിൽ ഇത്തരം സംഭവങ്ങൾ മുമ്പ് ഉണ്ടായിരുന്നില്ലെന്നും ഇത് സാമൂഹികസ്ഥിതിയിലുണ്ടായ മാറ്റമാണെന്നും ഡിജിപി പറഞ്ഞു. എറണാകുളം കാക്കനാടില്‍ പതിനേഴുകാരിയെ പെട്രോളോഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസ് മാത്രം വിചാരിച്ചാൽ കഴിയില്ല. സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും ഇടപെടൽ ‌അത്യാവശ്യമാണ്. ലോകത്ത് എവിടെ വേണമെങ്കിലും ഇത്തരം കൊലപാതകങ്ങൾ നടക്കാം. പക്ഷെ നമ്മുടെത് നല്ലൊരു സമൂഹ​മാണ്. അതുകൊണ്ട് ഇത്തരം സംഭവങ്ങൾ നടക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.

Read More:കൊച്ചിയില്‍ പെണ്‍കുട്ടിയെ അഗ്നിക്കിരയാക്കിയത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്; കൊടും ക്രൂരത

കാക്കനാടിൽ ഉണ്ടായ സംഭവം വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. അഞ്ചു നിമിഷത്തെ ആവേശത്തിൽ നഷ്ടമായത് രണ്ട് ചെറുപ്പക്കാരുടെ ജീവനാണ്. ഇത് വളരെയധികം വിഷമുണ്ടാക്കുന്നതാണ്. ഇതൊന്നുമല്ല ജീവിതത്തിന്റെ അവസാനം. ജീവൻ വളരെ വിലപ്പെട്ടതാണ്. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനെന്ന നിലയിൽ അന്വേഷണത്തിനുള്ളതെല്ലാം ചെയ്യും. എന്നാൽ ഇത്തരം കൊലപാതകങ്ങൾ നടക്കാതിരിക്കാൻ ഒരു മനുഷ്യനെന്ന നിലയിൽ ജനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഇന്ന് പുലർച്ചെയാണ് കാക്കാനാട് വീട്ടിൽ അതിക്രമിച്ച് കയറി പറവൂർ പല്ലംതുരുത്തി സ്വദേശി മിഥുൻ പെൺകുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ദേവിക തൽക്ഷണം മരിച്ചു. പ്ലസ് വൺ വിദ്യാർഥിനിയാണ് ദേവിക.

സാരമായി പൊള്ളലേറ്റ മിഥുനിനെ (27) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. രക്ഷപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ പെൺകുട്ടിയുടെ അച്ഛനും ആശുപത്രിയിലാണ്.

അതേസമയം, ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിന്റെ നടുക്കത്തിലാണ് കാക്കനാട്ടെ നാട്ടുകാർ. പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് അകന്ന ബന്ധുതന്നെയാണെന്ന് സ്ഥലത്തെത്തിയ തൃക്കാക്കര കൗൺസിലർ സ്മിത സണ്ണി പറഞ്ഞു. സംഭവത്തിൽ പൊലീസ് സമഗ്രാന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്ന് മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച പിടി തോമസ് എംഎൽഎ പറഞ്ഞു.  
 
  

  

Follow Us:
Download App:
  • android
  • ios