Asianet News MalayalamAsianet News Malayalam

അവാർഡ് കിട്ടിയത് പ്രതീക്ഷിക്കാതെ; തീരുമാനിക്കേണ്ടത് അക്കാദമി: കാർട്ടൂണിസ്റ്റ് സുഭാഷ്

കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടേയും വിലയിരുത്തലെന്നും അവാർഡ് പുനഃപരിശോധിക്കുമെന്നും നേമം പുഷ്പരാജ് പറഞ്ഞിരുന്നു

cartoonist subhash kk response on lalitha kala academy awarded cartoon controversy
Author
Thiruvananthapuram, First Published Jun 12, 2019, 2:20 PM IST

തിരുവനന്തപുരം: ലളിതകല അക്കാദമിയുടെ പുരസ്കാരം നേടിയ കാർട്ടൂണിന്‍റെ മേലുണ്ടായ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പുരസ്കാര ജേതാവ് കാർട്ടൂണിസ്റ്റ് സുഭാഷ് കെ കെ. തനിയ്ക്ക് പ്രതീക്ഷിക്കാതെയാണ് അവാർഡ് കിട്ടിയതെന്നും ഇനി തീരുമാനമെടുക്കേണ്ടത് അക്കാദമിയാണെന്നും സുഭാഷ് പറഞ്ഞു. 

കാർട്ടൂൺ മതപരമായ ചിഹ്നങ്ങളെ അവഹേളിച്ചുവെന്നാണ് അക്കാദമിയുടേയും വിലയിരുത്തലെന്നും അവാർഡ് പുനഃപരിശോധിക്കുമെന്നും ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞിരുന്നു. 

അവാർഡ് നിശ്ചയിച്ച കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സർക്കാർ ഈ തീരുമാനത്തിൽ കൈ കടത്തിയിട്ടില്ലെന്നുമായിരുന്നു മന്ത്രി എ കെ ബാലന്‍റെ അഭിപ്രായം. സുഭാഷ് കെ കെ വരച്ച കാർട്ടൂൺ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഏറ്റുവാങ്ങിയത്. 

"മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണ് കാർട്ടൂൺ. ഇത് അംഗീകരിക്കാൻ കഴിയില്ല. അവാർഡ് നിർണയം ലളിതകല അക്കാദമി പുനഃപരിശോധിക്കണം. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും" മന്ത്രി എ കെ ബാലൻ പറഞ്ഞിരുന്നു. 

പൂവൻ കോഴിക്ക് ഫ്രാങ്കോയുടെ മുഖം, കോഴിയുടെ നിൽപ്പ് പൊലീസിന്‍റെ തൊപ്പിക്ക് മുകളിലും തൊപ്പി പിടിക്കുന്നത് പിസി ജോർജ്ജും ഷൊർണ്ണൂർ എംഎൽഎ പികെ ശശിയും എന്നതായിരുന്നു കാർട്ടൂൺ.  

പീഡന കേസിൽ പ്രതിചേർക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ മെത്രാൻ സ്ഥാനീയ ചിഹ്നത്തിൽ അടിവസ്ത്രത്തിന്‍റെ ചിത്രം ചേർത്ത ഈ കാർട്ടൂണിനായിരുന്നു കേരള ലളിത കലാ അക്കാദമി മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം നൽകിയത്. കേരള ശബ്ദത്തിന്‍റെ സഹ പ്രസിദ്ധീകരണമായ ഹാസ്യകൈരളിയിലാണ് കാർട്ടൂൺ പ്രസിദ്ധീകരിച്ചിരുന്നത്. 
 

Follow Us:
Download App:
  • android
  • ios