Asianet News MalayalamAsianet News Malayalam

അനീഷ്യയുടെ മരണം; സർക്കാർ അഭിഭാഷകരുടെ സംഘടനയിൽ ഭിന്നത രൂക്ഷം, കോടതി ബഹിഷ്കരിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

ക്രൈംബ്രാഞ്ച് സംഘം വീടുകളിൽ പരിശോധനക്ക് എത്തിയതോടെ സംഘടനയുടെ മട്ടുമാറി. റെയ്ഡ് ചെയ്ത രീതി ശരിയായില്ലെന്ന് ഡിജിപിക്ക് പരാതി നൽകാനും പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപക അവധിക്കും ഭാരവാഹികൾ ആഹ്വാനം ചെയ്തു. 

app aneeshya death case dispute in government lawyers' association regarding support to accused
Author
First Published Apr 17, 2024, 10:16 AM IST

കൊല്ലം: അസിസ്റ്റൻറ് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ പ്രതിചേർക്കപ്പെട്ടവരെ പിന്തുണച്ച നേതൃത്വത്തിന്‍റെ നടപടിക്കെതിരെ സർക്കാർ അഭിഭാഷകരുടെ സംഘടനക്കുള്ളിൽ ഭിന്നത രൂക്ഷം. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോടതി ബഹിഷ്ക്കരിക്കാനുള്ള തീരുമാനം സംഘടന ഉപേക്ഷിച്ചു. അതേസമയം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിചേർത്തവരുടെ വീടുകളിൽ നടന്ന റെയ്ഡിന്‍റെ ശൈലിയെയാണ് എതിര്‍ത്തതെന്നും അനീഷ്യയുടെ കുടുംബത്തോടൊപ്പം തന്നെയാണെന്നുമാണ് അസിസ്റ്റൻറ് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ ഭാരവാഹി പറയുന്നത്.

പരവൂർ കോടതിയിലെ അസിസ്റ്റന്‍റ് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകരായിരുന്ന രണ്ട് പ്രോസിക്യൂട്ടർമാരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി. ക്രൈംബ്രാഞ്ച് സംഘം വീടുകളിൽ പരിശോധനക്ക് എത്തിയതോടെ സംഘടനയുടെ മട്ടുമാറി. റെയ്ഡ് ചെയ്ത രീതി ശരിയായില്ലെന്ന് ഡിജിപിക്ക് പരാതി നൽകാനും പ്രതിഷേധ സൂചകമായി സംസ്ഥാന വ്യാപക അവധിക്കും ഭാരവാഹികൾ ആഹ്വാനം ചെയ്തു. 

ഒരു ഭാഗത്ത് അന്വേഷണത്തെ സ്വാഗതം ചെയ്യുമ്പോള്‍ അന്വേഷണ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് അനീഷ്യയുടെ കുടുംബത്തോട് കാണിക്കുന്ന അനീതിയാണെന്ന് സംഘടനക്ക് അകത്ത് അഭിപ്രായം ഉയര്‍ന്നതോടെ നേതൃത്വം വെട്ടിലായി. ഇതോടെ കോടതി ബഹിഷ്കരണ തീരുമാനം പിൻവലിച്ചു. ക്രിമിനൽ സംഘങ്ങളുടെ വീട്ടിൽ കയറി പരിശോധന നടത്തിയതുപോലെയുള്ള നടപടിയെ മാത്രമാണ് എതിർത്തതെന്നാണ് ഭാരവാഹികള്‍ ഇപ്പോള്‍ പറയുന്നത്. 

ആനക്കുളത്ത് വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവർഷം, മദ്യപസംഘം അറസ്റ്റിൽ

അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണവുമായി മുന്നോട്ടുപോവുകയാണ്. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കപ്പെട്ടവർക്കെതിരെ കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന ആരോപണത്തെയും ക്രൈംബ്രാഞ്ച് തളളുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios