Asianet News MalayalamAsianet News Malayalam

സർക്കാർ ഉദ്യോഗസ്ഥർ ഓഫീസിൽ എത്തുമ്പോൾ കൈയിൽ എത്ര പണമുണ്ടെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തണം; സർക്കുലർ പുറത്തിറക്കി

സംസ്ഥാനത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സർക്കാർ ഓഫിസുകളിൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു

all government employees in the state should declare the amount they have in hand while entering the office
Author
First Published May 9, 2024, 4:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് സർക്കുലർ. പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിർദേശം.

ഉദ്യോഗസ്ഥർ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും വിവരങ്ങൾ ഇങ്ങനെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും ഉറപ്പുവരുത്തണമെന്നും പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സംസ്ഥാനത്ത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ സർക്കാർ ഓഫിസുകളിൽ ഈ രജിസ്റ്ററുകൾ സൂക്ഷിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

കഴി‌ഞ്ഞ ദിവസം സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ  വിജിലൻസിന്റെ മിന്നൽ പരിശോധന നടന്നിരുന്നു. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം  ചെയ്തിട്ടുള്ളതുമായ  ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി ഇനം മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios