Asianet News MalayalamAsianet News Malayalam

വനിതാ ടിടിഇയെ ആക്രമിച്ച സംഭവം; പ്രതി ആലുവ സ്വദേശി, കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം

സ്ത്രീ എന്ന നിലയിൽ തന്നെ യാത്രയ്ക്കാരുടെ മുന്നിൽ വെച്ച് പ്രതി അവഹേളിച്ചെന്ന് രജനി ഇന്ദിര ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു.

attack against women  tte in Thiruvananthapuram Chennai mail train case only for obstructing duty
Author
First Published Apr 23, 2024, 9:18 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ചെന്നൈ മെയിലില്‍ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതിക്കെതിരെ കേസെടുത്തത് ഡ്യൂട്ടി തടസപ്പെടുത്തിയതിന് മാത്രം. സ്ത്രീ എന്ന നിലയിൽ തന്നെ യാത്രയ്ക്കാരുടെ മുന്നിൽ വെച്ച് പ്രതി അവഹേളിച്ചെന്ന് രജനി ഇന്ദിര ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു. പ്രതി തല്ലാൻ വന്നപ്പോൾ യാത്രക്കാർ പിടിച്ച് മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പ്രതികരിച്ചു. എന്നാല്‍, നിസാര സംഭവം മാത്രമാണെന്നാണ് റെയിൽവേ പൊലീസിന്റെ ന്യായീകരണം. സംഭവം മാധ്യമങ്ങൾ ഊതിപ്പെറുപ്പിക്കുന്നുവെന്നും റെയിൽവേ പൊലീസ് വാദിക്കുന്നു.

വനിതകളുടെ ബെര്‍ത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആലുവ സ്വദേശി റോജി ചന്ദ്രനാണ് ടിടിഇ രജിനി ഇന്ദിരയെ യാത്രക്കാരുടെ മുന്നില്‍ വെച്ച് അവഹേളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട  ചെന്നൈ മെയില്‍ കൊല്ലം സ്റ്റേഷന് എത്താറായപ്പോഴായിരുന്നു സംഭവം. പ്രതി മൊബൈല്‍ ഫോണില്‍ വീഡിയോ എടുക്കാൻ ശ്രമിച്ചു. തല്ലാന് ശ്രമിച്ചപ്പോള്‍ മറ്റ് യാത്രക്കാര്‍ പിടിച്ചു മാറ്റുകയായിരുന്നുവെന്നും രജനി ഇന്ദിര പറഞ്ഞു. ‍കൊല്ലത്ത് ട്രെയിന് എത്തിയപ്പോള്‍ റെയില്‍വേ സംരക്ഷണ സേനയും റെയില്‍വേ പൊലീസും വളരെ ലാഘവത്തോടെയാണ് പെരുമാറിയതെന്നും പ്രതിക്കെതിരെ തുടക്കത്തില്‍ ഒരു നടപടിയും എടുക്കാതെ ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോകുകയാണ് പൊലീസുകാര്‍ ചെയ്തതെന്നും രജനി ഇന്ദിര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തങ്ങള്‍ക്ക് പ്ലാറ്റ്ഫോം ഡ്യൂട്ടി മാത്രമേ ഉള്ളൂ എന്നായിരുന്നു ന്യായീകരണം.

കായംകുളം എത്തുമ്പോഴേക്കും നടപടി എടുത്തില്ലെങ്കിൽ ട്രെയിൻ പിടിച്ചു നിർത്തുമെന്നും രജനി കോമർഷ്യൽ വിഭാഗത്തിൽ വിളിച്ച് മുന്നറിയിപ്പ് നല്‍കി. തുടർന്നാണ് കായംകുളത്ത് വെച്ച് റോജി ചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇയാള്‍ക്കെതിരെ ജോലി തടസ്സപ്പെടുത്തിയെന്ന് കുറ്റം മാത്രമേ റെയില്‍ വേ പൊലീസ് ചുമത്തിയിട്ടുള്ളൂ. സ്ത്രീത്വത്തെ അവഹേളിക്കുന്ന രീതിയില്‍ പെരുമാറിയിട്ടും തല്ലാന്‍ ശ്രമിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. ഇത് നിസ്സാര സംഭവം മാത്രമെന്നാണ് റെയില്‍വേ പൊലീസിന്‍റെ ന്യായീകരണം. 

Follow Us:
Download App:
  • android
  • ios