Asianet News MalayalamAsianet News Malayalam

'ലേഖനം എഴുതാൻ അനുമതിയുടെ ആവശ്യമില്ല': ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: മുഖ്യമന്ത്രിയെ തള്ളി കാനം

  • ലേഖനം ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം എന്ന് മുഖ്യമന്ത്രി
  • ലേഖനം അങ്ങോട്ട് ആവശ്യപ്പെട്ട് എഴുതി വാങ്ങിച്ചതെന്ന് കാനം രാജേന്ദ്രൻ
C M Justifies article of chief secretary on Maoist encounter and kanam rajendran denies it
Author
Trivandrum, First Published Nov 6, 2019, 12:14 PM IST

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലേഖനം എഴുതാൻ അനുമതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ലേഖനം എഴുതാൻ അനുമതി വാങ്ങിയിട്ടില്ലെന്നും നിയമസഭയിൽ പറഞ്ഞു. ലേഖനം ടോം ജോസിന്റെ വ്യക്തിപരമായ അഭിപ്രായം ആണ്. അത് അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. 

ചീഫ് സെക്രട്ടറിയുടെ ലേഖനം അനുചിതമെന്നും സർക്കാർ നിലപാട് വ്യക്തമാക്കണം എന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യത്തിന് മറുപടിയായാണ് ചീഫ് സെക്രട്ടറിയെ ന്യായീകരിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വന്നത്. ഇന്നലെയും പ്രതിപക്ഷനേതാവ് ലേഖനത്തിൽ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ലേഖനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു സഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

Read More: സര്‍ക്കാര്‍ അനുമതിയോടെയാണോ ലേഖനമെന്ന് മുഖ്യമന്ത്രി പരിശോധിക്കണം; ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് കാനം

എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി. ലേഖനം അങ്ങോട്ട് ആവശ്യപ്പെട്ട് എഴുതിയതാണ് എന്ന് കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലേഖനം വ്യക്തിപരമല്ല. മാവോയിസ്റ്റ് ഏറ്റുമുട്ടൽ കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന സാഹചര്യത്തിൽ ഇത് കോടതി അലക്ഷ്യമാണെന്നും നടപടി വേണമെന്നും കാനം ആവശ്യപ്പെട്ടു. 

Read More: ലേഖനം എഴുതാൻ ആര് അനുമതി നൽകി ? കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറി അല്ല: തുറന്നടിച്ച് സിപിഐ

മാവോയിസ്റ്റ് വിഷയത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഭരണകക്ഷിയായ സിപിഐ തന്നെയാണ് വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നും ലേഖനം എഴുതാൻ ചീഫ് സെക്രട്ടറിയ്ക്ക് ആരാണ് അനുമതി നൽകുന്നതെന്നും ആയിരുന്നു സിപിഐയുടെ ചോദ്യം. ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവർത്തിക്കുന്ന അവസ്ഥയാണെന്നും സിപിഐ വിമർശിച്ചു. സർക്കാർ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം എന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.

Read More: മാവോയിസ്റ്റ് വെടിവയ്പ്പ്: ടോം ജോസിന്‍റെ ലേഖനം വിവാദത്തിൽ, വായിച്ചില്ലെന്ന് പിണറായി

മാവോയിസ്റ്റുകൾ തീവ്രവാദികൾ തന്നെയെന്നും ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആയിരുന്നു ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തില്‍ ടോം ജോസ് അഭിപ്രായപ്പെട്ടത്. അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകം വലിയ വിവാദമായതിനിടെയാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തിയത്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ്  നടക്കുന്നതെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് ടോം ജോസ് ലേഖനത്തില്‍ വ്യക്തമാക്കിയത്. 

Read More: മാവോയിസ്റ്റ് വെടിവയ്പ്പ്: കടുത്ത നിലപാടിൽ ഉറച്ച് മുഖ്യമന്ത്രിയും സിപിഐയും, എൽഡിഎഫിൽ പ്രതിസന്ധി

ലേഖനത്തിൽ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചതോടെ സിപിഐ-സിപിഎം പോര് വീണ്ടും മുറുകുമെന്നുറപ്പായി. യുഎപിഎ കേസിൽ പ്രതികളായവർക്ക് ജാമ്യം നിഷേധിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് അവർക്ക് ജാമ്യം നിഷേധിക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കാനം തുറന്നു പറഞ്ഞു. സർക്കാരിനെതിരായി തുറന്ന പോരിലേക്ക് സിപിഐ നീങ്ങുമ്പോൾ ,പ്രതിപക്ഷ ആരോപണത്തേക്കാൾ സർക്കാരിനത് വെല്ലുവിളിയാകും.
 

Follow Us:
Download App:
  • android
  • ios