Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് വെടിവയ്പ്പ്: കടുത്ത നിലപാടിൽ ഉറച്ച് മുഖ്യമന്ത്രിയും സിപിഐയും, എൽഡിഎഫിൽ പ്രതിസന്ധി

 അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ വെടിവയ്പ്പിനെതിരെയും പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനേയും അതിശക്തമായ ഭാഷയിൽ സിപിഐ വിമര്‍ശിക്കുമ്പോൾ മുഖ്യമന്ത്രി പൊലീസിനെ പൂര്‍ണ്ണമായും ന്യായീകരിക്കുന്നു. 

.

attappadi Maoist attack cm pinarayi vijayan and cpi stand strongly, crisis in LDF
Author
Trivandrum, First Published Nov 5, 2019, 12:54 PM IST

തിരുവനന്തപുരം: മാവോയിസ്റ്റ് നിലപാടിനെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ നേതൃത്വവും പരസ്യമായി കൊമ്പ് കോര്‍ക്കുമ്പോൾ പ്രതിരോധത്തിലായി ഇടത് മുന്നണി. അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾക്കെതിരായ  വെടിവയ്പ്പിനെതിരെയും പന്തീരാങ്കാവിൽ രണ്ട് സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനേയും അതിശക്തമായ ഭാഷയിൽ സിപിഐ വിമര്‍ശിക്കുമ്പോൾ മുഖ്യമന്ത്രിയാകട്ടെ പൊലീസിനെ പൂര്‍ണ്ണമായും ന്യായീകരിക്കുകയാണ്. ഇതിനിടക്ക് അട്ടപ്പാടിയിലെ പൊലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനം എഴുതുക കൂടി ചെയ്തതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങൾ രൂക്ഷമായി. 

വാളയാറിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികൾക്കുള്ള നീതിയിൽ  തുടങ്ങി മാവോയിസ്റ്റ് വെടിവയ്പിലൂടെ യുഎപിഎയിലെത്തി നില്‍ക്കുന്ന വിവാദങ്ങളിൽ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഒരു വശത്തും സിപിഐ മറുവശത്തുമായി നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. യുഎപിഎക്കെതിരെ ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം നടത്തിയ പാര്‍ട്ടി സിപിഎമ്മാണ് എന്നിരിക്കെ  ആ പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുത്തത് സിപിഎം നേതൃത്വത്തിന് ശരിക്കുമൊരു തലവേദനയാണ്. 

എംഎ ബേബി അടക്കമുള്ള സിപിഎം നേതാക്കളും തോമസ് ഐസക് അടക്കം മന്ത്രിസഭാ അംഗങ്ങളും എല്ലാം പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിക്കുന്നത് പ്രതിപക്ഷത്തിന് പോലും സര്‍ക്കാരിനും മുന്നണിക്കുമെതിരായ ആയുധമാണ്. ഇതിനിടെയാണ് സമാന വിഷയത്തിൽ സിപിഐയുടെ തുറന്ന യുദ്ധ പ്രഖ്യാപനം. മാവോയിസ്റ്റുകള്‍ നാടിന് ആപത്താണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നീക്കമെന്നും വ്യാഖ്യാനിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കൂടി രംഗത്തെതത്തിയത് കാര്യങ്ങള്‍ വഷളാക്കി.

ഇത്തരമൊരു ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറിക്ക് ആര് അധികാരം നല്‍കിയെന്നാണ് സിപിഐ ചോദിക്കുന്നത്. ഇതേ ചോദ്യമാണ് നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷവും ഉന്നയിക്കുന്നത്. ചീഫ് സെക്രട്ടറിയാണോ സംസ്ഥാനം ഭരിക്കുന്നതെന്ന ചോദ്യവും മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചാണ്.

അതേസമയം പ്രതിപക്ഷത്തേക്കാള്‍ കടുത്ത ഭാഷയില്‍ സിപിഐ രംഗത്തെത്തുമ്പോഴും  ഒരു വിട്ടുവീഴചക്കും തയ്യാറല്ലെന്ന സൂചന നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.  അറസ്റ്റിലായവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുകയും ചെയ്യുന്നു ആഭ്യന്തരവകുപ്പ്, ഫലത്തിൽ  സമീപകാലത്തൊന്നുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധിയിലാണ് എല്‍ഡിഎഫ് നേതൃത്വം.

Follow Us:
Download App:
  • android
  • ios