Asianet News MalayalamAsianet News Malayalam

അയോധ്യയില്‍ അനുനയ നീക്കവുമായി ആര്‍എസ്എസും ബിജെപിയും; മുസ്ലിം നേതാക്കളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു

ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ കൂടി സാന്നിധ്യത്തിൽ മുസ്ലിം നേതാക്കളുമായുള്ള ചർച്ചകൾ ദില്ലിയിൽ തുടങ്ങി

Ayodhya case  rss-bjp invite Muslim leaders for settlement talk
Author
Thiruvananthapuram, First Published Nov 5, 2019, 1:10 PM IST

ദില്ലി: അയോധ്യയിൽ നാലായിരത്തിലധികം അർദ്ധസൈനികരെ നിയോഗിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. അയോധ്യയിലെ തർക്കഭൂമിയുടെ ഉടമസ്ഥവകാശം ആർക്കെന്ന് സുപ്രീംകോടതി അടുത്തയാഴ്ച വിധി പറയും. വിധിക്കു മുമ്പുള്ള സാഹചര്യം ആർഎസ്എസ്-ബിജെപി നേതാക്കളുടെ യോഗം വിലയിരുത്തിയിരുന്നു. അമിതാവേശം പാടില്ലെന്ന് അണികൾക്ക് സംഘപരിവാർ നിർദ്ദേശം നല്കി.

ഇതിന് പിന്നാലെയാണ് പ്രമുഖ മുസ്ലിം നേതാക്കളെ കാണാനുള്ള തീരുമാനം. ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയുടെ കൂടി സാന്നിധ്യത്തിൽ മുസ്ലിം നേതാക്കളുമായുള്ള ചർച്ചകൾ ദില്ലിയിൽ തുടങ്ങി. ജമാഅത്ത് ഉലമ തലവൻ സയദ് അർഷദ് മദനി ഉൾപ്പടെ ചില മതപണ്ഡിതർ കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. അയോധ്യയെ ഹിന്ദു മുസ്ലിം വിഷയമായി ഇനിയും കാണരുതെന്നും ചരിത്രത്തിലെ തെറ്റ് തിരുത്താനുള്ള ശ്രമമായി പരിഗണിക്കണമെന്നും മുസ്ലിം സംഘടനകളോട് ആവശ്യപ്പെടും. എന്നാൽ കോടതിവിധി വരാനിരിക്കെ ആർഎസ്എസ് നീക്കത്തെ സംശയത്തോടെയാണ് മുസ്ലിം വ്യക്തിനിയമബോർഡ് കാണുന്നത്. 

അയോധ്യയിൽ അർദ്ധസൈനിക വിഭാഗത്തെ നിയോഗിക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം സ്ഥിതി വിലയിരുത്തി. നാലായിരം സുരക്ഷാസൈനികരെ നിയോഗിക്കാനാണ് തീരുമാനം. വിധി എന്നുണ്ടാവും എന്ന കാര്യത്തിൽ ഇതുവരെ സുപ്രീംകോടതിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios